ഫാ. റോയ് പാലാട്ടി സിഎംഐ
ബ്രദര്‍ ലോറന്‍സിന്റെ ‘ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ്’ എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ പേജുകളിലൂടെ കടന്നുപോയി. വളരെ എളുപ്പം വായിക്കാവുന്ന ഈ പുസ്തകം വായിച്ചുതീര്‍ക്കുമ്പോള്‍ നാം ചോദിക്കും: ‘എന്തുകൊണ്ട് ഞാനൊരു വിശുദ്ധനാകുന്നില്ല!’
ഹെര്‍മന്‍ എന്നായിരുന്നു ലോറന്‍സിന്റെ പഴയപേര്. പതിനെട്ടു വയസുപ്രായമുള്ളപ്പോള്‍ മഞ്ഞുകൂടിയ ഒരു പ്രഭാതത്തില്‍ ഇലകൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അവന്റെ ശ്രദ്ധയില്‍പെട്ടു. വരാന്‍പോകുന്ന വസന്തത്തില്‍ ഇവയെല്ലാം ഇനിയും ഇലകൊണ്ടുനിറയും, അവന്‍ ചിന്തിച്ചു. ഇതവന് ദൈവസാന്നിധ്യത്തിന്റെ ഒരായിരം തിരികള്‍ നെഞ്ചില്‍ തെളിയുന്ന സമയമായി മാറി. ഇലകൊഴിയുന്ന വൃക്ഷങ്ങള്‍ കതിരണിയുമെങ്കില്‍ ഞാനും ദൈവത്താല്‍ പുതുജീവന്‍ പ്രാപിക്കും. ആത്മീയയാത്രയില്‍ ബ്രദര്‍ ലോറന്‍സ് കടന്നുപോയ അനുഭവങ്ങള്‍ നമുക്കും പ്രചോദനമാകും. വിശുദ്ധിയുടെ പാതയില്‍ യാത്ര ചെയ്യാന്‍ നമ്മെ തടസപ്പെടുത്തുന്ന ഏതാനും കാര്യങ്ങള്‍ കാണുക.
വിശുദ്ധിയുടെ പാതയിലെ
തടസങ്ങള്‍
ഒന്ന്: ദൈവസ്‌നേഹമില്ലാതെ ഞാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ വിശുദ്ധനാകുന്നില്ല. ദൈവത്തിന്റെ പേരിലും ദൈവനാമത്തിലും ഒക്കെയാണ് വിവിധ വേലകളില്‍ ഏര്‍പ്പെടുന്നത്. എന്നിട്ടും ദൈവം പ്രസാദിക്കുന്നില്ല. കാരണം വ്യക്തമാണ്. എന്നില്‍ ദൈവസ്‌നേഹമില്ല. സ്‌നേഹമില്ലാതെ പാട്ടു പാടാം, പ്രാര്‍ത്ഥിക്കാം, കുര്‍ബാന ചൊല്ലാം, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാം, ലേഖനങ്ങള്‍ എഴുതാം, സോഷ്യല്‍ മീഡിയയില്‍ സംവദിക്കാം. ദൈവസ്‌നേഹത്താല്‍ ഞാനിവ ചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും ഇവയ്‌ക്കൊന്നും ദൈവമഹത്വവുമായി കാര്യമായ ബന്ധമില്ല. ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് (2 കോറി. 5:14). സ്‌നേഹത്താല്‍ നിര്‍ബന്ധിക്കപ്പെട്ട് ഒരു കാര്യം നിര്‍വഹിക്കുന്നതും വെറുപ്പോ ദേഷ്യമോ അഹന്തയോ മൂലം ഒരു കാര്യം ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ ദൈവത്തിനെന്നോ സഭയ്‌ക്കെന്നോ പറഞ്ഞ് ചെയ്ത പലതും സത്യത്തില്‍ അങ്ങനെ ആയിരുന്നോ എന്നു കാര്യമായി ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ നാം വിഷമത്തിലാകും. ദൈവഹിതം നിറവേറ്റുക എന്നതിനെക്കാള്‍ എന്റെ ഹിതം നിറവേറ്റി, അതില്‍ സന്തോഷിക്കുക എന്നതാകും പലപ്പോഴും നാം സ്വീകരിച്ച വഴി. സോഷ്യല്‍ മീഡിയയില്‍ തര്‍ക്കത്തിലും ചര്‍ച്ചയിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് നീയെന്നിരിക്കട്ടെ. ദൈവത്തിന്റെ നാമം കളങ്കപ്പെടരുത്, തിരുസഭയുടെ പവിത്രത സൂക്ഷിക്കണം തുടങ്ങിയ ലക്ഷ്യങ്ങളാകും ഉള്ളില്‍ ഉണ്ടാവുക. തീര്‍ച്ചയായും ശ്രേഷ്ഠമായവതന്നെ. ഏതാനും നാളുകള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ ദൈവസ്‌നേഹമോ പരസ്‌നേഹമോ ഇല്ലാതെ ദൈവത്തിനായി നാം വാളെടുത്തെന്നിരിക്കും.
ക്രിസ്തുവിനെ രക്ഷിക്കാന്‍ എന്ന വിധത്തിലാണ് പത്രോസ് മാല്‍ക്കൂസിന്റെ ചെവി വെട്ടിയത് എന്നോര്‍ക്കുക. സ്‌നേഹം പോയാല്‍ പിന്നെ ജഡം മാത്രമേയുള്ളൂ. സ്‌നേഹമില്ലാത്ത സഹവാസങ്ങള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ ഇവയ്‌ക്കൊന്നും ആത്മാക്കളെ നേടാനോ വിശുദ്ധ വഴിയില്‍ ചരിക്കാനോ ആവില്ല. നമ്മുടെ സംതൃപ്തിയല്ല പ്രധാനം. ദൈവത്തിന് ആനന്ദകരമായോ എന്നുള്ളതാണ്. സ്‌നേഹത്തില്‍ ചെയ്യുന്ന എളിയ പ്രവൃത്തിക്ക് സ്‌നേഹമില്ലാതെ ചെയ്യുന്ന വന്‍കാര്യങ്ങളെക്കാള്‍ ദൈവപ്രീതി നേടാനാകും. ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുക എന്ന് വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു.
പ്രാര്‍ത്ഥനക്ക് മാന്ത്രിക
ശക്തിയില്ല
രണ്ട്: ചില ആത്മീയശീലങ്ങളില്‍മാത്രം തങ്ങിനില്‍ക്കുന്ന ക്രിസ്തീയ ജീവിതമാകുന്നു എന്റേത്. അതിനാല്‍ ഞാന്‍ വിശുദ്ധനാകുന്നില്ല. ആത്മീയശീലങ്ങള്‍ ഒരാത്മാവിന്റെ വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടവയാണ്. നമ്മെ ദൈവത്തിലേക്കുയര്‍ത്താനാകുന്നത് പലപ്പോഴും ഇവയിലൂടെയാണല്ലോ. അതേസമയം, ചില ശീലങ്ങളില്‍മാത്രം ആത്മീയത മുഴുവന്‍ കാണാന്‍ ശ്രമിച്ചാല്‍ ആത്മാവിന്റെ വളര്‍ച്ച മുരടിച്ചുപോകും. ജപമാലയിലൂടെ ദൈവാരാധന നടത്തുന്ന ഒരു വ്യക്തി. ആദ്യശിഷ്യയും ആദര്‍ശശിഷ്യയുമായ മറിയം തീര്‍ച്ചയായും നമ്മെ ആത്മീയവഴിയില്‍ പ്രകാശിപ്പിക്കും. മരിയാനുകരണം ക്രിസ്താനുകരണത്തിന് ആക്കംകൂട്ടും. പക്ഷേ ഒരു ദിവസം നാലു ജപമാല ചൊല്ലിയാല്‍ എല്ലാമായി എന്നു ചിന്തിച്ചാലോ. അല്ലെങ്കില്‍ അഞ്ഞൂറ് വിശ്വാസപ്രമാണം ചൊല്ലിയാല്‍ കാര്യം നടക്കും! ഒരു പ്രാര്‍ത്ഥനയ്ക്കും മാന്ത്രികശക്തിയില്ലെന്ന് ഓര്‍ക്കുക. നമ്മെ പ്രകാശിപ്പിക്കാന്‍ അവ സഹായിക്കും. എന്നാല്‍ മുന്നോട്ട് ചുവടുകള്‍ ധീരമായി വയ്ക്കാന്‍ നമുക്കാകണം. ആത്മീയജീവിതത്തില്‍ വളര്‍ച്ചയില്ലെങ്കില്‍ തളര്‍ച്ചയേയുണ്ടാകൂ.
കുറച്ചുകൂടി മുന്നോട്ടുപോയി ചിന്തിക്കാം. പ്രാര്‍ത്ഥനയ്ക്കായി സമയം നിശ്ചയിച്ചിരിക്കുന്ന ഒരു വ്യക്തി. കൃത്യം ആ സമയത്ത് പ്രാര്‍ത്ഥിക്കും. ബാക്കി സമയത്ത് യാതൊരു ദൈവികചിന്തയുമില്ലെന്നിരിക്കട്ടെ. ഇത് ക്രിസ്തീയ ആത്മീയതയല്ല. ജീവിതം മുഴുവന്‍ ദൈവസാന്നിധ്യത്തിന്റെ വലിയ അവബോധത്തില്‍ ജീവിക്കാനുള്ള ശക്തിയാണ് നിശ്ചിത സമയക്രമങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനവഴി ഒരാത്മാവ് സ്വീകരിക്കുന്നത്. ലോകത്തില്‍നിന്ന് പിന്‍വലിഞ്ഞ് അള്‍ത്താരയുടെ മുന്നിലേക്ക് നീങ്ങുന്ന ഒരാത്മാവ്, പതുക്കെപ്പതുക്കെ ലോകത്തെ ഒരു അള്‍ത്താരയാക്കാ ന്‍ പഠിക്കും. യാത്രയിലും ജോലിസ്ഥലത്തും ഭക്ഷണമേശയിലും ഉല്ലാസത്തിലുമെല്ലാം അനുഭവിക്കുന്ന ദൈവസാന്നിധ്യം, ദൈവാലയത്തിന്റെ ആവൃതി ഭൂമി മുഴുവന്‍ വ്യാപിക്കുന്നതായി നിങ്ങള്‍ക്കു തോന്നും. ഏതൊരു ആത്മീയശീലത്തിലും ഏറെക്കാലം കഴിയുമ്പോള്‍ ദൈവം വിരസത നല്‍കുന്നത് ഇതുകൊണ്ടാണ്. വിരസത തളരാനല്ല, വളര്‍ത്താനാണ്.
വിശ്വസ്തത ചെറിയ
കാര്യങ്ങളില്‍
മൂന്ന്: വലിയ കാര്യങ്ങള്‍ ചെയ്താലേ വിശുദ്ധനാകൂ എന്നു ഞാന്‍ ധരിച്ചു. അതിനാല്‍ ഞാന്‍ വിശുദ്ധനാകുന്നില്ല. എളിയ കാര്യങ്ങളിലെ വിശ്വസ്തതയും സമര്‍പ്പണവും ദൈവം ഏറെ മാനിക്കുമെന്ന് ധരിക്കാതെപോകുന്നത് അബദ്ധമാണ്. പ്രവൃത്തിയുടെ മേന്മയും വലുപ്പവും എല്ലാം നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം പറഞ്ഞത് വിശ്വസിച്ചവളും സ്വീകരിച്ചവളുമല്ലേ ഭാഗ്യവതി. ആത്മീയജീവിതത്തില്‍ അരങ്ങും അണിയറയും തീര്‍ത്തും വേര്‍തിരിക്കേണ്ടതില്ല. അണിയറയില്‍ ജോലി ചെയ്യുന്നവര്‍ അരങ്ങു തകര്‍ക്കുന്നവരെപ്പോലെ അറിയപ്പെട്ടു എന്നു വരില്ല. പക്ഷേ, വിശുദ്ധര്‍ വാഴുന്നത് അണിയറയിലാണെന്ന് അറിയുമ്പോള്‍ അരങ്ങില്‍ ആടാനാകാത്തതിനെപ്പറ്റി പരിഭവം പറയില്ല. അതെ, വിശുദ്ധരാകണം. അതാണ് പ്രധാനം. ഏറ്റവും എളിയതെന്നു തോന്നുന്ന കാര്യങ്ങള്‍പോലും വലിയ ആവേശത്തോടും സ്‌നേഹത്തോടുംകൂടി ചെയ്തുതീര്‍ക്കാന്‍ ശ്രമിച്ചുനോക്കൂ. ഉള്ളിലെ തിരിനാളം പ്രോജ്വലിക്കുന്നതും കാണാം.
പ്രാര്‍ത്ഥന: ദൈവമേ, അങ്ങേക്കായി ജീവിക്കാന്‍ എനിക്കാഗ്രഹമുണ്ട്. സ്‌നേഹം തണുത്തുറഞ്ഞ മാനസമാണ് എന്റേത്. സ്‌നേഹത്തില്‍ ഒരു വീണ്ടുംജനനം എനിക്കു തരിക. എളിയ കാര്യങ്ങള്‍പോലും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും തണലില്‍ ഞാന്‍ ചെയ്തുതീര്‍ക്കട്ടെ. അങ്ങനെ ഈ ലോകം എനിക്ക് അള്‍ത്താരയാകട്ടെ, സൃഷ്ടവസ്തുക്കളെല്ലാം അള്‍ത്താരമേശയിലെ വിഭവങ്ങളും. അങ്ങാകണം എന്റെ സകലതും. അങ്ങയെയല്ലാതെ മറ്റൊന്നിനെയും ഞാന്‍ തേടരുത്. എന്നെയും ഒരു വിശുദ്ധനാക്കണമേ, ആമ്മേന്‍.
Leave a Comment
Your email address will not be published. Required fields are marked with *