Follow Us On

25

February

2025

Tuesday

ദൈവത്തിന് തെറ്റ് പറ്റുകയില്ല’: ഒരു കൈ മാത്രമുള്ള പെണ്‍കുട്ടി യെ മുത്തശ്ശി ഓര്‍മിപ്പിച്ചത്

ദൈവത്തിന് തെറ്റ് പറ്റുകയില്ല’: ഒരു കൈ മാത്രമുള്ള പെണ്‍കുട്ടി യെ മുത്തശ്ശി ഓര്‍മിപ്പിച്ചത്

കാറ്റ്‌ലിന്‍ പേവിയുടെ  ജീവിതം ഒരു പ്രചോദനനമാണ്. ഒരു കൈ മാത്രമുള്ള പെണ്‍കുട്ടിയായി ജനിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്  കോളേജ് സോഫ്റ്റ്‌ബോള്‍ താരമായി മാറിയ കാറ്റ്‌ലിന്റെ കഥ പറയുന്ന  സിനിമയാണ് ‘ഐ കാന്‍’.  ജീവിതത്തിന്റെ പരീക്ഷണങ്ങളെ  ദൈവകൃപയുടെ സഹായത്തോടെ നേരിടാന്‍  ഈ സിനിമ ഇന്ന് അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു.

തനിക്ക് പങ്കിടാന്‍  മൂല്യമുള്ള യാതൊന്നും ഇല്ലെന്ന് വിശ്വസിച്ചതിന്റെ പേരില്‍ തന്റെ കഥ സിനിമയാക്കാന്‍ പോലും വളരെക്കാലം അനുവദിക്കാതിരുന്ന കാറ്റ്‌ലിന്‍ ഒരു വിവാഹേതര ബന്ധത്തിലാണ് പിറന്നത്.  തങ്ങളുടെ പാപത്തിന്റെ ഫലമാണ് കാറ്റ്‌ലിന്റെ അവസ്ഥയെന്നാണ് അവളുടെ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്.  എന്നാല്‍ അവളുടെ മുത്തശ്ശി ഒരു പ്രധാനപ്പെട്ട  കാര്യം അവരെ ഓര്‍മിപ്പിച്ചു: ‘ദൈവത്തിന് തെറ്റ് പറ്റുകയില്ല.’
ഒരു ക്രൈസ്തവ കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന കാറ്റ്‌ലിന്‍ ഒരുപാട്  ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ ഒരിക്കലും തോറ്റുകൊടുക്കാന്‍ തയാറില്ലാതിരുന്ന കാറ്റ്‌ലിന്‍ എല്ലാ  തരണം ചെയ്യുകയും പൊരുത്തപ്പെടുകയും ചെയ്യണമെന്ന് തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഉദാഹരണത്തിന് അവളുടെ ഷൂസ് കെട്ടിക്കൊടുക്കുന്നതിന് പരാതി പറഞ്ഞിരുന്ന  ഒരു ടീച്ചര്‍ കിന്റര്‍ഗാര്‍ട്ടനിലുണ്ടായിരുന്നു. അടുത്ത ദിവസം ഒറ്റ കൈകൊണ്ട് ഷൂ എങ്ങനെ കെട്ടാമെന്ന് പഠിച്ചുകൊണ്ടാണ് കാറ്റ്‌ലിന്‍ ക്ലാസിലെത്തിയത്.  അവള്‍ വ്യത്യസ്തയായി കാണപ്പെട്ടതിനാല്‍, അവളുടെ കൂടെ കളിക്കുന്നതില്‍ നിന്ന്  ചില മാതാപിതാക്കള്‍ അവരുടെ കുട്ടികളെ തടഞ്ഞു. കാലക്രമേണ, അത്തരം നിമിഷങ്ങളുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് പഠിക്കേണ്ടിവന്നു.

‘നിങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന ഏത് പ്രതികൂല സാഹചര്യങ്ങളുമായും പൊരുത്തപ്പെടുക,  പതിയെ അതിനെ തരണം ചെയ്യുക, നിങ്ങള്‍ വിജയിക്കും,’ കാറ്റ്‌ലിന്‍ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ പഴയ വഴികളിലേക്ക് മടങ്ങരുത്, നിങ്ങള്‍ പാതി വഴിയെ പിന്തിരിയരുത്. വിജയിക്കുന്നത് വരെ മുമ്പോട്ട് പോവുക.’
മൂന്നാം വയസ് മുതല്‍  താന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയ സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് ഒരു കൈ മാത്രമുള്ളതിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കാറ്റ്‌ലിന്‍ ചെയ്തത് ഇത് തന്നെയായിരുന്നു. അവള്‍ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തി, ഒരു കൈകൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു. വീട്ടുമുറ്റത്ത് എണ്ണമറ്റ മണിക്കൂറുകളെടുത്ത് കാറ്റ്‌ലിന്‍ പരിശീലിക്കാന്‍ തുടങ്ങി. 8 വയസ്സുള്ളപ്പോള്‍, കൂടുതല്‍ മത്സരബുദ്ധിയോടെ കളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ മാതാപിതാക്കളില്‍ നിന്നും മറ്റ് കളിക്കാരില്‍ നിന്നും പരിശീലകരില്‍ നിന്നുമുള്ള വാക്കുകള്‍ എപ്പോഴും പ്രോത്സാഹജനകമായിരുന്നില്ല.

ഒരു കളിയില്‍ കാറ്റ്‌ലിന്‍ ബാറ്റ് ചെയ്യാന്‍ തയാറായപ്പോള്‍ എതിര്‍ ടീം കോച്ച് ടൈംഔട്ട് വിളിച്ചു. തുടര്‍ന്ന് കാറ്റ്‌ലിന് ഒരു കൈകൊണ്ട് ബാറ്റ് ചെയ്യാനാകില്ലെന്ന ധാരണയില്‍ അവര്‍  എല്ലാ കളിക്കാരെയും  കാറ്റ്‌ലിന്റെ അടുക്കലേക്ക്  മാറ്റി നിറുത്തി.  ‘അകത്തേക്ക് നീങ്ങുക, അകത്തേക്ക് നീങ്ങുക. അവള്‍ക്ക് അടിക്കാനാവില്ല, അടിക്കാനാവില്ല!’ എന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത് തന്നെ അപമാനിക്കുന്നതായി കാറ്റ്‌ലിന് തോന്നിയെങ്കിലും  അവള്‍ പിന്‍വാങ്ങിയില്ല. കൂടുതല്‍ വാശിയോടെ പരിശീലനം നടത്തി. മറ്റൊരിക്കല്‍ ഒരു കോച്ച് കാറ്റ്‌ലിനോട് ഇപ്രകാരം പറഞ്ഞു,’എന്റെ ടീമില്‍ എനിക്ക് ഇത്രയും നാടകീയത  ഇഷ്ടമല്ല, നിങ്ങള്‍ ഒരുപാട് നാടകീയത ഉണ്ടാക്കുന്നു. ഒരു കൈയുള്ള ഒരു പെണ്‍കുട്ടി തങ്ങളുടെ മകളുടെ കൂടെ കളിക്കുന്നുവെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു, അവര്‍ക്ക് മനസ്സിലാകുന്നില്ല. എനിക്ക് എന്റെ ടീമില്‍ ഈ നാടകീയത കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍  കാറ്റ്‌ലിന്‍ പുറത്തുപോകണം.’
ചില ആളുകളെ തകര്‍ക്കാന്‍ ഇത്തരത്തിലൊരു കമന്റ് മതി. എന്നാല്‍ കാറ്റ്‌ലിന്‍ അത്തരത്തിലൊരാള്‍ ആയിരുന്നില്ല. അവള്‍ ദൈവകൃപയില്‍ ആശ്രയിച്ച് മുന്നേറി. ഒരോ നെഗറ്റീവ് വാക്കുകളും അവള്‍ ‘മെച്ചപ്പെടാനുള്ള ഇന്ധന’ മാക്കി മാറ്റി. അതിനെക്കുറിച്ച്  അവള്‍ ഇപ്രകാരം പറയുന്നു.’ആ വാക്കുകള്‍ വേദനിപ്പിച്ചു. അവ ഒരുപാട് വേദനിപ്പിച്ചു, അത് എന്നെ സങ്കടപ്പെടുത്തി, എന്നാല്‍ എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് സോഫ്റ്റ് ബോള്‍ കളിക്കാന്‍ കഴിവുണ്ടെന്നും ദൈവമാണ് എനിക്ക് ഈ കഴിവ് നല്‍കിയതെന്നും എനിക്കറിയാമായിരുന്നു.’

കഠിനമായ പരിശീലനത്തിലൂടെ കാറ്റ്‌ലിന്‍ കഴിവുകളും സ്റ്റാമിനയും മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. താമസിയാതെ  കോളേജ് പരിശീലകര്‍ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങി, ‘ നിങ്ങള്‍ക്ക് മികച്ച കഴിവുകളുണ്ട്, നിങ്ങളെ എന്റെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ’ – എല്ലായ്പ്പോഴും ഒരു പക്ഷേ ഉണ്ടായിരുന്നു – ‘ഒരു കൈ മാത്രമുള്ള ഒരു പെണ്‍കുട്ടിയെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് എനിക്കറിയില്ല,’.
പരിശീലകരുടെ സഹായം കൂടാതെ തന്നെ കാറ്റ്‌ലിന്‍ തന്റെ പരിശ്രമം തുടര്‍ന്നു.  ഹൈസ്‌കൂളില്‍ എത്തിയപ്പോഴേക്കും മികച്ച സോഫ്റ്റ്‌ബോള്‍ പ്ലെയറായി പേരെടുത്ത കാറ്റ്‌ലിന്‍ ഓള്‍-സ്റ്റേറ്റ് കളിക്കാരിയാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്.  ഒടുവില്‍ സോഫ്റ്റ്‌ബോള്‍ കളിക്കാനുള്ള സ്‌കോളര്‍ഷിപ്പോടെ സിന്‍സിനാറ്റി ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കാറ്റ്‌ലിന്‍ പ്രവേശനം നേടി..

ഇത് ആത്യന്തികമായ ഒരു അതിജീവനത്തിന്റെ കഥയാണ്. കാഴ്ചക്കാരെയും ‘ഐ കാന്‍’ എന്ന് പറയാന്‍ പ്രചോദിപ്പിക്കുന്ന കഥ. തന്റെ ജീവിതം ചിത്രമായി പ്രേക്ഷകരുടെ മുമ്പിലേക്കെത്തുമ്പോള്‍ കാറ്റ്‌ലിന്‍ പറയാനുള്ളത് പ്രതിസന്ധികളിലുള്ള ദൈവവിശ്വാസത്തെക്കുറിച്ചാണ്, ‘ദൈവം തെറ്റുകള്‍ ചെയ്യുന്നില്ല. നിങ്ങള്‍ ആരാണെന്നത് പ്രശ്‌നമല്ല. നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നു, നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്. ഇതൊന്നും പ്രശ്‌നമല്ല. ദൈവത്തിന് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി നിങ്ങള്‍ അവനില്‍ വിശ്വസിക്കുക മാത്രം ചെയ്യുക.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?