Follow Us On

25

December

2024

Wednesday

അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍

അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍
കൊച്ചി: അനുദിന ജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി എന്നും പിറക്കണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍. നമ്മുടെ വ്യക്തിജീവിതങ്ങളില്‍, കുടുംബങ്ങളില്‍, ആയിരിക്കുന്ന വിവിധ ഇടങ്ങളില്‍ ക്രിസ്തുവിന് ജനിക്കുവാന്‍, സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പാതയില്‍ ചരിച്ചുകൊണ്ട് നമുക്കും പുല്‍ക്കൂട് ഒരുക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ജാതി-മത, സമുദായിക, രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് അതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാന്‍ നാം തയാറാവണം. അപ്പോഴാണ് ഈ ലോകത്ത് സമാധാനത്തിന്റെ ദൂതുമായി കടന്നുവന്ന ഉണ്ണിയേശുവിന്റെ പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുകയുള്ളൂ. ഒറ്റ ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല ക്രിസ്മസ്.
ക്രിസ്മസ്‌കാലം സ്‌നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്. പുല്‍ക്കൂട്ടില്‍ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്‌നേഹത്തിന്റെ പ്രവാചകരാകുവാനാണ്; ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍ പറഞ്ഞു.
പുല്‍ക്കൂട്ടിലെ ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നത് എളിമപ്പെടലിന്റെ മനോഭാവത്തിലേക്കാണ്. കാരണം സ്വയം എളിമപ്പെടുന്നവര്‍ക്ക് മാത്രമേ ഉണ്ണിയേശുവിന് ജന്മം കൊടുക്കുവാനും ഈ ലോകത്ത് ഉണ്ണിയേശുവിനെ കണ്ടെത്താനും സാധിക്കുകയുള്ളൂ.
ക്രിസ്മസ് വിശ്വശാന്തി ദിനം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നതകള്‍ ഉണ്ടാക്കുവാനും അശാന്തിയുടെയും അസമാധാനത്തിന്റെയും വിത്ത് വിതക്കാനും ചില തല്‍പരകക്ഷികള്‍ മുന്നോട്ട് വരുമ്പോള്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍ ഓര്‍മിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?