ജറുസലേം: നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയിലേക്ക് ജൂബിലികുരിശുമായി പ്രവേശിച്ചുകൊണ്ട് വിശുദ്ധ നാട്ടില്‍ പ്രത്യാശയുടെ 2025 ജൂബിലി വര്‍ഷത്തിന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബറ്റിസ്റ്റ പിസബല്ല തുടക്കം കുറിച്ചു. ജൂബിലി കുരിശുമായി ബസിലിക്കയിലേക്ക് പ്രവേശിച്ച കര്‍ദിനാളിനെ ഹൈഫയുടെയും വിശുദ്ധ നാടിന്റെയയും മറോനൈറ്റ് ആര്‍ച്ചുബിഷപ് മൂസ ഹാഗെ, ഹൈഫയിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ചുബിഷപ് യൂസഫ് മാറ്റ എന്നിവരടക്കം 11 മെത്രാന്മാരും മേജര്‍ സുപ്പീരിയര്‍മാരും 150ഓളം വൈദികരും പാത്രിയര്‍ക്കീസിനെ അനുഗമിച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ പിയര്‍ബറ്റിസ്റ്റ പിസാബല്ല നേതൃത്വം നല്‍കി. ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് എന്ന നിലയില്‍, ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍, സൈപ്രസ് എന്നിവ ഉള്‍പ്പെടുന്ന രൂപതയിലെ ജൂബിലി വര്‍ഷത്തിനാണ് കര്‍ദിനാള്‍ തിരി തെളിച്ചത്.
ദൈവത്തിന് മുന്നില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കാനുള്ള അനുകൂല സമയമാണ് വിശുദ്ധ വര്‍ഷമെന്ന് കര്‍ദിനാള്‍ പറഞ്ഞു. വിശുദ്ധ നാടിന് യഥാര്‍ത്ഥത്തില്‍ ഒരു ജൂബിലി വര്‍ഷം ആവശ്യമാണെന്നും അങ്ങനെ ദൈവത്തിന് നമ്മുടെ കടങ്ങള്‍ റദ്ദാക്കാനും നമ്മുടെ പാപങ്ങളുടെയും ഭയങ്ങളുടെയും താങ്ങാനാവാത്ത ഭാരം നമ്മുടെ ചുമലില്‍ നിന്നും ഹൃദയങ്ങളില്‍ നിന്നും മാറ്റുവാനും നമ്മുടെ കണ്ണുകളിലേക്ക് വെളിച്ചം തിരികെ കൊണ്ടുവരാനും കഴിയുമെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
ഐക്കണോഗ്രാഫര്‍ മരിയ റൂയിസ് രൂപകല്‍പ്പന ചെയ്ത ജൂബിലി കുരിശ് അള്‍ത്താരയ്ക്ക് സമീപം സ്ഥാപിച്ചു. ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെയും രക്ഷയുടെയും അടയാളമായി ജൂബിലി വര്‍ഷം മുഴുവനും കുരിശ് ബസിലിക്കയില്‍ തുടരും.
ബെത്ലഹേമിലെ നേറ്റിവിറ്റി ബസിലിക്ക, ജറുസലേമിലെ ഉത്ഥാന ദൈവാലയം, ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ചര്‍ച്ച്, ജോര്‍ദാനില്‍ യേശു മാമോദീസ സ്വീകരിച്ച സ്ഥലം (അല്‍-മഗ്താസ്), ലാര്‍നാക്കയിലെ സെന്റ് മേരി ഓഫ് ഗ്രേസ് ചര്‍ച്ച് എന്നിവിടങ്ങളിലും ജൂബിലി കുരിശിന്റെ പകര്‍പ്പുകള്‍ സ്ഥാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *