ലാഹോര്‍/പാക്കിസ്ഥാന്‍: ലോകമെമ്പാടും ക്രൈസ്തവ ഐക്യത്തിനായുള്ള വാരാചരണം നടത്തിയപ്പോള്‍ പാകിസ്ഥാനിലെ വിവിധ സഭകളില്‍പ്പെട്ട ഒരു കൂട്ടം ക്രൈസ്തവര്‍ എക്യുമെനിക്കല്‍ തീര്‍ത്ഥാടനത്തിനായി ആകാശ് ബഷീറിന്റെ മൃതകുടീരമാണ് തിരഞ്ഞെടുത്തത്. ദൈവദാസനായി സഭ ഔദ്യോഗികമായി അംഗീകരിച്ച ഈ ‘രക്തസാക്ഷി’യുടെ മൃതകുടീരത്തിലേക്കുള്ള ആ തീര്‍ത്ഥയാത്രക്ക് ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. ലാസര്‍ അസ്ലം ഒ.എഫ്.എം.കാപ്പും പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ സാമുവല്‍ ഖോഖറും നേതൃത്വം നല്‍കി.
2015 മാര്‍ച്ച് 15 ന് യൂഹാനാബാദില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ സ്വജീവന്‍ ത്യജിച്ചുകൊണ്ട് അനേകരെ രക്ഷിച്ച ആകാശുമായി വ്യക്തിപരമായ ഒരടുപ്പവും പാസ്റ്റര്‍ ഖോഖറിനുണ്ട്. ആ ആക്രമണം നടക്കുമ്പോള്‍ പാസ്റ്റര്‍ ഖോഖറും അവിടെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പരിക്കേറ്റവരെയും മരിച്ചവരെയും ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ലാഹോറിലെ ജിന്ന ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനും പാസ്റ്റര്‍ ഖോഖര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ‘മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതിനും മോര്‍ച്ചറിയില്‍ വയ്ക്കുന്നതിനും ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതിനുമുള്ള ചുമതല എനിക്കായിരുന്നു. ബോഡി ബാഗുകളിലൊന്നില്‍ ആകാശ് ബഷീറിന്റെ പേര് എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. കുട്ടിയുടെ മുഖം എന്നെ വല്ലാതെ സ്പര്‍ശിച്ചു. നിര്‍ജീവമായിരുന്നെങ്കിലും, ആ മുഖത്തിന് അലൗകികമായ ഒരു സൗന്ദര്യമുണ്ടായിരുന്നു. ആകാശിന്റെ മുഖത്തെ പുഞ്ചിരിയും ശാന്തതയും ആദിമസഭയില്‍ രക്തസാക്ഷികളായവരുടെ ഓര്‍മകള്‍ എന്നിലുണര്‍ത്തി,’ അദ്ദേഹം ഓര്‍ക്കുന്നു. ആ ഭീകരാക്രമണത്തിന് ശേഷം, ഭീഷണികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പാസ്റ്റര്‍ ഖോഖര്‍ കുറച്ചുകാലം പാകിസ്ഥാന്‍ വിടാന്‍ നിര്‍ബന്ധിതനായി. വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശ് ബഷീറിന്റെ ശവകുടീരത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം വികാരാധീനനായി. മറ്റൊരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ ഐ.ബി റോക്കിയും ലാഹോര്‍ സെമിത്തേരിയില്‍ നടന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തു.
‘വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ശക്തമായ സന്ദേശം ആകാശ് ഞങ്ങള്‍ക്ക് നല്‍കുന്നു. ദൈവത്തിനും സഭയ്ക്കും ജനങ്ങള്‍ക്കുമായി ജീവിതം ബലിയര്‍പ്പിച്ച ആകാശിന്റെ മാതൃക പിന്‍പറ്റി നമ്മുടെ സമൂഹത്തെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. ‘മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം നിനക്കു ഞാന്‍ നല്‍കാം’ (വെളിപാട് 2:10) എന്ന വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ട് പാസ്റ്റര്‍ റോക്കി പറഞ്ഞു.
അഗാധമായ ഒരു ആത്മീയ അനുഭവമായിരുന്നു ഈ തീര്‍ത്ഥാടനമെന്ന് ഫാ. ലാസര്‍ അസ്ലം പറഞ്ഞു. പരസ്പരം ദൈവമക്കളായി അംഗീകരിക്കാനും മനുഷ്യത്വം പങ്കിടാനും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളാനും വിശ്വാസം സംരക്ഷിക്കാനും തന്റെ ത്യാഗത്തിലൂടെ, ആകാശ് ബഷീര്‍ പാകിസ്ഥാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്നു. ‘ആകാശ് ബഷീറിന്റെ പൈതൃകം ഐക്യത്തിന്റെയും മതാന്തര കൂട്ടായ്മയുടെയും ശക്തമായ പ്രതീകമായി മാറിയിരിക്കുന്നു ,’ ഫാ. ലാസര്‍ അസ്ലം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *