Follow Us On

25

December

2024

Wednesday

സ്‌പെഷ്യല്‍ ക്രിസ്മസ്‌

സ്‌പെഷ്യല്‍ ക്രിസ്മസ്‌

 

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

 

 

2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട മീന്‍പിടുത്തക്കാരന്റെ അടുത്താണ്. ജോലി നഷ്ടപ്പെട്ട ദേഷ്യത്തില്‍ തന്റെ എതിരാളികളുടെ സാമഗ്രികള്‍ കത്തിച്ചിട്ട് അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കവേയാണ് ടൈലര്‍ സാക്കിനെ കണ്ടുമുട്ടുന്നത്. അവര്‍ രണ്ടുപേരും കൂടി നോര്‍ത്ത് കരോലീനയിലേക്ക് നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ പ്രമേയം.

തുടക്കത്തില്‍ സാക്കിനെ ടൈലര്‍ ഒരു ഭാരമായി കാണുന്നുണ്ടെങ്കിലും യാത്ര പുരോഗമിക്കുന്നതോടെ അവര്‍ തമ്മിലുള്ള ബന്ധവും ഊഷ്മളമാകുന്നു. ടൈലര്‍ സാക്കിനെ കുറേ കാര്യങ്ങള്‍ പഠിപ്പിക്കുന്നു, അവന്റെ കോച്ച് ആകുന്നു, ബോക്‌സിംഗി ന്റെ ബാലപാഠങ്ങള്‍ അവന് പറഞ്ഞുകൊടുക്കുന്നു. കരയിലൂടെയും വെള്ളത്തിലൂടെയും അവരുടെ യാത്ര പുരോഗമിക്കുന്നതിനോടൊപ്പം രസകരമായ ഒട്ടേറെ സംഭവങ്ങളും ഉണ്ടാവുന്നുണ്ട്.
അതേ സമയം തന്നെ സാക്കിനെ അന്വേഷിച്ച് അവന്റെ നഴ്‌സിംഗ് ഹോമിലെ കെയര്‍ടേക്കറായ എലനോറും യാത്രയിലാണ്. ഒരു ഘട്ടത്തില്‍ സാക്കിനെ ടൈലറിന്റെ ഒപ്പം കണ്ടെത്തുന്ന എലനോര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അവരുടെ മൂന്ന് പേരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നു. ജീവിതം ഒരുപാട് സിമ്പിള്‍ ആണ്. അതിലെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തിയും വലിയ വലിയ പ്രതിസന്ധികളെ വളരെ ലളിതമായി നേരിട്ടും ജീവിതത്തിന്റെ ഒഴുക്കിനൊപ്പം നീന്താന്‍ പഠിപ്പിക്കുന്ന ഈ ചിത്രം വലിയ പാഠമാണ്. ഈ സിനിമയ്‌ക്കൊപ്പം സാക്ക് എന്ന സ്‌പെഷ്യല്‍ കുട്ടി നമുക്കൊപ്പം പോരുന്നു. അവനോട് അത്രമേല്‍ പ്രിയം നമുക്ക് തോന്നുന്നു. ടൈലറിനോടും എലനോറിനോടും നമുക്കും സ്‌നേഹം തോന്നുന്നു. അവര്‍ സാക്കിന് ഈ ഭൂമിയിലെ അവന്റെ ഇഷ്ടത്തിനുള്ള ‘ഇടം’ ഒരുക്കുന്നതില്‍ നമുക്കും ആനന്ദമേറുന്നു. ഈ ക്രിസ്മസില്‍ The Peanut Butter Falcon എന്ന സിനിമ കണ്ടു നോക്കു, നഷ്ടമാവില്ല നിങ്ങളുടെ സമയം.

ഈ അടുത്താണ് കൊച്ചിയിലുള്ള ‘സ്‌നേഹസ്പര്‍ശം’ എന്ന സ്‌പെഷ്യല്‍ സ്‌കൂളിനെക്കുറിച്ച് അറിഞ്ഞത്. എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടുത്തെ കുട്ടികള്‍ നടത്തുന്ന ഒരു കഫേയാണ്. അവിടുത്തെ കഫേ സ്‌പെഷ്യലാണ്, നടത്തുന്ന കുട്ടികളും സ്‌പെഷ്യലാണ്. നമ്മുടെ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവരല്ല ഇത്തരം കുട്ടികള്‍ എന്ന് അവിടം ഓര്‍മിപ്പിക്കുന്നു. അവര്‍ക്കുമുണ്ടല്ലോ സ്വപ്‌നങ്ങള്‍.
മാറ്റിനിര്‍ത്തേണ്ടവരല്ല എല്ലാവരെയുംപോലെ അവരും എല്ലാം ചെയ്യട്ടെ. അതിന്റെ പിന്നണയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാരും ഒന്നു മാത്രമാണ് ചെയ്തത്. അവര്‍ക്ക് ‘ഇടം’ ഒരുക്കി. രക്ഷകന് ജനിക്കാനും ഒരു ഇടമായിരുന്നു ആവശ്യം. എനിക്ക് തോന്നുന്നു ഇങ്ങനെയുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഇടം ഒരുക്കുകയാണ്. ഓരോ കുഞ്ഞുങ്ങളും അതിലൂടെ വീണ്ടും ജനിക്കുകയാണ്. ഈ കാലത്ത് ഓരോ സ്‌പെഷ്യല്‍ സ്‌കൂളും ഇങ്ങനത്തെ ഭവനങ്ങളും പുല്‍കൂടുകളാണ്. ഭൂമിയില്‍ ക്രിസ്തു വീണ്ടും ജനിക്കുന്നതിന്റെ ഓര്‍മപ്പെടുത്തല്‍.

കോട്ടയത്തിനടുത്ത് കുടമാളൂരില്‍ സംപ്രീതി എന്ന ഒരു ഭവനമുണ്ട്. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികളാണ് അവിടെ. ഓരോ ക്രിസ്മസിനും അവര്‍ ഉണ്ടാക്കുന്ന പുല്‍ക്കൂടുകള്‍ ആഴത്തില്‍ ചിന്തിപ്പിക്കാറുണ്ട്. പുല്‍ക്കൂടിന്റെ വലിയ ഇടം ഒരുക്കിയിട്ട് അവര്‍ തന്നെ അതില്‍ കയറി നില്‍ക്കുന്നു. ആ കുട്ടികള്‍ തന്നെ മറിയവും യൗസേപ്പിതാവും രാജാക്കന്മാരും ഇടയന്മാരുമാകുന്നു.
ഒരല്‍പം പോലും മലിനമല്ലാത്ത അവരുടെ ആ ഹൃദയത്തിലല്ലേ സത്യമായും ഉണ്ണി പിറക്കുന്നത്. അതല്ലേ സത്യത്തില്‍ ക്രിസ്മസ്. സമയമുണ്ടെങ്കില്‍ നിങ്ങളുടെ പരിസരങ്ങളിലെ ഇങ്ങനെയുള്ള ഭവനങ്ങളിലേക്കുള്ള യാത്രയാകട്ടെ ഈ ക്രിസ്മസ്. മറ്റെന്തിനേക്കാളും അത് നിങ്ങളെ നിര്‍മ്മലമാക്കും. ഒരു വലിയ പിറവിയുടെ അര്‍ത്ഥം അവിടെനിന്ന് നിങ്ങള്‍ക്ക് പിടുത്തം കിട്ടും. ഹാപ്പി ക്രിസ്മസ്!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?