കോഴിക്കോട്: 2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പിച്ചു.
ഭദ്രാസന ദൈവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓര്‍മിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയില്‍ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും ഇടവകകളിലും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കട്ടെയെന്ന് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ ആശംസിച്ചു.
രൂപതാതല ഉദ്ഘാടനത്തിനു ശേഷം ജനുവരി 5ന് വികാരിയച്ചന്റെയും പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിന്റെയും അജപാലന ശുശ്രൂഷാ സമിതിയുടെയും നേതൃത്വത്തില്‍ ഇടവകാതല ജൂബിലി ആഘോഷങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. ജനറല്‍ കണ്‍വീനര്‍ മോണ്‍ ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, റവ. ഡോ. ജെറോം ചിങ്ങംതറ, റവ.ഡോ. അലോഷ്യസ് കുളങ്ങര, മോണ്‍. വിന്‍സന്റ് അറയ്ക്കല്‍, കണ്‍വീനര്‍മാരായ ഫാ. സജീവ് വര്‍ഗീസ്, ബിനു എഡ്വേര്‍ഡ്, ജോയ് ടി.എഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ 24ന് തുറന്നതോടെയാണ് ലോകമെങ്ങും ജൂബിലി വര്‍ഷത്തിന് തുടക്കമായത്.
Leave a Comment
Your email address will not be published. Required fields are marked with *