‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3)..
ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താല്‍ സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ എണ്ണമറ്റ വിശുദ്ധരെ നമ്മള്‍ സകല വിശുദ്ധരുടെയും ദിനത്തില്‍ ഓര്‍ക്കുമ്പോള്‍, സാഹചര്യങ്ങളും ജീവിതാവസ്ഥകളും വ്യത്യസ്തമാണെങ്കിലും നമുക്കെല്ലാവര്‍ക്കുമുള്ള വിളി ഒന്നേ ഒന്നാണെന്ന് കൂടി ഓര്‍ക്കാം അല്ലേ.
‘ജീവിതത്തില്‍ അവസ്ഥകളും കടമകളും പലതാണ്. പക്ഷേ വിശുദ്ധി ഒന്നേ ഉള്ളു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ ചലിപ്പിക്കപ്പെടുന്നവരും പിതാവിന്റെ ശബ്ദം അനുസരിക്കുന്നവരും ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തെ ആരാധിക്കുന്നവരുമായ എല്ലാവരും പരിപോഷിപ്പിക്കുന്ന വിശുദ്ധി ആണത്’. (ജനതകളുടെ പ്രകാശം. 41)
നാമകരണം ചെയ്യപ്പെട്ട വിശുദ്ധരുടെ നിര നോക്കിയാല്‍, വിശുദ്ധിയില്‍ പുരോഗമിക്കുന്നത് നമുക്ക് കിട്ടാക്കനി ആണെന്ന് ആര്‍ക്കും ചിന്തിക്കേണ്ടി വരില്ല. അതുപോലെ വൈവിധ്യമാര്‍ന്ന ചുറ്റുപാടുകളോടും പാപസാഹചര്യങ്ങളോടും പടവെട്ടി വിശുദ്ധരായവരുണ്ട്. പുരോഹിതന്മാര്‍, സന്യസ്തര്‍ മാത്രമല്ല, വേശ്യാവൃത്തി തൊഴിലാക്കിയിരുന്ന ഈജിപ്തിലെ വിശുദ്ധ മേരിയെപോലുള്ളവര്‍, ദാരിദ്യത്തിന്റെ പടുകുഴിയില്‍ ആയിരുന്ന മാര്‍ട്ടിന്‍ ഡി പോറസിനെപോലുള്ളവര്‍, കുടുംബജീവിതം നയിച്ചു കൊണ്ടും വിശുദ്ധരായ വിശുദ്ധ റീത്തയെയും കൊച്ചുത്രേസ്സ്യയുടെ മാതാപിതാക്കളെയും പോലുള്ളവര്‍, ഡിജിറ്റല്‍ യുഗത്തിന്റെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യുട്ടിസ്, അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വന്ന്, വിശുദ്ധി തങ്ങള്‍ക്കും അപ്രാപ്യമല്ല എന്ന് തെളിയിച്ച വിജയസഭയിലെ എണ്ണമറ്റ വിശുദ്ധര്‍ നമുക്ക് വഴികാട്ടികളാണ്.
ബെനഡിക്ട് പതിനാറാമന്‍ പാപ്പ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ആയിരിക്കവേ ഒരു പത്രലേഖകന്‍ ചോദിച്ചു ദൈവത്തിലേക്കെത്താന്‍ എത്ര വഴികളുണ്ടെന്ന്. കര്‍ദ്ദിനാള്‍ ഇങ്ങനെ മറുപടി പറഞ്ഞു,’എത്രയുമധികം ആളുകളുണ്ടോ അത്രയും വഴികള്‍!’ അതായത് ദൈവം ഇടപെടുന്ന, അവനിലേക്ക് വിളിക്കുന്ന, വിശുദ്ധവഴിയില്‍ നയിക്കുന്ന രീതികള്‍, തരുന്ന കൃപകള്‍, ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. വിശുദ്ധരുടെ ജീവിതമാതൃകയിലും അവരുടെ മാധ്യസ്ഥത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളിലും നോട്ടമുടക്കി അവരോടുള്ള ആരാധനാമനോഭാവത്തില്‍ നിന്നുപോകാനല്ല സഭാമാതാവ് അവരെ നമുക്ക് കാണിച്ചുതരുന്നത്. വലിയ കലാകാരന്മാര്‍ കൊത്തിവെച്ച വിശ്വപ്രസിദ്ധ രൂപങ്ങള്‍ കാണുമ്പോള്‍, ഛായാചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ആശ്ചര്യവും അഭിനന്ദനവാക്കുകളും അതിന്റെ സൃഷ്ടാക്കളുടെ പ്രാഗല്ഭ്യം എത്ര എന്നോര്‍ത്താണല്ലോ. അതുപോലെ, അത്ഭുതപ്രവര്‍ത്തകരായ, വേദപാരംഗതരായ, പഞ്ചക്ഷതധാരികളായ വിശുദ്ധരെയൊക്കെ ഓര്‍ക്കുമ്പോള്‍, അവരില്‍ ഏറെ കൃപ ചൊരിഞ്ഞ ദൈവത്തെ നമുക്ക് മഹത്വപെടുത്താം. സകല വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ അമ്മ പറഞ്ഞത് ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍ ‘ എന്നാണല്ലോ.
വിശുദ്ധര്‍ ദൈവത്തിന്റെ മാസ്റ്റര്‍പീസ് മാത്രമല്ല, മൌത്ത്പീസ് ( വക്താക്കള്‍ ) കൂടെയായിരുന്നു. ദൈവഹിതത്തില്‍ അടിസ്ഥാനമിട്ട്, തങ്ങളുടെ ലക്ഷ്യത്തിലെത്താനായി അവര്‍ ദൈവകൃപയില്‍ തന്നെ ശരണപ്പെട്ടു. സാധാരണ കാര്യങ്ങള്‍ അസാധാരണവിധത്തില്‍ വലിയ സ്‌നേഹത്തോടെ ചെയ്തു. ജീവിതത്തെ മുഴുവന്‍ ക്രിസ്തുവിന്റെ നേതൃത്വത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അവനില്‍ നോട്ടമുറപ്പിച്ചു. സ്‌നേഹത്തിലുള്ള വിശുദ്ധിയിലുള്ള വളര്‍ച്ചയെ, ആദ്ധ്യാത്മികയാത്രയെ, മൂന്ന് ഘട്ടമായിട്ടാണ് സിയന്നയിലെ വിശുദ്ധ കാതറിന്‍ വിവരിക്കുന്നത്. കുരിശില്‍ കിടക്കുന്ന ഈശോയുടെ ശരീരത്തെ അടിസ്ഥാനപ്പെടുത്തി സ്‌നേഹത്തിലുള്ള ആഴപ്പെടല്‍ അവള്‍ പറഞ്ഞു,ഒന്നാമത്തെ ഘട്ടത്തില്‍, നമ്മുടെ താല്പര്യങ്ങള്‍ക്ക് പരിവര്‍ത്തനമുണ്ടാവുകയും പാപത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ ഈശോയുടെ കാല്‍പാദങ്ങളെ നമ്മള്‍ ആശ്ലേഷിക്കുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ സ്‌നേഹം നമ്മെത്തന്നെ കേന്ദ്രീകരിച്ചായിരിക്കും. ചിലപ്പോള്‍ ഭയത്തില്‍ അടിസ്ഥാനപ്പെട്ടുമായിരിക്കും. നിത്യശിക്ഷയില്‍ നിന്നും ശുദ്ധീകരണസ്ഥലത്തെ വേദനയില്‍ നിന്നുമൊക്കെ ഒഴിവാകാനുള്ള ആഗ്രഹമായിരിക്കാം പാപത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഈ ഘട്ടത്തില്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.
ആദ്ധ്യാത്മികയാത്രയുടെ രണ്ടാമത്തെ ഘട്ടം ഈശോയുടെ മുറിവേറ്റ പാര്‍ശ്വമാണ്. ദൈവസ്‌നേഹത്തെക്കുറിച്ച് നമ്മള്‍ കൂടുതല്‍ അറിയുന്നു, എങ്കിലും ഈ ഘട്ടത്തിലും നമ്മുടെ സ്‌നേഹം ഒരു അടിമയുടേതോ ലാഭേഛയുള്ളവന്റെയോ സ്‌നേഹമാണ്. നമുക്ക് ഈശോയെയും അവനുവേണ്ടി മറ്റുള്ളവരെയും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ഇഷ്ടമാണ്, പക്ഷേ ഈലോകജീവിതത്തിലും നിത്യതയിലും നമ്മള്‍ ധാരാളം പ്രതിഫലം ആഗ്രഹിക്കുന്നു. സ്‌നേഹത്തിലുള്ള സ്വാര്‍ത്ഥത തുടരുന്നു. ഈശോയുടെ മുഖമാണ് മൂന്നാമത്തെ ഘട്ടം. ഇവിടെ ഐക്യപ്പെടുന്ന ഘട്ടമാണ്. ദൈവവുമായി അഗാധവും സ്ഥിരവുമായ ഐക്യം സ്ഥാപിക്കപ്പെടുന്നു, നമ്മുടെ സ്‌നേഹം വളരുകയും വിശുദ്ധീകരിക്കപെടുകയും ചെയ്യുന്നു, വിശ്വസ്തതയുള്ള പുത്രന്റെയോ പുത്രിയുടെയോ സുഹൃത്തിന്റെയോ ജീവിതപങ്കാളിയുടെയോ സ്‌നേഹം പോലെ അത് വിശുദ്ധീകരിക്കപെട്ടിരിക്കുന്നു
ഒരു വ്യക്തിയില്‍ ഒരേ സമയത്ത് തന്നെ വിവിധ ഘട്ടങ്ങളുടെ വശങ്ങള്‍ ഉണ്ടാകാം എന്നും വിശുദ്ധ പറയുന്നുണ്ട്.
ദൈവത്തിന്റെ സ്‌നേഹത്തില്‍ ആത്മാവ് വളരുന്നതിനനുസരിച്ച് അയല്‍ക്കാരോടുള്ള സ്‌നേഹത്തിലും അത് വളരും. ഈ സ്‌നേഹം നിലക്കുന്നില്ല. മരിച്ചുകഴിഞ്ഞാലും പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കും. ദൈവത്തോടുള്ള സ്‌നേഹം അതിന്റെ പരമകോടിയില്‍ എത്തുന്നതിനൊപ്പം സമരസഭയില്‍ ആയിരിക്കുന്ന ഭൂമിയിലെ മനുഷ്യരെ സ്‌നേഹിക്കാനും കഴിയുന്നത്ര സഹായിക്കാനും ‘പുണ്യവാന്മാരുടെ ഐക്യം ‘ കാരണമാകുന്നു.
ഈ ജീവിതം ദൈവത്തിലേക്കുള്ള തീര്‍ത്ഥാടനമല്ലേ. അതില്‍ നമുക്ക് പ്രോത്സാഹനവും സഹായവും നല്‍കാന്‍ വിശുദ്ധിയില്‍ ജീവിച്ചു കടന്നു പോയവര്‍ ഉത്സുകരാണ്.
‘ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?’എന്ന ചോദ്യം വിശുദ്ധരാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുന്നതിന് തുല്യമാണെന്നല്ലേ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞത്. പരിപൂര്‍ണ്ണതയിലേക്കുള്ള വിളി നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പോലെ വിശുദ്ധരാരും സൂപ്പര്‍മാനോ സൂപ്പര്‍വുമണോ ആയിരുന്നില്ല, പരിപൂര്‍ണ്ണരായി ജനിച്ചവരുമല്ല, വീണും എഴുന്നേറ്റും കര്‍ത്താവിന്റെ കൈ പിടിച്ചും യാത്ര ചെയ്തവരാണ്.
യേശുവിനെ അനുഗമിക്കുന്നത് ഭാരമല്ല, കൂടുതല്‍ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്‌നേഹത്തിലേക്കുമേ അത് നയിക്കുകയുള്ളു. തീരുമാനമെടുത്താലും ഈശോക്ക് വാഗ്ദാനങ്ങള്‍ കൊടുത്താലും, ഇന്നോ നാളെയോ വീണ്ടും നമ്മള്‍ വീണു പോയെന്ന് വരാം.അവന്റെ കൈ പിടിച്ച് എഴുന്നേല്‍ക്കാം. നമുക്ക് മുന്‍പേ പോയവര്‍ നമുക്ക് സഹായത്തിനായി വിജയസഭയിലുണ്ട്. അവരുടെ മാധ്യസ്ഥം തേടാം. പൗലോസ് ശ്ലീഹയുടെ ഭാഷയില്‍, നമ്മളും വിശുദ്ധരാണ്. ഒരിക്കല്‍ നിത്യമഹത്വത്തില്‍ കുഞ്ഞാടിന്റെ സിംഹാസനത്തിന് ചുറ്റും നിന്ന് അവനെ ആരാധിക്കേണ്ടവര്‍.
എല്ലാവര്‍ക്കും സകല വിശുദ്ധരുടെയും തിരുന്നാള്‍ ആശംസകള്‍…
Leave a Comment
Your email address will not be published. Required fields are marked with *