Follow Us On

22

December

2024

Sunday

വനനിയമ ഭേദഗതി; കര്‍ഷകര്‍ക്ക് നേരെയുള്ള കടന്നാക്രമണം

വനനിയമ ഭേദഗതി; കര്‍ഷകര്‍ക്ക് നേരെയുള്ള കടന്നാക്രമണം
ഇടുക്കി: കേരള ഫോറസ്റ്റ് ആക്ട് 1961 പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വന നിയമ ഭേദഗതി ബില്‍ അത്യന്തം ജനദ്രോഹപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഇടുക്കി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്. വനനിയമം കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നതുമായ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ല. വനപാലകര്‍ക്ക് വനത്തിന് പുറത്തും ജനത്തിനുമേല്‍ അധികം അധികാരം നല്‍കുന്ന ഈ നിയമഭേദഗതി വരും നാളുകളിലെ വലിയ ക്രമസമാധാന വിഷയങ്ങള്‍ക്ക് വഴിതെളിക്കും.
 ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കര്‍ഷക വേട്ടയ്ക്കും  ഇടവരുത്തുന്ന ഇത്തരം അമിതാധികാരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് ജനാധിപത്യ ഭരണക്രമത്തിന് ഭൂഷണമല്ല. ബഫര്‍ സോണ്‍ പ്രഖ്യാപനവും വനസംരക്ഷണ നിയമങ്ങളും വന്യജീവി ആക്രമണവും മൂലം പൊറുതിമുട്ടിയ മലയോര നിവാസികള്‍ക്കും കര്‍ഷകര്‍ക്കും ഈ നിയമപരി ഷ്‌കരണം വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ വനത്തിന് പുറത്ത്  ജനവാസ മേഖലയില്‍ തേര്‍വാഴ്ച നടത്തുന്ന ഈ കാലഘട്ടത്തില്‍ അതിന് സത്വര നടപടികള്‍ സ്വീകരിക്കാനാവാതെ വനത്തിന് പുറത്തും നിസാര കാര്യങ്ങളില്‍ ജനത്തിനെതിരെ നടപടിയെടുക്കുന്നതിനും ശിക്ഷിക്കുന്നതിനുള്ള അധികാരം വനപാലകര്‍ക്ക് കൊടുക്കുന്നത് സംശയത്തിന്റെയും തെറ്റിദ്ധാരണകളുടെയും പേരില്‍ അനേകം നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമാകും.
 വന്യജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പു ഉദ്യോഗ സ്ഥരില്‍ നിര്‍ബന്ധിതമാക്കുന്ന ഭേദഗതിയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് വനം വകുപ്പു ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനും പകരം കര്‍ഷകരെ ബോധപൂര്‍വ്വം നിയമക്കുരുക്കില്‍ ആകുന്നതിനും മലയോര പ്രദേശത്ത് ജീവിതം ദുസഹമാക്കുന്നതിനും  ഉപകരിക്കുന്ന ഭേദഗതിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഭേദഗതി നിര്‍ദ്ദേശങ്ങളിലെ വിവിധ സെഷനുകള്‍ അനുസരിച്ച്   വനത്തിനുള്ളില്‍ മാത്രമല്ല വനത്തിനു പുറത്തും വിവിധ കുറ്റങ്ങള്‍ ആരോപിച്ച് കേസെടുക്കുന്നതിനും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുന്നതിനും രഹസ്യ തടങ്കലില്‍ വയ്ക്കുന്നതിനും വനം വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നത് വ്യാപകമായ ഉദ്യോഗസ്ഥ തേര്‍വാഴ്ചയ്ക്കും അഴിമതിക്കും കാരണമായിത്തീരും.
ജനങ്ങളുടെ സാധാരണ ജീവിതത്തിന് തുരങ്കംവയ്ക്കുകയും സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുന്ന ഈ നിയമ ഭേദഗതി പിന്‍വലിച്ച് കാലാനുസൃതവും മനുഷ്യന് ഗുണകരവുമായ ഭേദഗതി കൊണ്ടുവരാനുള്ള ഇച്ഛാശക്തി വനം വകുപ്പ് കാണിക്കണമെന്ന് ഫാ. ജിന്‍സ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?