Follow Us On

22

January

2025

Wednesday

രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും  മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി  ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍.

കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ പിന്‍ഗാമിയായാണ് ക്ലോഡിയ  ഷെയ്ന്‍ബോം മെക്‌സിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തത്.

രാജ്യത്ത് നടമാടുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ സംഘങ്ങളെ നിരായുധീകരിക്കാനും സമൂഹത്തിന്റെ സംരക്ഷണത്തിനുമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബിഷപ്പുമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ ഒന്നിന് ക്ലോഡിയ ഷെയ്ന്‍ബോം അധികാരമേറ്റെടുത്തശേഷം 3175 കൊലപാതകങ്ങളാണ് മെക്‌സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് വര്‍ഷക്കാലം നീണ്ട മുന്‍ പ്രസിഡന്റിന്റെ ഭരണകാലത്ത് ഏകദേശം രണ്ട് ലക്ഷത്തോളമാളുകള്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിരുന്നു.

കൂടാതെ ലോപ്പസ് ഒബ്രാഡോര്‍ ഗവണ്‍മെന്റ് ആരംഭിച്ചതും ക്ലോഡിയ ഗവണ്‍മെന്റ് തുടരുന്നതുമായ ജുഡീഷ്യല്‍ പരിഷ്‌കരണങ്ങളിലുള്ള അഭിപ്രായവ്യത്യാസവും ബിഷപ്പുമാര്‍ പ്രസിഡന്റിനെ അറിയിച്ചു.

വിദ്യാഭ്യാസമേഖയില്‍ പുതുതലമുറയുടെ സമഗ്ര രൂപീകരണത്തിന് ഗവണ്‍മെന്റുമായി സഹകരിക്കാന്‍ തയാറാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. സമാധാനം സ്ഥാപിക്കാനുള്ള നടപടികളെക്കുറിച്ചും എല്ലാ മേഖലകളിലുമുള്ള രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ച ബിഷപ്പുമാര്‍ക്ക് പ്രസിഡന്റ് ക്ലോഡിയ എക്‌സില്‍ നന്ദി രേഖപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?