തൃശൂര്‍: വത്തിക്കാന്റെ പൊന്തിഫിക്കല്‍ മാധ്യമ കാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പാനലിസ്റ്റായി മലയാളി സിസ്റ്റര്‍ ‘ഇന്ത്യാസ് ക്യാമറ നണ്‍’ എന്നറിയപ്പെടുന്ന സിസ്റ്റര്‍ ലിസ്മി പാറയില്‍ സിഎംസി പങ്കെടുക്കും. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഇങ്ങനെ ഒരവസരം ലഭിക്കുന്നത്.
ജനുവരി 24 മുതല്‍ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തിയതികളിലാണ് ലോകമെമ്പാടുമുള്ള വിവിധ സന്യാസിനീ സമൂഹത്തില്‍നിന്നുള്ളവരുടെ കോണ്‍ഫ്രന്‍സ് നടക്കുന്നത്. 23 ന് നടക്കുന്ന പാനല്‍ ഷെയറിങ്ങിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് സിസ്റ്റര്‍ ലിസ്മി. സുഡാനില്‍നിന്നുള്ള സിസ്റ്റര്‍ പവോല മോഗി, ഇറ്റലിയില്‍നിന്നുള്ള സിസ്റ്റര്‍ റോസ് പക്കാറ്റെ എന്നിവരാണ് മറ്റ് രണ്ടുപേര്‍.
പരമ്പരാഗതവും നവീനവും വൈവിധ്യമാര്‍ന്നതുമായ മാധ്യമങ്ങളിലൂടെ എങ്ങനെ ക്രിസ്തുവിനെ പ്രകാശിപ്പിക്കാമെന്ന് സന്യസ്തര്‍ക്ക് അവബോധം നല്‍കുകയാണ് കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം. വിശ്വാസവഴിയിലൂടെ ചരിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വഴിവിളക്കായിരിക്കും സിസ്റ്റര്‍ ലിസ്മിയുടെ സാന്നിധ്യമെന്നാണ് സിസ്റ്ററെ ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ക്യാമറക്കണ്ണുകളിലൂടെ എങ്ങനെ ക്രിസ്തുവിനെ ക്രൈസ്തവ-അക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അനുഭവങ്ങളില്‍നിന്ന് പങ്കുവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലിസ്മി പറഞ്ഞു. ഛായാഗ്രാഹക എന്ന നിലയില്‍ സുവിശേഷവല്‍ക്കരണത്തിനായി ചെയ്ത ശുശ്രൂഷകളും സംഭാവനകളും വിവരിക്കാനുള്ള അവസരമുണ്ട്.
സിസ്റ്റര്‍ ലിസ്മിയുടെ യാത്രയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്നത് വത്തിക്കാനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വീഡിയോ നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *