ജോസഫ് മൂലയില്‍
സോഷ്യല്‍ മീഡിയകള്‍ വലിയ സാധ്യതയായിരുന്നു പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുവച്ചത്. സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യമായി പറയാനുള്ള പ്ലാറ്റ്‌ഫോമാണ് അതിലൂടെ ലഭിച്ചത്. മാധ്യമങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതോ മറ്റു താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി വളച്ചൊടിക്കാന്‍ പരിശ്രമിച്ചതോ ആയ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകാനും തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ജനവിരുദ്ധമായ നിയമനിര്‍മാണങ്ങളില്‍നിന്ന് അധികാരികള്‍ക്ക് പിന്‍വലിയേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ചില നിയമപരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ വ്യാപകമായ ട്രോളുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗവണ്‍മെന്റുകള്‍ മുട്ടുമടക്കിയിരുന്നു. വലിയ പ്രതിഷേധ സമരങ്ങളുടെ മുമ്പില്‍പ്പോലും പിന്മാറാതെ പിടിച്ചുനിന്നാണ് ഇത്തരം പ്രതികരണങ്ങളെ തുടര്‍ന്ന് പിന്‍വലിഞ്ഞതെന്ന് ഓര്‍ക്കണം. സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കുന്നത് പുതിയ തലമുറയുടെ കാഴ്ചപ്പാടുകളാണെന്ന തിരിച്ചറിവില്‍നിന്നാണ് അത്തരം പിന്‍മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
കണ്ടുപിടുത്തങ്ങള്‍ ശത്രുസംഹാരത്തിന്
എതൊരു കണ്ടുപിടുത്തവും ശത്രുസംഹാരത്തിന് ഉപയോഗപ്പെടുത്തിയതിന്റെ അനുഭവങ്ങള്‍ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. വെടിമരുന്നിന്റെ കണ്ടുപിടുത്തം മനുഷ്യന്റെ പുരോഗതിയില്‍ നിര്‍ണായകമായ വഴിത്തിരിവായിരുന്നു. ഇപ്പോഴത്തെ യന്ത്രസംവിധാനങ്ങള്‍ക്കുമുമ്പ് പാറക്കൂട്ടങ്ങളെ വെട്ടിമാറ്റാന്‍ അവനു കിട്ടിയ ശക്തിയായിരുന്നു വെടിമരുന്ന്. എന്നാല്‍ അതുകൊണ്ട് ആയുധങ്ങള്‍ നിര്‍മിക്കാമെന്നും ശത്രുവിനെ നേരിടാന്‍ ഉപയോഗിക്കാമെന്നും വൈകാതെ കണ്ടുപിടിച്ചു. ലോകത്തിന്റെ സമാധാനം നശിപ്പിക്കാന്‍ ആ കണ്ടുപിടുത്തം കാരണമായി. നന്മയ്ക്കുവേണ്ടി ലോകത്തിന് ലഭിക്കുന്നതെല്ലാം തിന്മക്കായി ഉപയോഗപ്പെടുത്തുന്നതാണ് മനുഷ്യപ്രകൃതം.
സോഷ്യല്‍ മീഡിയകളുടെ കാര്യത്തിലും ഏതാണ്ട് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. സ്വന്തം നിലപാടുകള്‍ നിര്‍ഭയമായി പറയാനുള്ള സ്വാതന്ത്ര്യം ഓരോ ദിവസവും കുറഞ്ഞുവരുകയാണ്. പ്രബലമായ ഏതെങ്കിലും വിഭാഗത്തിന് എതിരാണ് അഭിപ്രായമെങ്കില്‍ വെട്ടുക്കിളികളെപ്പോലെ അവര്‍ നിങ്ങളുടെമേല്‍ ചാടിവീഴാം. അവരില്‍ അധികവും മുഖമോ പേരോ ഉള്ളവര്‍ ആയിരിക്കില്ല. വ്യാജ അക്കൗണ്ടുകളില്‍നിന്നായിരിക്കും സംഘടിതമായ ആക്രമണങ്ങള്‍ അരങ്ങേറുക. നേരത്തെയൊക്കെ ഇരുട്ടടി നല്‍കിയ സംഭവങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. എവിടെയും ക്വട്ടേഷന്‍ സംഘങ്ങള്‍ ശക്തമായതോടെ അത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ അധികം കേള്‍ക്കാറില്ല. പകല്‍വെളിച്ചത്തില്‍ ജോലികള്‍ നിര്‍വഹിച്ചില്ലെങ്കില്‍ തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്ന തോന്നലില്‍നിന്ന് ഇരുളിന്റെ മറവിലുള്ള ഓപ്പറേഷനുകള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപേക്ഷിച്ചതാണോ എന്നറിയില്ല. എന്നാല്‍, ഇരുട്ടടി സംഘങ്ങളെപ്പോലെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഇപ്പോള്‍ വളരെ സജീവമാണ്. ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാം.
സൈബര്‍ പോരാളികള്‍
ആധാര്‍ നമ്പറുമായി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രഗവണ്‍മെന്റ് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേട്ടിരുന്നു. എന്നാല്‍, ആലോചനകള്‍ പെട്ടിയില്‍വച്ച് പൂട്ടിയെന്നു തോന്നുന്നു. കാരണം, വ്യാജന്മാരെ ഉപയോഗിച്ചുള്ള സോഷ്യല്‍ മീഡിയകളിലെ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ നില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സമര്‍ത്ഥമായി അവര്‍ ആ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ തമ്മിലുള്ള അങ്കങ്ങള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. എതിരാളികളെ അവഹേളിക്കുന്നതിനായി വ്യാജ പ്രൊഫയിലുകളില്‍നിന്നും വ്യാജ വാര്‍ത്തകള്‍ സംഘടിത സ്വഭാവത്തോടെ വ്യാപകമായി പടച്ചുവിടും. അതിനാല്‍ ഇ ത്തരം നിയമനിര്‍മാണങ്ങളെ രാഷ്ട്രീയ നേതൃത്വം പ്രോത്സാഹിപ്പിക്കാന്‍ സാധ്യത കുറവാണ്.
ഇതേസമയംതന്നെ സാമൂഹ്യവിരുദ്ധന്മാരെന്ന് വിശേഷിപ്പിക്കേണ്ട മറ്റൊരു കൂട്ടര്‍ സൈബര്‍ മേഖലയില്‍ ആടിത്തിമിര്‍ക്കുകയാണ്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന കമന്റുകള്‍ ഇടുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. ഏത് നിലപാടുകള്‍ക്കെതിരെയും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്ന അഭിപ്രായമില്ല. പക്ഷേ, വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍ എന്തിനാണ് അണ്‍പാര്‍ലമെന്ററിയായിട്ടുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്. ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് ഉപയോഗിക്കുന്ന ഭാഷ. പൊതുജനമധ്യത്തില്‍നിന്ന് മൈക്കുകെട്ടി വിളിച്ചുപറയുന്നതിലും വ്യാപ്തിയുണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ക്ക്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍
സോഷ്യല്‍ മീഡിയകള്‍ ശക്തിപ്രാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദത്തിലായത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിരുന്നു. ഒളിച്ചുപിടിക്കാന്‍ ശ്രമിച്ച സത്യങ്ങള്‍ മറനീക്കി പുറത്തുവന്നത് പല നേതാക്കന്മാരെയും പ്രതിസന്ധിയിലാക്കിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ആദ്യകാലങ്ങളില്‍ സത്യസന്ധത ഉണ്ടായിരുന്നു. നേതാക്കന്മാര്‍ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയകളെ ഭയപ്പെട്ടു തുടങ്ങിയ കാലത്താണ് ചില പുഴുക്കുത്തുകള്‍ രംഗപ്രവേശനം ചെയ്തത്. പെയ്ഡ് ന്യൂസുകളെന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ പ ലപ്പോഴും ഉയരാറുണ്ട്. നിഷ്പക്ഷത നഷ്ടപ്പെട്ട് പക്ഷംപിടിക്കാന്‍ തുടങ്ങിയപ്പോള്‍ സോഷ്യല്‍മീഡിയകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി. സോഷ്യല്‍ മീഡിയില്‍ വരുന്നതില്‍ ഏതാണ് സത്യം, ഏതാണ് വ്യാജമെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്ത സ്ഥിതി രൂപപ്പെട്ടുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇതില്‍ സന്തോഷിക്കുന്നത് നീതിനിഷേധകരും സ്വാര്‍ത്ഥമോഹികളുമായ അധികാരകേന്ദ്രങ്ങളാണ്. അവരുടെ മുമ്പില്‍ ഉണ്ടായിരുന്ന തടസമാണ് ചുളുവില്‍ നീങ്ങിക്കിട്ടുന്നത്. സോഷ്യല്‍ മീഡിയകള്‍ ദുര്‍ബലപ്പെടുമ്പോള്‍ പൊതുസമൂഹത്തിന്റെ ശബ്ദമാണ് നിലക്കുന്നതെന്ന് തിരിച്ചറിയണം.
Leave a Comment
Your email address will not be published. Required fields are marked with *