സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
പരിശുദ്ധ മാമ്മോദീസായില്‍ രക്ഷാകരജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള്‍ അതിലെ രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്‍ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില്‍ ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്‍ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില്‍ നിന്ന് ശരീരപ്രകാരം വേര്‍പിരിയുമ്പോള്‍ നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
”ഈ വ്യര്‍ത്ഥലോകത്തില്‍ നിന്ന് പുറപ്പെട്ടിരിക്കുന്ന ആത്മാവ്.” അവിടെയും ഈ ലോകത്തിന് കൊടുത്തിരിക്കുന്ന വിശേഷണം വ്യര്‍ത്ഥലോകമെന്നാണ്. ഈ ലോകത്തിന്റെ താത്കാലികതയെക്കുറിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടാവേണ്ടതുണ്ട്. ”വിവാഹശുശ്രൂഷയില്‍ പ്രാര്‍ത്ഥിക്കുന്നത് പരിപാകതയില്‍ ഇവരെ അനുഗ്രഹിക്കണം, വിനയത്താലേ ഇവരെ ശ്രേഷ്ഠരാക്കണം, സ്വര്‍ണ്ണാഭരണങ്ങളേക്കാള്‍ മഹിമയുള്ള വെടിപ്പിന്റെ മുദ്രകൊണ്ട് ഇവരെ അലങ്കരിക്കണം. സല്‍പ്രവൃത്തികളാകുന്ന സമ്പാദ്യം ഇവര്‍ക്കു വര്‍ധിപ്പിക്കണമേ” എന്നാണ് മറ്റൊരു പ്രാര്‍ത്ഥന. ഐഹികസമ്പാദ്യം വര്‍ധിപ്പിക്കണമെന്നല്ല, സുകൃതങ്ങളാകുന്ന സമ്പാദ്യം വര്‍ധിപ്പിക്കണമെന്നാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ”വാസസ്ഥലവും ധനവും ഞാന്‍ ഉടമസ്ഥന് കൊടുത്തിട്ടുപോകുമ്പോള്‍, ഭീകരസിംഹാസനത്തിന്റെ സവിധേ ഞാന്‍ എത്തുമ്പോള്‍, എന്നോട് ചോദിക്കുന്നത് നിന്റെ മാനമോ ധനമോപദവിയോ ഒന്നുമല്ല നീ ചെയ്തിട്ടുള്ള സുകൃതം എന്താണ്. നല്ല പ്രവൃത്തികള്‍ ഏതാണ് എന്നു മാത്രമാണ്” എന്നാണ് ശവസംസ്‌കാര ശുശ്രൂഷയില്‍ പറയുന്നത്.
ഇങ്ങനെ വ്യത്യസ്തങ്ങളായ മൂല്യബോധത്തെക്കുറിച്ച് യേശുതമ്പുരാന്‍ തന്റെ ജീവിതം കൊണ്ടു പറയാന്‍ ശ്രമിക്കുന്നുണ്ട്. അതു നമ്മള്‍ ഭാവിക്കേണ്ടതിന് മീതെ ഏതെങ്കിലും തരത്തില്‍ ഏതു സ്ഥാനത്തിരുന്ന് ഭാവിക്കുന്നുണ്ടോ അതിനെയാണ് വിമര്‍ശിക്കുന്നത്. അവിടെയാണ് നിങ്ങളില്‍ പ്രധാനി ശുശ്രൂഷകനായിരിക്കണം എന്നു പറയുന്നത്. പക്ഷേ അത്തരമൊരു വിനയത്തിലേക്ക് നാം പലപ്പോഴും കടന്നുവരുന്നില്ല.
Mirror of Christ എന്ന പേരില്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെക്കുറിച്ച് മനോഹരമായ ഒരു കൃതിയുണ്ട്. അവരുടെ സന്യാസാശ്രമത്തിന്റെ ആദ്യകാലത്തെ ഒരു സംഭവമാണ്. ഫ്രാന്‍സിസും ലിയോയും കൂടി സാന്‍ഡാമിയോനില്‍ ഒരു പള്ളി പണിയാനായി പോകുന്നു. ചെറിയ കല്ലുകള്‍ പെറുക്കിക്കൂട്ടി പള്ളി പണിതുകൊണ്ടിരിക്കുമ്പോള്‍ ബ്രദര്‍ ലിയോയ്ക്ക് ഒരു സംശയം. നമ്മുക്ക് രണ്ടുപേര്‍ക്കു മാത്രമായി പള്ളി പണിയാന്‍ സാധിക്കുമോ? ഉന്മാദിയായ ഫ്രാന്‍സിസ് പറയുന്നു, മൂന്നാമതായി ഈശോയുണ്ടല്ലോ. മൂന്നാമതായി നമ്മുടെ കൂടെ ഈശോയാണോ ഈഗോയാണോ ഉള്ളത്? പള്ളി പ്രവര്‍ത്തനത്തിനായാലും സാമൂഹികപ്രവര്‍ത്തനത്തിനായാലും കുടുംബജീവിതത്തിലായാലും നമ്മുടെ കൂടെ ഈശോയാണോ ഈഗോയാണോ ഉള്ളത്? പിന്നെയെങ്ങനെയാണ് ഈ പണിയൊക്കെ തീരുന്നത്? നല്ല കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കാന്‍ പറ്റുന്നത്?
സുവിശേഷത്തിന്റെ പുതുവ്യാഖ്യാനമായ ദി ചോസണ്‍ എന്നൊരു വെബ്‌സീരിസുണ്ടല്ലോ. യേശുതമ്പുരാന്‍ ഒരു ചെറുപ്പക്കാരന്റെ മാതിരി വര്‍ത്തമാനമൊക്കെ പറഞ്ഞുനടക്കുന്നതായുള്ള ചിത്രീകരണം അതിലുണ്ട്. ശീമോനെ വിളിക്കുമ്പോള്‍ അയാളോട് പറയുന്നത് നിന്നില്‍ ഞാന്‍ ഒരു മുക്കുവനെക്കാള്‍ അധികമായി ചിലതു കാണുന്നുണ്ട് എന്നാണ്. യേശുവിന് നമ്മോട് തീര്‍ച്ചയായും ചിലതു പറയാനുണ്ട്. കാനായിലെ കല്യാണത്തിന് വീഞ്ഞുകൊണ്ടുപോയത് തോമസാണെന്നൊരു വ്യാഖ്യാനമുണ്ട്. തോമസ് ഇങ്ങനെ കണക്കുകൂട്ടിയൊക്കെയാണ് വീഞ്ഞുകൊണ്ടുപോകുന്നത്. പക്ഷേ അവിടെ ചെല്ലുമ്പോള്‍ വീഞ്ഞ് തികയാതെ വരുന്നു. അയാള്‍ അതോര്‍ത്ത് വിഷമിക്കുന്നു.
വലിയ കണക്കുകൂട്ടലുകളുടെ മനുഷ്യനായിട്ടാണ് തോമസിനെ അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അയാളോട് യേശുതമ്പുരാന്‍ പറയുന്നത് ഈ ലോകത്തിന്റെ അളവുകളെക്കുറിച്ചൊക്കെ നിനക്ക് നല്ലതുപോലെ അറിയാം. എന്നാല്‍ ഞാന്‍ നിന്നെ വേറെ ചില കണക്കുകള്‍, അതീതലോകത്തിന്റെ കണക്കു പഠിപ്പിക്കാം, എന്നുപറഞ്ഞാണ് തോമസിനെ വിളിക്കുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായി ഇക്കാലത്ത് യേശുവിന് നമ്മോട് എന്താണ് പറയാനുള്ളതെന്ന് നമ്മള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ, യേശു പറയുന്നത് കേള്‍ക്കാനായി ഇത്തിരിനേരം വിട്ടുകൊടുത്തിട്ടുണ്ടോ.
തീര്‍ച്ചയായും യേശുവിന് എന്തെങ്കിലും പറയാനുണ്ടാവും. ഈഗോയാണ് കൂടെയുള്ളതെങ്കില്‍ ഈശോയെങ്ങനെയാണ് നമ്മുടെ കൂടെയിരിക്കുന്നത്? സക്കായിയുടെ കാര്യം പലപ്പോഴും നമ്മള്‍ ഉദാഹരിക്കാറുണ്ട്. അയാള്‍ക്കു മാത്രമല്ല മാറ്റമുണ്ടായത് അയാളുടെ പരിസരത്തു ജീവിച്ചവര്‍ക്കെല്ലാം മാറ്റമുണ്ടായി. യേശു വീട്ടില്‍ വരിക എന്നു പറയുമ്പോള്‍ നമുക്കു മാത്രമല്ല നമ്മുടെ ചുറ്റിനുമുള്ള എല്ലാവര്‍ക്കും മാറ്റമുണ്ടാകുന്നുണ്ട്.
Clartiy of vision വേണം. അതിനുവേണ്ടിയാണ് അയാള്‍ മരത്തിന്റെ മുകളില്‍ കയറിയത്. പുരുഷാരത്തിന്റെ കൂടെ നിന്നാല്‍ അയാള്‍ക്ക് വ്യക്തമായ കാഴ്ച കിട്ടില്ല. ബഹുഭൂരിപക്ഷവും പുരുഷാരത്തിന്റെ കൂടെയാണ്. വെറുതെ മിണ്ടാതെ നിന്നുകളയും. അതെളുപ്പമാണ്. സ്വന്തം കാര്യം നോക്കലും കൂടിയാണ്. വീടിന്റെ മുറ്റത്തുകൂടി അല്ലെങ്കില്‍ മുന്‍വശത്തെ റോഡിലൂടെ ആന നടന്നുപോകുന്നുവെന്നും ആനയുടെ മുമ്പിലേക്ക് നിര്‍ദ്ദോഷിയായ ഒരു കോഴിക്കുഞ്ഞ് കടന്നുചെല്ലുന്നുവെന്നും വിചാരിക്കുക. കോഴിക്കുഞ്ഞിനോട് നമുക്കു വ്യക്തിപരമായി യാതൊരു ദേഷ്യവും കാണില്ല. എങ്കിലും കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ ശ്രമിക്കില്ല, കാരണം എങ്ങാനും ആന നമ്മുടെ നേരെ തിരിഞ്ഞാലോ?
പല സമയത്തും നമ്മള്‍ ന്യൂട്രലാണ്. തിന്മ അതിന്റെ സകല ശക്തിയോടുംകൂടി എന്തുമാത്രം നടമാടിയാലും നമ്മള്‍ അതിനെതിരെ ശബ്ദമുയര്‍ത്തില്ല. കാരണം നമുക്കെതിരെ അത് തിരിയരുത്. ന്യൂട്രാലിറ്റി നമ്മുടെ ദൈവാലയങ്ങള്‍ക്കും കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്നുണ്ട്. അതുകൊണ്ട് പുരുഷാരത്തില്‍ നിന്നും ഇത്തിരിമാറി clartiy of vision ഉണ്ടാവണം. അതിനാദ്യം sense of purpose ഉണ്ടാവണം. കാരണം, യേശുവിനെ കാണണം. കൂടുത ല്‍ അനുതാപത്തിലേക്കും ദൈവാശ്രയബോധത്തിലേക്കുമുള്ള പരിവര്‍ത്തനം നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥത്തില്‍ പാകം വരുന്നത്. അപ്പോള്‍ മാത്രമേ ഊതിപ്പെരുപ്പിക്കലുകള്‍ക്കുവേണ്ടിയുള്ള പല പരിശ്രമങ്ങളും അവസാനിക്കുകയും ചെയ്യൂ.
Leave a Comment
Your email address will not be published. Required fields are marked with *