കാഞ്ഞിരപ്പള്ളി: പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍ ഉത്സാഹത്തോടെ മുന്നേറുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മിശിഹാ വര്‍ഷം 2025 ജൂബിലിയുടെ രൂപതാതല ആചരണത്തിന് തുടക്കംകുറിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ പുളിക്കല്‍.
വിശ്വാസ ബോധ്യത്തില്‍ നിന്നാണ് ഹൃദയം ശാന്തമാകുന്നത് . ജീവിതത്തിലെ എല്ലാ സാഹചര്യത്തെയും വിശ്വാസബോധ്യത്തില്‍നിന്നും വ്യാഖ്യാനിക്കുന്നവര്‍ പ്രതിസന്ധികളില്‍ ഇടറില്ല. വ്യക്തിപരമായ വിലയിരുത്തലുകളും കണ്ടെത്തലുകളും നടത്തി വിശ്വാസജീവിതത്തില്‍ പ്രത്യാശയോടെ തീര്‍ത്ഥാടനം നടത്തുന്നവരാകുവാന്‍ കഴിയണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് തോമസ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയിലെ ഉത്ഥാനഗീതത്തോടനുബന്ധിച്ചുള്ള ദീപം തെളിക്കല്‍ ശുശ്രൂഷയോടെയാണ് രൂപതാതല ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായത്. ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് ദനഹാ തിരുനാള്‍ റംശനമസ്‌കാരത്തിലെ ദീപം തെളിയിക്കല്‍ ശുശ്രൂഷയോടെയാണ് തുടക്കമാകുന്നത്.
വിശ്വാസജീവിത പരിശീലന പരിപാടികള്‍, കുമ്പസാരത്തിനുള്ള അധിക സൗകര്യങ്ങള്‍, തീര്‍ത്ഥാടനങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ വിശ്വാസ ജീവിതത്തിന് ശക്തിപകരുന്ന വിവിധ കര്‍മപദ്ധതികള്‍ ജൂബിലി വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടപ്പിലാക്കും
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോര്‍ജ് കുഴുപ്പിള്ളില്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേല്‍, എന്നിവരുള്‍പ്പെടെയുള്ള വിശ്വാസി സമൂഹം തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *