കൊച്ചി: വനനിയമ ഭേദഗതി ബില്‍ ജനദ്രോഹപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. 1961-ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്‌കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്‌കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാ ണ്. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്‍. വനനിയമം ജനദ്രോഹ പരമെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്‌കരണങ്ങള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കു ന്നതുമായ ഈ കാലഘട്ടത്തില്‍ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്പ്പെടുത്തപ്പെട്ടിട്ടുള്ളതെ ന്ന് ജാഗ്രത കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പിഴ തുകയുടെ വന്‍ വര്‍ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങള്‍, മല്‍സ്യ ബന്ധനം, പാഴ്‌വസ്തുക്കള്‍ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെ ത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാര്‍ഹമാക്കി യിരിക്കുന്നത് തുടങ്ങിയ പരിഷ്‌കരണങ്ങള്‍ വനാതിര്‍ത്തികളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.
വനനിയമം കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വര്‍ധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇത്തരം കരിനിയമങ്ങള്‍ കാരണമാകും. വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങളും കൂടുതല്‍ ദുരുപയോഗ സാധ്യതകളും നല്‍കുന്ന ഈ നിയമപരിഷ്‌കരണം പ്രതിഷേധാര്‍ഹവും പിന്‍വലിക്കപ്പെടേണ്ടതുമാണ്.
വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിയമങ്ങള്‍ ജനജീവിതത്തിന് തടസമാ കാതിരിക്കുന്നതിനും ആവശ്യമായ പരിഷ്‌കരണങ്ങള്‍ക്കാണ് വനംവകുപ്പ് ഈ ഘട്ടത്തില്‍ തയാറാകേണ്ടത്.
വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയില്‍ നിലനിര്‍ത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകള്‍ വന നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടണം. തങ്ങളുടെ പരിധിയിലുള്ള വനത്തില്‍നിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നപക്ഷം ഉദ്യോഗസ്ഥര്‍ക്ക് അക്കാര്യത്തിലുള്ള ചുമതല ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം. കൂടാതെ പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങള്‍ക്ക് ജനോപകാരപ്രദമായ പരിഷ്‌കരണങ്ങള്‍ വരുത്താനും സര്‍ക്കാര്‍ തയാറാകണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *