Follow Us On

09

December

2024

Monday

ഉദരത്തിലെ ജീവനുവേണ്ടി ചികിത്സ നിരസിച്ച അമ്മ

ഉദരത്തിലെ ജീവനുവേണ്ടി  ചികിത്സ നിരസിച്ച അമ്മ

സൈജോ ചാലിശേരി

തൃശൂര്‍ കാഞ്ഞാണി ചാലയ്ക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യയാണ് കരോളിന്‍. രണ്ടുപേരും ഒരേ ഇടവക്കാര്‍. 2011-ലായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന മാരക അസുഖം ബാധിച്ചത്. വായിലേക്കെടുത്ത വെള്ളം തുപ്പിക്കളയാനാവാത്തവിധം തളര്‍ന്നുപോവുകയായിരുന്നു. ഓരോ ദിവസവും ഓരോ ഭാഗം തളര്‍ന്നുകൊണ്ടിരുന്നു. പിന്നീട് കണ്ണടക്കാന്‍പോലും കരോളിന് കഴിഞ്ഞില്ല. ചിരിക്കാനോ വിതുമ്പാനോ കഴിയാതെ അവള്‍ വേദന കടിച്ചമര്‍ത്തി കിടന്നു. അവള്‍ക്കാശ്വാസമായി, സ്‌നേഹസാന്ത്വനമായി ഭര്‍ത്താവ് ഫ്രാന്‍സിസ് അവള്‍ക്കരികെ ഉണ്ടായിരുന്നു.

നാഡീഞരമ്പുകളെ തളര്‍ത്തുന്ന ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ രോഗിയായ അമ്മയെ രക്ഷിക്കാനാണ് തൃശൂര്‍ ജൂബിലി ഡോക്ടര്‍മാര്‍ ശ്രമിച്ചത്. നാല് ഇഞ്ചക്ഷനുകള്‍ എടുക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ ചെലവ്, അതും വിദേശത്തുനിന്നും വരുത്തണം. ഇഞ്ചക്ഷന്‍ ചെയ്താല്‍ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവും. ഗര്‍ഭഛിദ്രം മാത്രമാണ് പോംവഴി. കുഞ്ഞിന് ഹാനികരമാകുന്ന ഒരു മരുന്നും സ്വീകരിക്കേണ്ടതില്ലെന്ന് ആ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. വൈറ്റമിന്‍ ഗുളികകള്‍ മാത്രം നല്‍കി കരോളിനെ ഡോക്ടര്‍മാര്‍ വീട്ടിലേക്ക് പറഞ്ഞയച്ചു.
കട്ടിലില്‍ തളര്‍ന്നു കിടക്കാനായിരുന്നു പിന്നെ കരോളിന്റെ വിധി. ഒന്നു ചെരിഞ്ഞു കിടക്കാനോ കൈകാലുകള്‍ ചലിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല.

ശരീരമാസകലം കുത്തിനോവിക്കുന്ന വേദന. അല്‍പം ഭക്ഷണം വായിലേക്ക് നല്‍കിയാല്‍ ഇറക്കാന്‍ സാധിച്ചിരുന്നു. രക്തത്തിലെ സ്വാഭാവികത നഷ്ടപ്പെടുന്ന അപൂര്‍വ രോഗമാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. രക്തം മാറ്റിക്കൊണ്ടിരിക്കുകയാണ് ഒരു ചികിത്സ. താങ്ങാനാവാത്ത വേദന ശരീരമാസകലം ഉണ്ടാകും. ഉറങ്ങാന്‍പോലുമാവാതെ രോഗി നിത്യദുരിതമനുഭവിക്കേണ്ടിവരുന്നത് കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയുണ്ടാക്കും. രാത്രി കരോളിന്‍ വേദന കടിച്ചമര്‍ത്തുമ്പോള്‍ ഫ്രാന്‍സിസ് സമീപത്തിരുന്ന് ആ കൈവെള്ളയില്‍ ഉഴിഞ്ഞുകൊടുത്ത് ആശ്വസിപ്പിക്കും. താന്‍ മരിക്കാന്‍ പോവുകയാണെന്നും കുഞ്ഞിനെ കാണാന്‍ കഴിയില്ലെന്നുമോര്‍ത്ത് കരോളിന്‍ ദുഃഖിതയായിരുന്നു. ദൈവം നമ്മെ കൈവിടില്ലെന്നും നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നും നമുക്കുവേണ്ടി അനേകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമുള്ള ഭര്‍ത്താവ് ഫ്രാന്‍സിസിന്റെ ആശ്വാസവാക്കുകള്‍ അവളെ പ്രത്യാശയിലേക്ക് നയിച്ചു. പിന്നീട് കര്‍ത്താവിന്റെ വലിയ അത്ഭുതത്തിനായി കരോളിന്‍ കാതോര്‍ത്തുകിടന്നു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തളര്‍ന്നുകിടന്നുകൊണ്ട് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പ്രസവ സമയമായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ എത്തി. 2012-ലായിരുന്നു അത്. കുഞ്ഞിനെ കൈകളില്‍ എടുക്കാനോ താരാട്ടു പാടിയുറക്കാനോ പാലുകൊടുക്കാനോ കരോളിനായിരുന്നില്ല. അവള്‍ക്ക് താങ്ങും തണലുമായി സദാസമയവും ഫ്രാന്‍സിസും അദ്ദേഹത്തിന്റെ അമ്മയും അരികിലുണ്ടായിരുന്നു. കരോളിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു. തനിക്കുവേണ്ടി ഫ്രാന്‍സിസ് സഹിച്ച ത്യാഗത്തിനുമുന്നില്‍ തന്റെ വേദന എത്രയോ നിസാരമാണെന്ന് കരോളിന്‍ തിരിച്ചറിഞ്ഞു. അന്നുമുതല്‍ ഫ്രാന്‍സിസാണ് കുഞ്ഞിനെ നോക്കുന്നതും കരോളിനെ പരിചരിക്കുന്നതും.

സാധാരണ കുടുംബത്തിലെ അംഗമായ ഫ്രാന്‍സിസ് ഓട്ടോ ഓടിച്ചാണ് കഴിഞ്ഞിരുന്നത്. അവരെ സഹായിക്കാന്‍ ധാരാളം കൈകളുണ്ടായിരുന്നു. സ്‌നേഹംകൊണ്ടു പൊതിയാന്‍ നിരവധി മനുഷ്യസ്‌നേഹികളുമുണ്ടായിരുന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കരോളിനെ തേടിയെത്തി. കരോളിന്‍ വീണ്ടും അമ്മയായിരിക്കുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് ഭയന്നപ്പോള്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ വലിയ ആശ്വാസം പകര്‍ന്നുകൊടുത്തു. 2013 ജൂലൈയില്‍ കരോളിന്‍ രണ്ടാമത്തെ കുഞ്ഞിനും ജന്മംകൊടുത്തു. പിന്നീടുള്ള നാളുകള്‍ ആ കുടുംബത്തിന് വലിയ പ്രത്യാശ നല്‍കുന്നതായിരുന്നു.

ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അസുഖം കരോളിനോട് തോല്‍ക്കുകയായിരുന്നു. അവള്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കര്‍ത്താവിന്റെ അത്ഭുതത്തിന്റെ മുന്നില്‍ അവര്‍ ശിരസു നമിച്ചു. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ഏറെക്കുറെ പൂര്‍ണ ആരോഗ്യത്തോടെ കരോളിന്‍ മൂന്നാമതും പ്രസവിച്ചു. മിഖായേല്‍ ഗീവന്‍ (12), കെസിയ മേരി (11), ഗബ്രിയേല്‍ ടോംസ് (4).
ജീവിതത്തില്‍ വേദനകളേറെ സഹിച്ചെങ്കിലും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്‌നേഹം 38 വയസുള്ള കരോളിന് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. തൃശൂര്‍ അതിരൂപത കുടുംബകൂട്ടായ്മ 2022 ല്‍ സൗജന്യമായി ഒരു വീട് നിര്‍മിച്ചു നല്‍കി. വീടുവയ്ക്കാനുള്ള സ്ഥലവും സുമനസുകളാണ് നല്‍കിയത്.
ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ആ സമ്മാനത്തിനുമുന്നില്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലെന്നും ബിരുദാനന്തര ബിരുദധാരിയായ കരോളിന്‍ നിറഞ്ഞ ഹൃദയത്തോടെ പറയുന്നു. കാഞ്ഞാണി സെന്റ് തോമസ് ഇടവകയുടെ ട്രസ്റ്റികൂടിയാണ് ഫ്രാന്‍സിസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?