Follow Us On

23

November

2024

Saturday

‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

ലെയ്‌സെസ്റ്റര്‍/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി  ഐറിഷ് ബിഷപ്പുമാര്‍. കുടിയേറ്റക്കാര്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്.
ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യസേവനങ്ങള്‍ തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് നേരിടുന്ന പല പ്രശ്‌നങ്ങളും പുറത്തുവരാന്‍ കുടിയേറ്റം കാരണമായതായി  ‘ഒരു ലക്ഷം സ്വാഗതങ്ങള്‍?’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ലേഖനത്തില്‍ ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കുടിയേറ്റത്തിന്റെ പരിണിതഫലമല്ലെന്നും കുടിയേറ്റം ഒരു പ്രശ്‌നമായി മാറുന്നതിന് മുമ്പ് തന്നെ ഇവ നിലനിന്നിരുന്നതായും ബിഷപ്പുമാര്‍ ചൂണ്ടിക്കാണിച്ചു.

മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഐറിഷ് ജനതയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 1845നും 1852നുമിടയിലുണ്ടായ ‘വലിയ ക്ഷാമകാലത്ത്’ 20 ലക്ഷത്തോളം അയറിഷുകാരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. മാത്രമല്ല, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രശ്‌നങ്ങള്‍ നിമിത്തം ഐറിഷ് ജനത പ്രശ്‌നക്കാരാണ് എന്ന നിലയില്‍ അവര്‍ കുടിയേറിയ പ്രദേശങ്ങളില്‍ വലിയ വിവേചനത്തിന് ഇരയായി. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിസാഹച്യങ്ങള്‍ തേടി അയര്‍ലണ്ടിലേക്ക് എത്തുന്നവരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുവാന്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.  കേവലം സഹിഷ്ണുതയോടെ അവരോട് പെരുമാറുക മാത്രമല്ല,  ഇവിടെയുള്ള സമൂഹത്തിനും കുടിയേറ്റക്കാര്‍ക്കും പരസ്പരം പരിപോഷിപ്പിക്കുവാന്‍ സാധിക്കുന്ന വിധത്തിലുള്ള പങ്കുവയ്പ്പും കൂടിച്ചേരലുകളും  ഉണ്ടാകണം. അപ്പോള്‍ മാത്രമാണ് കുടിയേറ്റക്കാര്‍ക്ക് ഈ സമൂഹത്തില്‍ ഇഴുകിച്ചേരാനാവുന്നത്.

അയര്‍ലണ്ട് നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കുടിയേറ്റ ജനതക്ക് വലിയ തോതില്‍ സഹായിക്കുവാന്‍ സാധിക്കുമെന്നും ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു. കുടിയേറ്റ ജനതയെ സ്വാഗതം ചെയ്തുകൊണ്ടും അവരുടെ വക്താക്കളായി മാറിക്കൊണ്ടും തുറവിയുടെയും ആതിഥ്യമര്യാദയുടെയും ഐറിഷ് സംസ്‌കാരം തുടരാനും ദൈവത്തിന്റെ അനന്തസ്‌നേഹത്തിന് സാക്ഷ്യം വഹിക്കുവാനും ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം ജനങ്ങള്‍ ഇവിടേക്ക് കുടിയേറിയപ്പോള്‍ 70,000 പേരാണ് അയര്‍ലണ്ട് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?