തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോമലങ്കര സഭ വചനവര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2024-2025 ല്‍ സഭയിലെ അല്മായര്‍ക്കും സിസ്റ്റേഴ്‌സിനും വചനപ്രഘോഷകരാകാന്‍ അവസരം ഒരുക്കുന്നു.
മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിക്കുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഓഗസ്റ്റ് 15 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല്‍ 10.00 വരെ ഓണ്‍ലൈന്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന പരിശീലനത്തില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക. സഭാസുവിശേഷ സംഘത്തില്‍ അംഗമായി കൈവയ്പ് ലഭിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്.
25 എപ്പിസോഡുകളിലായി നടക്കുന്ന പരിശീലനത്തിനു ശേഷം, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നേരിട്ടുള്ള പരിശീലനം എല്ലാ രൂപതാ കേന്ദ്രങ്ങളിലും നടത്തും. മൂന്നു പേരടങ്ങുന്ന ടീം ഓരോ വ്യക്തിയുടെയും വചനപ്രഘോഷണം മൂല്യനിര്‍ണ്ണയം ചെയ്യും. തുടര്‍ന്ന് സുവിശേഷസംഘം സഭാ സിനഡല്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ആന്റണി മാര്‍സില്‍വാനോസ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബെനഡിക്ട് മൂഴിക്കര ഒഐസി, സെക്രട്ടറി സിസ്റ്റര്‍ ഡോ. മേരി പ്രസാദ് ഡി.എം എന്നിവര്‍ ഉള്‍പ്പെടുന്ന ടീം വിശകലനം നടത്തും.
ആറു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ പ്രീച്ചിംഗ് മിനിസ്ട്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Leave a Comment
Your email address will not be published. Required fields are marked with *