പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതവും പൈതൃകവും കേന്ദ്രമാക്കി 62 കലാകാരന്മാര്‍ തയാറാക്കിയ ആര്‍ട്ട് വര്‍ക്കുകളുടെ എക്‌സിബിഷന്‍ ഗോവയില്‍ ആരംഭിച്ചു. വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് തയറാക്കിയിരിക്കുന്ന കലാസൃഷ്ടികള്‍ വിശുദ്ധന്റെ ജീവിതവും ഗോവയുടെ ബഹുസ്വരമായ പൈതൃകവും വിളിച്ചോതുന്നതാണ്. ഓള്‍ഡ് ഗോവയില്‍ ആരംഭിച്ച വിവിധ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് എക്‌സിബിഷന്‍ ഗോവ-ഡാമന്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു. വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിന് മുന്നോടിയായിട്ടാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.
ഗോവയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ കാന്‍വാസില്‍ കോറിയിടപ്പെട്ടതാണ് വിവിധ മതവിശ്വാസികളായവരുടെ കലാവിരുതുകളെന്ന് കാര്‍ഡിനല്‍ പറഞ്ഞു. ഗോവ മതമൈത്രി പിന്തുടരണമെന്നാണ് ഈ എക്‌സപോയുടെ സന്ദേശം. ഗോവയെ പൊതുസമൂഹത്തില്‍ വിവിധ മതവിശ്വാസങ്ങളിലുള്ള കലാകാരന്മാര്‍ എങ്ങനെ പ്രതിഫലിപ്പിക്കണമെന്നാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നതിന്റെ പ്രകടനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഗോവയില്‍ തീവ്രഹിന്ദു രാഷ്ട്രീയ നേതാവ് സുബാഷ് വെലിംഗര്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന വിവാദ പരമാര്‍ശം വര്‍ഗീയതവിദ്വേഷം വിതച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഓള്‍ഡ് ഗോവയിലെ പതിനേഴാം നൂറ്റാണ്ടിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് കോണ്‍വെന്റിലാണ് ഫൂട്ട്പ്രിന്റ്‌സ് ഓഫ് ഹോപ് എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. എക്‌സബിഷന്‍ ജനുവരി 5 ന് സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *