ഉക്രെയ്‌നില്‍ ഗര്‍ഭകാല പരിചരണത്തിനായുള്ള ആശുപത്രി നടത്തുന്ന സന്യാസിനിക്ക് വത്തിക്കാനിലെ അക്കാഡമി ഫോര്‍ ലൈഫ് 2025 ലെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ്’ പുരസ്‌കാരം സമ്മാനിച്ചു. ഗര്‍ഭസ്ഥരായ കുട്ടികള്‍ക്ക് മാരകമോ, ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ രോഗനിര്‍ണയം ലഭിക്കുന്ന മാതാപിതാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന പെരിനാറ്റല്‍ ആശുപത്രി നടത്തുന്ന സിസ്റ്റര്‍ ജിയുസ്റ്റിന ഒല്‍ഹ ഹോലുബെറ്റ്‌സിനാണ് പുരസ്‌കാരം ലഭിച്ചത്. വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ, സിസ്റ്റര്‍ ജിയുസ്റ്റീന ഒല്‍ഹ ഹോലുബെറ്റ്സ്, എസ്എസ്എംഐക്ക് പുരസ്‌കാരം സമ്മാനിച്ചു. സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഹോലുബെറ്റ്സ് ഒരു ബയോഎത്തിസ്റ്റും, ബയോളജിസ്റ്റും സൈക്കോളജിസ്റ്റും ഉക്രെയ്നിലെ ലിവിലുള്ള ‘പെരിനാറ്റല്‍ ഹോസ്പൈസ് – ഇംപ്രിന്റ് ഓഫ് ലൈഫ്’ എന്ന എന്‍ജിഒയുടെ പ്രസിഡന്റുമാണ്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പുരസ്‌കാരം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ഹോലുബെറ്റ്‌സ് പറഞ്ഞു. ജീവിതം എത്ര ചെറുതാണെങ്കിലും എല്ലായ്‌പ്പോഴും വിലപ്പെട്ടതാണ്. ഇന്ന് വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ച് ഗര്‍ഭസ്ഥശിശുവിനുള്ള രോഗങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താവുന്ന വിധത്തിലേക്ക് വളര്‍ന്നത് പലപ്പോഴും ഗര്‍ഭഛിദ്രത്തിന് കാരണമാകുന്നു. പ്രസവത്തിനു മുമ്പ് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് നടത്തുന്ന രോഗനിര്‍ണയത്തെ തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ദമ്പതികളെ സിസ്റ്റര്‍ നേതൃത്വം നല്‍കുന്ന സംഘടന സഹായിച്ചുവരുന്നു. ഉക്രെയ്‌നിലെ ആദ്യത്തെ പെരിനാറ്റല്‍ ആശുപത്രിയാണിത്.
ജീവനെ തിരിച്ചറിയുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം മരണം മനുഷ്യജീവിതത്തിന്റെ സ്വഭാവിക ഘടകമായി അംഗീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് സിസ്റ്റര്‍ ഹോലുബെറ്റ്‌സ് പറഞ്ഞു. ഓരോ നിമിഷവും വിലമതിച്ചുകൊണ്ട് ഹ്രസ്വമായ സമയത്തേക്കാണെങ്കില്‍ പോലും, കുട്ടിയോടൊപ്പം ചിലവഴിക്കാന്‍ ഈ ആശുപത്രി മാതാപിതാക്കള്‍ക്ക് അവസരമൊരുക്കുന്നു. ”എനിക്ക് നിങ്ങളുടെ ജീവിതത്തിന് ദിവസങ്ങള്‍ നല്‍കാന്‍ കഴിയില്ല, എന്നിരുന്നാലും, എനിക്ക് നിങ്ങളുടെ ദിവസങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയും” എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.
Leave a Comment
Your email address will not be published. Required fields are marked with *