ഫാ. മാത്യു ആശാരിപറമ്പില്‍
‘ഞങ്ങളൊക്കെ അഞ്ചും ആറും കിലോമീറ്ററുകള്‍ നടന്നിട്ടാണ് പഠിച്ചത്. ഭക്ഷണം കഴിക്കാന്‍പോലും കിട്ടാതെ വിശന്ന് ജീവിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് വളര്‍ന്നത്…’ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പ്ലസ്ടുകാരന്‍ മകന്‍ തുറന്നടിച്ചു. ‘ഒന്ന് നിര്‍ത്താമോ പപ്പേ.. ഇത് എത്ര പ്രാവശ്യമാ കേള്‍ക്കുന്നത്. ചുമ്മാ തള്ളാതെ പപ്പ… പഴംപുരാണം.’
മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച കഷ്ടതയുടെയും കണ്ണീരിന്റെയും കഥകള്‍ മനസില്‍നിന്ന് മായാത്ത തലമുറ ഇടയ്ക്കിടെ അത് അയവിറക്കുന്നു. മനസിലെ നീറുന്ന ഓര്‍മകളില്‍നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ കഥകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പുതിയ തലമുറ പുച്ഛിക്കുന്നു… കേള്‍ക്കാന്‍ അവര്‍ക്ക് സമയവും സൗകര്യവുമില്ല എന്നതല്ല പ്രശ്‌നം. അത് അവരെ ബോറടിപ്പിക്കുന്നു. വളരെ ആവേശത്തോടെ പ്രഘോഷിക്കുന്ന ഗതകാല സ്മരണകള്‍ പുതിയ തലമുറക്ക് തമാശക്കഥകള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു.
പഴയതാണ് നല്ലത്; കഴിഞ്ഞ കാലമാണ് ശ്രേഷ്ഠം; ഇന്ന് എല്ലാം പോക്കാണ് എന്ന് ഇടയ്ക്കിടെ പറയുവാന്‍ അറുപതു കഴിഞ്ഞവര്‍ക്ക് വല്ലാത്ത ആവേശം. പട്ടാളത്തിലെ തന്റെ വീരസാഹസിക കഥകള്‍ വിളമ്പുന്ന പട്ടാളക്കാരന്റെ മുമ്പില്‍ ചെന്നുപെടാതെ ഓടിയൊളിക്കുകയാണ് പുതിയ തലമുറ. വെടിയുണ്ടയെക്കാള്‍ ഭയാനകമാണ് ഈ പഴംപുരാണ വാചകമടി!
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പഴഞ്ചൊല്ല് പൂര്‍ണമായും ശരിയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. പഴയതെല്ലാം നല്ലതാണെന്നും പഴയതിന്റെ നന്മയോ മികവോ പുതിയതിന് ഇല്ലെന്നുമുള്ള ‘തന്തവൈബ്’ പുതിയ കാലത്തില്‍ വിമര്‍ശിക്കപ്പെടുന്നു. പഴയ പാട്ടുകളുടെ സ്വരമാധുരിയും ഭാവലയങ്ങളും വാഴ്ത്തപ്പെടുമ്പോഴും പുതിയ താളത്തിലും വേഗത്തിലും പുത്തന്‍ ട്യൂണുകള്‍ ജനത്തെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തില്‍ ഒരു മലയാളം പാട്ടുപോലും ആലപിക്കപ്പെട്ടില്ല, നൃത്തം ചെയ്തില്ല, ഹിന്ദിയും തമിഴും തെലുങ്കും ഇംഗ്ലീഷും പാട്ടുകളുമായി യുവതലമുറ ആടിത്തിമിര്‍ക്കുകയാണ്.
പഴയത് മോശമാണെന്ന് പുതിയ തലമുറ കുറ്റപ്പെടുത്തുന്നില്ല; എന്നാല്‍ പഴയവ മാത്രമാണ് ശ്രേഷ്ഠമെന്ന വാദഗതി അവര്‍ അംഗീകരിക്കില്ല. ഓരോ കാലഘട്ടവും മാറ്റത്തിലൂടെയാണ് പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുന്നത്. പരിണാമം മനുഷ്യനും ജീവജാലങ്ങള്‍ക്കും മാത്രമല്ല, സംസ്‌കാരത്തിനും അനിവാര്യമാണ്. വികസനത്തിന്റെ രജതപാതയില്‍ മുന്നേറണമെങ്കില്‍ പഴയ ഇടങ്ങളില്‍നിന്ന് യാത്ര പുറപ്പെടുകതന്നെ വേണം. പഴമയുടെ നിറക്കൂട്ടുകള്‍ അതേപോലെ പുനഃപ്രതിഷ്ഠിക്കുകയല്ല, മറിച്ച് കാലത്തിന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ച് പുതുമ കൈവരിക്കുന്നതാണ് വികസനത്തിന്റെ സത്തയും സൗന്ദര്യവും.
യാഥാസ്ഥിതികതയും പുരോഗമനവും തമ്മില്‍ എല്ലാക്കാലത്തും ദ്വന്ദഭാവം പ്രകടമായിട്ടുണ്ട്. കാലം തെളിയിച്ച യാഥാര്‍ത്ഥ്യത്തിന്റെ നന്മയും കരുത്തും മുറുകെ പുണര്‍ന്ന് സായൂജ്യമടയുന്നവരാണ് യാഥാസ്ഥിതികര്‍. എന്നാല്‍ പുതുവഴികളിലൂടെ പുതിയ ചക്രവാളങ്ങള്‍ തേടി നടക്കുവാന്‍ തിടുക്കംകൂട്ടുന്നവരാണ് പുരോഗമന വാദഗതിക്കാര്‍. പഴയതിനെ നിഷേധിച്ചും പുതിയ തീരങ്ങളില്‍ അണയുന്ന ഇവര്‍ സാഹസികരുമാണ്.
ഇവ രണ്ടും പൊരുത്തപ്പെടുന്ന വേദികളിലാണ് സുസ്ഥിരമായ ശാന്തിയും വളര്‍ച്ചയും വിടരുന്നത്. ലോകത്തില്‍ വിജയവും ഉയര്‍ച്ചയും കണ്ടെത്തിയവര്‍ പഴമയുടെ നന്മകളെ സ്വാംശീകരിച്ച് പുതിയ തീരങ്ങളിലേക്ക് നടക്കുവാന്‍ മനസിനെ ചലിപ്പിച്ചവരാണ്. പഴയതിനെ തള്ളിക്കളയാതെ, തള്ളിപ്പറയാതെ പുതിയ കുളിര്‍ത്തെന്നലിനായി മനസിന്റെ ജാലകവാതില്‍ തുറന്നുവയ്ക്കാനും ഈ തുറവിയിലൂടെ കൈവരുന്ന ബോധ്യങ്ങളും പരിശ്രമങ്ങളുമാണ് ലോകചരിത്രത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ശാസ്ത്രീയ വളര്‍ച്ചയ്ക്കും കാരണമായത്. ദേവഗീതങ്ങള്‍ പാടി വാഴ്ത്തിയ ചന്ദ്രനില്‍ താമസസൗകര്യം ഒരുക്കുവാന്‍ കണക്കുകൂട്ടുന്ന ആധുനിക ശാസ്ത്രലോകം യാഥാസ്ഥിതികതയുടെ നാലുകെട്ടില്‍ ഒതുങ്ങുവാന്‍ തയാറാകാത്തതുകൊണ്ടാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ ചന്ദ്രനെ ദൈവമായി ആരാധിക്കുന്ന അര്‍ദ്ധജ്ഞാനത്തിന്റെ കെട്ടുകളാണ് പൊട്ടുന്നത്.
അനേകം ദിനങ്ങളിലായി ആര്‍ജിച്ച നന്മയുടെ പൊതുപേരാണ് പഴമ. അത് നാം അനുഭവിച്ചറിഞ്ഞ നന്മയുടെയും പുണ്യത്തിന്റെയും പര്യായപദമാണ്. അവ നഷ്ടപ്പെടാതെയും കൈമോശം വരാതെയുമാണ് നാം മുമ്പോട്ടു നടക്കേണ്ടത്. എന്നാല്‍ പഴയ സംസ്‌കാരത്തിന്റെ നന്മകളെ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ അവ പ്രസരിപ്പിക്കുന്ന അനാചാരങ്ങളെ നാം തിരസ്‌കരിക്കുകതന്നെ വേണം. പുതിയ തലമുറ അഭിമാനം കണ്ടെത്തുന്നതും നാം ആദരവോടെ മനസിലാക്കണം. അമേരിക്കയും യൂറോപ്പും ഗള്‍ഫുംപോലെ ഭാരതമക്കളും അഴകും മികവും കഴിവുമുള്ളവരായി മാറിയത് ഈ പരിണാമത്തിലൂടെയാണ്.
എന്നാല്‍ ഈ പരിണാമത്തെ വേഗത കുറക്കുന്നതും ചിലപ്പോഴൊക്കെ റിവേഴ്‌സ് ഗിയറില്‍ ഇടുന്നതുമായ അധാര്‍മിക നീക്കങ്ങള്‍ പൊതുസമൂഹത്തില്‍ പ്രവേശിക്കുന്നത് നാം കാണാതെ പോകരുത്. പഴയ പുരാണങ്ങളിലേക്കും ഐതീഹ്യങ്ങളിലേക്കും മനുഷ്യബുദ്ധി പിടിച്ചുകെട്ടി, സനാതന ധര്‍മത്തിന്റെ പേരുംപറഞ്ഞ്, ബ്രാഹ്മണമേധാവിത്വത്തെ പുനഃപ്രതിഷ്ഠിക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ലോകം മുഴുവനും റോക്കറ്റ് യുഗത്തിലേക്ക് വളരുകയും കോവിഡിനും കാന്‍സറിനും മരുന്ന് കണ്ടുപിടിക്കാന്‍ പരിശ്രമിക്കുമ്പോഴും ഭാരതമനസിനെ ഏതെങ്കിലും സ്മാരകത്തിന്റെയോ പള്ളിയുടെ അടിയില്‍ ശിവലിംഗം തിരയുവാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു. മറ്റ് മതസമൂഹങ്ങളിലും ഈ ‘തിരിച്ചുനടക്കല്‍’ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹിജാബ് ധരിച്ച എത്ര മുസ്ലീം സ്ത്രീകളെ നമ്മുടെ നാട്ടില്‍ മുപ്പതുവര്‍ഷംമുമ്പ് നാം കണ്ടിട്ടുണ്ട്? സതി, ശൈശവവിവാഹം തുടങ്ങിയ ഒരു കാലത്ത് ശ്രേഷ്ഠമെന്ന് പറഞ്ഞ് പരത്തിയ പലതിനെയും തുടച്ചുമാറ്റിക്കൊണ്ടാണ് സമൂഹം പരിഷ്‌കൃതമായി മാറിയത്. വേഷത്തിലും പ്രവര്‍ത്തന ശൈലികളിലും ജീവിതാഭ്യാസങ്ങളിലും പഴമയില്‍നിന്നും മാറി നടക്കുവാന്‍ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നമ്മെ ആഹ്വാനം ചെയ്തു. സ്ത്രീകളെ മാറ് മറക്കുവാന്‍ സമ്മതിക്കാതിരുന്ന അധമവീക്ഷണത്തെ വെല്ലുവിളിക്കുവാന്‍ ധൈര്യപ്പെടുത്തിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്.
ഒന്നിച്ച് ഇരിക്കുവാനും ഒന്നിച്ച് ഭക്ഷണം കഴിക്കുവാനും ഒരേ പാതയില്‍ നടക്കുവാനും ബ്രാഹ്മണനും ശൂദ്രനും സാധിക്കുന്ന മലയാളത്തിന്റെ വിശാലതയിലേക്ക് നമ്മെ വളര്‍ത്തുവാന്‍ ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമികള്‍ക്കും അയ്യങ്കാളിക്കുമെല്ലാം ഏറെ അധ്വാനിക്കേണ്ടി വന്നു. പള്ളിക്കൂടങ്ങള്‍ വഴിവീശിയ നവീകരണത്തിന്റെ കൊടുങ്കാറ്റില്‍ പഴമയുടെ ഏറെ അനാചാരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. അതായത് പഴമയുടെ സത്തമാത്രം സൂക്ഷിച്ച് അതിന്റെ പൊടിപ്പും തൊങ്ങലുകളിലും നവീകരണം വരുത്തുമ്പോഴാണ് സാംസ്‌കാരിക വളര്‍ച്ച സാധിക്കുന്നത്. ഇത്തരം വളര്‍ച്ചയെ പേടിക്കുന്നവര്‍ പഴമയുടെ ചീമുട്ടകളില്‍ അടയിരിക്കുന്ന പൊരുന്നക്കോഴികളാണ്.
തൊഴിലിന്റെ മാഹാത്മ്യത്തെയും തൊഴിലാളിയുടെ അവകാശത്തെയും വാഴ്ത്തി പാടി ഇങ്കിലാബ് വിളിച്ചവന്‍, പണം മുടക്കുന്ന ഏതൊരുവനെയും ബൂര്‍ഷാസിയായി കണ്ട കമ്യൂണിസം അടച്ചുപൂട്ടിച്ച ആയിരക്കണക്കിന് തൊഴില്‍ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലേ? പഴയ മുദ്രാവാക്യങ്ങളെ പേടിച്ച് നാടുവിട്ട എത്രയോ തൊഴില്‍ സംരംഭകരുടെ നിലവിളി ഈ കേരളക്കരയില്‍ പ്രതിധ്വനിക്കുന്നു. എന്നാല്‍ പഴയ കമ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് മാറി ചിന്തിക്കുവാന്‍ മനസ് ഒരുക്കിയ ചൈന വലിയ സാമ്പത്തികശക്തിയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
കേരള ക്രൈസ്തവരുടെ ജീവിതത്തിലും ഇത്തരത്തിലുള്ള തിരിച്ചുനടക്കല്‍ ആരോ അടിച്ചേല്‍പിക്കുന്നു. എന്റെ കുഞ്ഞുനാളില്‍ ഞാന്‍ സുറിയാനി കുര്‍ബാന കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ഒന്നും മനസിലാകാതെ ഒരു കഥാപ്രസംഗം കേള്‍ക്കുന്നതുപോലെ നോക്കിനിന്ന കാലം. ശ്രേഷ്ഠരായ എത്രയോ ആചാര്യന്മാരുടെ പരിശ്രമത്താലും സമര്‍പ്പണത്താലുമാണ് മനസിലാകുന്ന മാതൃഭാഷയിലും ഈണത്തിലും നമ്മുടെ പ്രാര്‍ത്ഥനകളും കുര്‍ബാനകളും മനോഹരമാക്കി മാറിയത്. എന്നാല്‍ പഴയ സുറിയാനി പാട്ടുകളും ലത്തീന്‍ ഭാഷ പ്രാര്‍ത്ഥനകളുമെല്ലാം തിരുകിക്കയറ്റി ആരാധനക്രമംപോലും യാഥാസ്ഥിതികതയുടെ മാളത്തില്‍ അടച്ചുപൂട്ടുകയാണ്. അനുഷ്ഠാന രീതികളില്‍ പഴയ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പുനഃപ്രതിഷ്ഠിക്കുവാന്‍ ചിലര്‍ നടത്തുന്ന പരിശ്രമങ്ങള്‍ അഭിലഷണീയമാണോ?
ഏറെ കിഴക്കോട്ട് പോയാല്‍ നാം പടിഞ്ഞാറാണ് എത്തുക എന്ന സാമാന്യബോധം എവിടെയോ നഷ്ടപ്പെടുന്നു. വേഷത്തിലും രീതികളിലുമുള്ള ഈ തിരിച്ചുനടപ്പ് ഒരുതരം അടിമത്തമാണ്.
പഴയ സംസ്‌കാരത്തിന്റെ ശ്രേഷ്ഠമായ പൈതൃകങ്ങള്‍ നാം കണ്ടെത്തണം, മനസിലാക്കണം, കാത്തുസൂക്ഷിക്കണം. എന്നാല്‍ അതില്‍ കിടന്നുറങ്ങി അലസരാകരുത്. ഏറെ നടക്കുവാനുള്ള ഈ പാതയില്‍ പുതിയ താളത്തിലും വേഗത്തിലും നാം മുന്നേറണം. വളരെ വേഗത്തിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷംമുമ്പ് നാം കേട്ടിട്ടില്ലാത്ത ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലോകത്തിന്റെ മുഴുവന്‍ ചലനങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ആ ദിശാസന്ധിയില്‍ പഴയതുമാത്രമാണ് ശരി, അതിനെയാണ് നാം ജീവനുതുല്യം പുണരേണ്ടത് എന്ന വീക്ഷണങ്ങള്‍ അപക്വമാണ്. നാം ചുറ്റിലും കാണുന്ന പല കോലാഹലങ്ങളുടെയും അടിസ്ഥാനകാരണം ഈ പഴമയും പുതുമയും തമ്മിലുള്ള ദ്വന്ദയുദ്ധമാണ്. മുന്നേറുന്ന കാലത്ത് മാറോടു ചേര്‍ത്തുപിടിക്കാന്‍ പൈതൃകങ്ങള്‍ വേണം. എന്നാല്‍ നവീകരണത്തിന്റെ താളവും ഈണവും സ്വീകരിച്ച് പുത്തന്‍ഗീതങ്ങളുമായി നാം പുതിയ തീരങ്ങളിലേക്ക് നടക്കുകയും വേണം.
Leave a Comment
Your email address will not be published. Required fields are marked with *