ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍
(ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്)
ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്. ന്യൂനപക്ഷങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതബോധവും വളര്‍ത്തിയെടുക്കുന്നതിനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുപ്രീം കോടതിയുടെ ടിഎംഎപൈ ഫൗണ്ടേഷന്‍ വിധിന്യായത്തില്‍ പറയുന്നുണ്ട്.
ന്യൂനപക്ഷ സംരക്ഷണം മൗലിക അവകാശമാണെന്നിരിക്കെ സാധാരണ നിയമങ്ങളെ സമീപിക്കുന്ന രീതിയിലും കാഴ്ചപ്പാടിലും ന്യൂനപക്ഷ സംരക്ഷണത്തെ സമീപിച്ച് ദുര്‍ബലപ്പെടുത്തുന്നതും വ്രണപ്പെടുത്തുന്നതും ശരിയല്ല. ന്യൂനപക്ഷപദവി മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഔദാര്യവും ദയയുമാണെന്ന് പലരും കരുതുന്നു. ഇത് തെറ്റായ കാഴ്ചപ്പാടും ചിന്തയുമാണ്. ന്യൂനപക്ഷപദവിയും മാനദണ്ഡങ്ങളും വലിയ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. എത്രശതമാനംവരെ ജനസംഖ്യ ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.
ന്യൂനപക്ഷ കമ്മീഷന്‍ ആക്ട്
ഭരണഘടനയുടെ 14 മുതല്‍ 30 വരെയുള്ള വിവിധ ആര്‍ട്ടിക്കിളുകളില്‍ ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ വിവിധ തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെയൊരിടത്തും ആരൊക്കെയാണ് മത ന്യൂനപക്ഷങ്ങളെന്ന് വിശദീകരിക്കുന്നില്ല. സ്വാതന്ത്ര്യം പ്രാപിച്ച് 45 വര്‍ഷത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിന് രൂപം നല്‍കിയത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് 1992 മെയ് 17ന് നിലവില്‍ വന്നു. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, രാഷ്ട്രീയ പ്രാതിനിധ്യങ്ങള്‍, സാമൂഹ്യ സാമ്പത്തിക വികസനം, സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് ഈ ആക്ടിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിട്ടത്. 1993-ലെ ഗവണ്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം മുസ്ലീം വിഭാഗത്തോടൊപ്പം ക്രൈസ്തവര്‍, സിഖ്, ബുദ്ധര്‍, പാഴ്‌സി എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ന്യൂനപക്ഷ വിഭാഗങ്ങളെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 2014 ജനുവരിയില്‍ മറ്റൊരു നോട്ടിഫിക്കേഷനിലൂടെ ജൈന മതത്തെയും ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി.
മതം തിരിച്ചുള്ള കണക്കുകള്‍
സ്വതന്ത്ര ഭാരതത്തിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ് നടത്തിയത് 1951-ലാണ്. ഇക്കാലത്തെ മതം തിരിച്ചുള്ള സര്‍ക്കാര്‍ ഔദ്യോഗിക ശതമാനക്കണക്കുപ്രകാരം ഹിന്ദു 84.1%, ഇസ്ലാം 9.8%, ക്രൈസ്തവര്‍ 2.3%, സിക്ക് 1.79%, ബുദ്ധര്‍ 0.74%, ജൈനര്‍ 0.46%, പാഴ്‌സി 0.13%, മറ്റുള്ളവര്‍ 0.43%. തുടര്‍ന്നുള്ള 60 വര്‍ഷങ്ങളിലെ ആറ് ജനസംഖ്യാ കണക്കെടുപ്പിന്റെ അവസാനത്തേതായ 2011-ലെ ശതമാനം ഇപ്രകാരം: ഹിന്ദു 79.8%, ഇസ്ലാം 14.23%, ക്രൈസ്തവര്‍ 2.3%, സിക്ക് 1.72%, ബുദ്ധര്‍ 0.70%, ജൈനര്‍ 0.37%. പാഴ്‌സികള്‍ എണ്ണത്തില്‍ വളരെ കുറവായതുകൊണ്ട് ലിസ്റ്റിലില്ല. മറ്റുള്ളവര്‍ 0.9%. ചുരുക്കിപ്പറഞ്ഞാല്‍ 7 സെന്‍സസുകള്‍ കഴിഞ്ഞപ്പോള്‍ ജനസംഖ്യാ വളര്‍ച്ചയുള്ളത് ഇസ്ലാം മതത്തിനു മാത്രം. 9.8 ശതമാനത്തില്‍ നിന്നും 14.23 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2021 ല്‍ സെന്‍സസ് നടന്നിട്ടില്ല. 2025 ല്‍ സെന്‍സസ് നടത്താനുള്ള നീക്കങ്ങളുണ്ട്.
ജനസംഖ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമായെടുത്താല്‍, ഇന്ത്യയിലെ 6 ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാ ശതമാനം 19.32. ഇതില്‍ മുസ്ലീം ഒഴിച്ചുള്ള ബാക്കി 5 വിഭാഗങ്ങളുടെ ആകെ ജനസംഖ്യ കേവലം 5.09 ശതമാനം മാത്രം. അതായത് ഈ അഞ്ചു മതവിഭാഗങ്ങളുടെ വളര്‍ച്ച മുരടിച്ച് പിന്നോട്ടടിച്ചു. 1971ലെ സെന്‍സസില്‍ ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.6 ശതമാനമായി ഉയര്‍ന്നിരുന്നതാണ് 2011-ല്‍ 2.3 ലേക്ക് വീണ്ടും കുറഞ്ഞു.
പദ്ധതികളിലെ വിവേചനം
2005 ഓഗസ്റ്റ് 15ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി 15 ഇന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുവാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി 2006 നവംബറില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ടും ക്ഷേമപദ്ധതി നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. ബിഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, യു.പി, ഗുജറാത്ത് എന്നീ 5 സംസ്ഥാനങ്ങളിലാണ് സച്ചാര്‍ കമ്മറ്റി പഠനം നടത്തിയത്.
ആറ് മതന്യൂനപക്ഷ വിഭാഗങ്ങളുള്ളതില്‍ കേന്ദ്രസര്‍ക്കാര്‍ പഠനം നടത്തിയത് മുസ്ലീം മതവിഭാഗത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ഇതിനെ വെള്ളപൂശാനാണ് എല്ലാ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായുള്ള പ്രധാനമന്ത്രിയുടെ 15 ഇന ക്ഷേമപദ്ധതികളില്‍തന്നെ സച്ചാര്‍ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍, പിന്നീട് സംഭവിച്ചത്, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഒന്നടങ്കം ഒരു മതവിഭാഗത്തിന്റെ കുത്തകയായി മാറിയെന്നുമാത്രമല്ല ന്യൂനപക്ഷമെന്നാല്‍ ഈ ആറെണ്ണത്തിലെ ഭൂരിപക്ഷ മതവിഭാഗം മാത്രമെന്ന നിലയിലേക്ക് അട്ടിമറിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലീം ഒഴിച്ചുള്ള ഇതര മതന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം, വിദ്യാഭ്യാസം, തൊഴില്‍, ജനസംഖ്യാശോഷണം എന്നിവ സംബന്ധിച്ച് പഠിക്കുവാനോ, പദ്ധതികള്‍ ആവിഷ്‌കരിക്കുവാനോ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. പാഴ്‌സികള്‍ക്കുള്ള ജിയോ പാഴ്സി പദ്ധതി മാത്രമാണ് ഒരു താല്‍ക്കാലിക ആശ്വാസം.
ജനസംഖ്യ കുറയുന്ന മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ച് സര്‍ക്കാര്‍ ക്ഷേമപദ്ധതികളൊന്നടങ്കം സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ മാത്രമല്ല ജനസംഖ്യയിലും വളര്‍ച്ച നേടുന്നവര്‍ക്ക് വീതംവെച്ചുനല്‍കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത് ന്യൂനപക്ഷ സംരക്ഷണതത്വങ്ങള്‍ക്ക് നേര്‍വിപരീതമാണ്. ഈ സത്യം പറയുന്നതിന് ഇവിടെ വര്‍ഗീയത ആരോപിക്കുന്നവര്‍ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണ തത്വങ്ങള്‍ ബലികഴിച്ച വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉപാസകരാണ്. കുറച്ചു നാളുകളായി ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും ചര്‍ച്ചകളും ചിന്തകളുമുയരുന്നതും നീതിപീഠങ്ങളില്‍ ചോദ്യം ഉന്നയിക്കപ്പെടുന്നതും പ്രതീക്ഷയേകുന്നു.
അളവുകോല്‍
ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്റെ അളവുകോല്‍ ജനസംഖ്യയും, അംഗസംഖ്യയുടെ കുറവ് ദുര്‍ബലാവസ്ഥയുടെ പ്രധാന കാരണവുമായിരിക്കുമ്പോള്‍ സംരക്ഷണം വേണ്ടതാര്‍ക്ക് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സര്‍ക്കാര്‍ ഖജനാവിലെ പൊതുപത്തിന്റെ സിംഹഭാഗവും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പേരില്‍ ഒരു മതവിഭാഗത്തിനു മാത്രമായി ചെലവിടുന്നത് മതേതരഭാരതത്തിന്റെ ഭരണഘടനാ ഉത്തരവാദിത്വത്തെ കളങ്കപ്പെടുത്തുന്നതല്ലേയെന്ന ചോദ്യത്തിനും ഇതുവരെ ഉത്തരമായിട്ടില്ല. ഈ സ്ഥിതിക്ക് ഇനിയെങ്കിലും മാറ്റം വരേണ്ടതല്ലേ? വളര്‍ച്ചാനിരക്ക് പുറകോട്ടടിക്കുന്ന അഥവാ വളര്‍ച്ച മുരടിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈന വിഭാഗങ്ങളുടെ നിലനില്പിന് പ്രത്യേക സംരക്ഷണപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.
ജിയോ പാഴ്സി പദ്ധതി
1951 ല്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 0.13 ശതമാനം പാഴ്‌സികളുണ്ടായിരുന്നു. 2011-ലെത്തിയപ്പോള്‍ ദേശീയ ശതമാനക്കണക്കില്‍ ഇവര്‍ ഇടംപോലും തേടിയിട്ടില്ല. പാഴ്‌സി ജനസംഖ്യ 1951-ലെ 1.5 ലക്ഷത്തില്‍ നിന്ന് 2011-ല്‍ ഏതാണ്ട് 30,000-ത്തിലെത്തിയെന്നാണ് അനൗദ്യോഗിക വിവരം.
1971 മുതല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാഴ്‌സി സമൂഹത്തിന്റെ കുടിയേറ്റവും ജനനനിരക്ക് താഴ്ന്നതും വളര്‍ച്ചയെ തളര്‍ത്തി. അങ്ങനെ പാഴ്‌സി സമൂഹം ഇന്ത്യയില്‍ ചരിത്രമാ കുവാനുള്ള സാധ്യതകളേറെ. ഈ അനുഭവങ്ങള്‍ മുന്നറിയിപ്പായി കണ്ട് വളര്‍ച്ചാനിരക്ക് മുരടിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈന വിഭാഗങ്ങളെ മുന്നി ല്‍ കണ്ട് പ്രത്യേക പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ പാഴ് സികളുടെ അവസ്ഥയിലേക്കും ഈ വിഭാഗങ്ങ ളും എത്താന്‍ അധിക കാലം വേണ്ടിവരില്ല.
ന്യൂനപക്ഷ മാനദണ്ഡം
സാമൂഹിക പിന്നാക്കാവസ്ഥ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അടിസ്ഥാന മാനദണ്ഡമാക്കിയത് അങ്ങേയറ്റം ദുരുദ്ദേശപരവും രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ടുമാണ്. കേരളത്തിലെ കുപ്രസിദ്ധ 80:20 അനുപാതം അതിന്റെ ക്ലാസിക് ഉദാഹരണമായിരുന്നു. നമ്മുടെ രാജ്യത്ത് അംഗബലം കുറയുന്ന ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്‌സി എന്നീ 5 ന്യൂനപക്ഷ മതവിഭാഗങ്ങളെ ദേശീയതലത്തില്‍ മൈക്രോ മൈനോരിറ്റിയായി വിജ്ഞാപനം ചെയ്ത് രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനുതകുന്ന ഭരണഘടനാ, നിയമ ഭേദഗതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം.
ഇന്ത്യയിലെ 6 വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്‌സി എന്നീ 5 വിഭാഗങ്ങള്‍ക്കും 2.5 ശതമാനത്തില്‍ താഴെവീതം ജനസംഖ്യ മാത്രമാണെന്നത് സര്‍ക്കാര്‍ രേഖയാണ്. ജനസംഖ്യ നിലവില്‍ വളരെ കുറഞ്ഞിരിക്കുന്നതും കുറഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ മതവിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംരക്ഷണവും ക്ഷേമപദ്ധതികളും നല്‍കേണ്ടത്. ഇപ്രകാരമുള്ള നടപടിയിലൂടെ മാത്രമേ രാജ്യത്ത് ശരിയായ ന്യൂനപക്ഷ സംരക്ഷണതത്വം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. രാജ്യത്തെ ജാതിസംവരണ വ്യവസ്ഥയില്‍ സാമൂഹിക പിന്നോക്കാവസ്ഥയുടെ ആഴമനുസരിച്ച് പട്ടിക വിഭാഗങ്ങള്‍ (ടഇ,ടഠ), മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (ഛആഇ) എന്ന് രണ്ടായി തിരിച്ചിരിക്കുന്നതുപോലെ മതന്യൂനപക്ഷങ്ങളില്‍ കുറഞ്ഞ തോതിലുള്ള ജനന നിരക്ക്, ജനസംഖ്യാവളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മേല്പറഞ്ഞ 5 മതന്യൂനപക്ഷങ്ങളെ രാജ്യത്തെ മൈക്രോ മൈനോരിറ്റിയായി കേന്ദ്രസര്‍ക്കാര്‍ നിര്‍വ്വചിക്കണം. പിന്നാക്ക സംവരണത്തിന്റെ മറവില്‍ മതസംവരണം പോലെയുള്ള ഭരണഘടനാവിരുദ്ധ അവകാശങ്ങളൊന്നും ഈ രാജ്യത്ത് ആവശ്യവുമില്ല.
Leave a Comment
Your email address will not be published. Required fields are marked with *