വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ മജിസ്റ്റീരിയല്‍ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍ ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്.
വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്.
എഡി 875 -ല്‍ റോമന്‍ ചക്രവര്‍ത്തിയായ ചാള്‍സ് ദി ബാള്‍ഡ് ജോണ്‍ എട്ടാമന്‍ മാര്‍പാപ്പക്ക് സമ്മാനിച്ച തടികൊണ്ടു നിര്‍മിച്ച ഇരിപ്പിടമാണ് പത്രോസിന്റെ സിംഹാസനം എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ വിശുദ്ധ പത്രോസ് അന്ത്യോക്കിയായിലും പിന്നീട് റോമിലും സുവിശേഷം പ്രഘോഷിച്ചപ്പോള്‍ ഉപയോഗിച്ച ഇരിപ്പിടം എന്ന നിലയില്‍ ഒരു തിരുശേഷിപ്പായി പിന്നീട് ജനങ്ങള്‍ ഈ ഇരിപ്പിടത്തെ വണങ്ങി തുടങ്ങി.
875നു മുമ്പ് മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന പേപ്പല്‍ ഇരിപ്പിടത്തിന്റെ ഭാഗം ഈ സിംഹാസനം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാവാം എന്ന നിലപാടാണ് ബസിലിക്കയുടെ മേല്‍നോട്ടം വഹിക്കുന്ന ഫാബ്രിക്ക് ഓഫ് സെന്റ് പീറ്റര്‍ എന്ന സംഘടന സ്വീകരിച്ചിട്ടുള്ളത്. എഡി നാലാം നൂറ്റാണ്ട് മുതല്‍ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാള്‍ ഫെബ്രുവരി 22-ന് ആചരിച്ചുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *