മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഫേസ്ബുക്ക് പേജിലും കൂദാശ കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും.
കത്തീഡ്രല്‍ കൂദാശയ്ക്ക് 40 ഓളം പേരുടെ ഗായകസംഘം. കൂദാശകര്‍മ്മങ്ങളിലെ ഗാനങ്ങള്‍ ഏറ്റവും മനോഹരമായി ആലപിച്ച് കൂദാശകര്‍മ്മങ്ങള്‍ ഏറ്റവും ഹൃദ്യമാക്കാന്‍ കഠിന പരിശ്രമത്തിലാണ് കത്തീഡ്രല്‍ ഗായകസംഘം. കത്തീഡ്രല്‍ ഇടവകയിലെ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മോറിസ് പള്ളത്ത്, സുബിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ 31 ഓളം ഗായകരും പോള്‍ആന്റണിയുടെ നേതൃത്വത്തില്‍ വിവിധ സംഗീത ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന ഒന്‍പത് പേരുമാണ് ഗായകസംഘത്തിലുള്ളത്.
കത്തീഡ്രല്‍ കൂദാശക്ക് തൃശൂരില്‍ നിന്നും അതിഥിയായി ഗായകസംഘത്തോടൊപ്പം ചേരുന്നത് 34 വര്‍ഷത്തോളം ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ച തോമസ്പി.ഡിയാണ്. നിലവില്‍ പ്രശസ്തമായ തൃശൂര്‍ കലാസദന്‍ മ്യുസിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലാണ്. 2015ല്‍ ഗിറ്റാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ എ ഗ്രേഡ് പദവിയും 2019 ല്‍ ലൈറ്റ് മ്യുസിക് കംമ്പോസര്‍ ടോപ് ഗ്രേഡ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി തൃശൂര്‍ കലാസദന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗിറ്റാറിസ്റ്റും മ്യുസിക് കംമ്പോസറുമാണ്.
വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കാന്‍ സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ അംഗീകാരത്തോടെ തൃശൂര്‍ അതിരൂപത തയ്യാറാക്കിയ പുതിയ ട്യുണിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് തൃശൂര്‍അതിരൂപതയിലെ വിയ്യൂര്‍ നിത്യസഹായമാത ഇടവകാംഗമായ തോമസ് പി.ഡി ആയിരുന്നു. ഡോ. കെ.ജെ. യേശുദാസ്, പി.ജയചന്ദ്രന്‍, എസ്.ജാനകി, എസ്.പി. ബാലസുബ്രമണ്യം, പി.സുശീല, കെ.എസ്.ചിത്ര എന്നിവരുടെ കൂടെ വിവിധ രാജ്യങ്ങളില്‍ നിരവധി വേദികളില്‍ ഗിറ്റാര്‍ വായിച്ചിട്ടുള്ള അദ്ദേഹം പ്രശസ്ത സംഗീത സംവിധായകരായ കെ.രാഘവന്‍, വി.ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍ എന്നിവരുടെ റിക്കോര്‍ഡിങ്ങ് ആര്‍ട്ടിസ്റ്റായിരുന്നു.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനവേളയില്‍ വിശുദ്ധ കുര്‍ബാനയുടെ ക്വയറിന് നേതൃത്വം നല്‍കിയതും തോമസ് പി.ഡി ആയിരുന്നു. ഓസ്ട്രേലിയയിലെ കാന്‍ബറയിലും ടൗണ്‍സ്വില്ലിലും താമസിക്കുന്ന മക്കളുടെ അടുത്ത് സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം.
Leave a Comment
Your email address will not be published. Required fields are marked with *