Follow Us On

23

December

2024

Monday

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
മാനന്തവാടി: വയനാട്ടില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി ജനകീയ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 50 പേര്‍ അടങ്ങുന്ന ടീമിന് രൂപം നല്‍കി. ഇവര്‍ക്കുള്ള പതിനാല് ദിവസത്തെ വിദഗ്ധ   പരിശീലനത്തിന്റെ ആദ്യഘട്ടം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ വിവിധ ദുരന്ത  മേഖലകളിലും യുദ്ധ മേഖലകളിലും കുടിയിറക്കപ്പെട്ടവരുടെ ഇടയിലുമെല്ലാം സ്വാന്തനവുമായി എത്തിയിട്ടുള്ള ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കാര്‍ഫ്  എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള ഏജന്‍സിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
 കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാരിത്താസ് ഇന്ത്യ തുടങ്ങിയ ഏജന്‍സികള്‍ സാങ്കേതിക സഹായം നല്‍കും. കൗണ്‍സലിംഗ്, സാമൂഹ്യ സേവനം എന്നിവയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള 50 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 43 പേര്‍ മാനന്തവാടി  രൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന ക്ലാര, വിമലാലയം, കര്‍മ്മലീത്ത, തിരുഹൃദയം, ക്രിസ്തുദാസി, അഗതികളുടെ സഹോദരിമാര്‍ എന്നീ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റേഴ്‌സ് ആണ്.
അടുത്ത അഞ്ച് മാസം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായം ലഭിക്കും. തുടര്‍ന്ന് മാനന്തവാടി രൂപതയും, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ആദ്യഘട്ടത്തില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് സ്‌കാര്‍ഫ് ചെന്നൈ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെയ്നി ജോസഫ്, സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ഫെലോ ഡോളി ടി.എ എന്നിവര്‍ നേതൃത്വം നല്‍കും.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്‌റ്യന്‍ പാലംപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് പി.കെ കുര്യന്‍, പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, സിസ്റ്റര്‍ അനിലിറ്റ്, സിസ്റ്റര്‍ റെജിന്‍ മാത്യു, സിസ്റ്റര്‍ ലില്ലി മാത്യു, സിസ്റ്റര്‍ ജോസ്മിന്‍, സിസ്റ്റര്‍ റോസ്ന, സിസ്റ്റര്‍ സാലി ആനസ്, ലാലി മാത്യു  എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ജാന്‍സി ജിജോ, ചിഞ്ചു മരിയ, റോബിന്‍ ജോസഫ്, ദീപു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?