കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പു കള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, ഇതുവരെ നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെ ന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗം സംബന്ധിച്ച പ്രസ്താവന മുഖവിലയ്ക്കെടുക്കാനാവില്ല. മാത്രവുമല്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇനിയും തയാറാകാത്തത് ദുരൂഹമാണെന്ന് ജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ സുതാര്യത പുലര്‍ത്തുകയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും വേണം. അല്ലാത്തപക്ഷം, ലോക്‌സഭാ ഇലക്ഷന് മുമ്പെന്നതിന് സമാനമായി പല അവസരങ്ങളിലും പറഞ്ഞ വെറും വാക്കുകള്‍ പോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇത്തരം അവലോകന യോഗങ്ങളും പ്രസ്താവനകളും എന്ന് കരുതേണ്ടിവരും.
അതിനാല്‍, ഇതുവരെ വിവിധ വകുപ്പുകള്‍ നടപ്പാക്കിയ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങള്‍ രേഖയായി പുറത്തുവിടാനും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധപ്പെടുത്താനും തുടര്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *