വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് പാപ്പ റെക്കോര്‍ഡ് ചെയ്ത വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്.
എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഇല്ല എന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെ ഓരോ വ്യക്തിയും വിലപ്പെട്ടവനുമാണ്. എന്നാല്‍ വ്യത്യാസങ്ങള്‍, സംഘര്‍ഷങ്ങള്‍ക്കും വേദനാജനകമായ മുറിവുകള്‍ക്കും കാരണമായേക്കാമെന്ന് പാപ്പ തുടര്‍ന്നു.
മുറിവേറ്റ ഒരു കുടുംബത്തിന്റെ വേദന സുഖപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മരുന്ന് ക്ഷമയാണ്. ക്ഷമിക്കുക എന്നതിന് മറ്റൊരു സാധ്യത നല്‍കുക എന്ന അര്‍ത്ഥം കൂടി ഉണ്ടെന്ന് പാപ്പ പറഞ്ഞു. ക്ഷമ എപ്പോഴും കുടുംബത്തെ നവീകരിക്കുന്നു, പ്രതീക്ഷയോടെ കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവകൃപ നമുക്ക് ക്ഷമിക്കാനുള്ള ശക്തി നല്‍കുകയും സമാധാനം നല്‍കുകയും ചെയ്യുന്നു. ദൈവകൃപ നമ്മെ ദുഃഖത്തില്‍ നിന്നും എല്ലാറ്റിനുമുപരിയായി നീരസത്തില്‍ നിന്നും മോചിപ്പിക്കുന്നു; പാപ്പ പറഞ്ഞു.
വിഭജിതമായി കഴിയുന്ന കുടുംബങ്ങള്‍ ക്ഷമയിലൂടെ തങ്ങളുടെ മുറിവുകള്‍ക്ക് സൗഖ്യം നേടുന്നതിനും അഭിപ്രായവ്യത്യാസങ്ങളുടെ നടുവിലും പരസ്പരം നന്മകള്‍ കണ്ടെത്തുന്നതിനും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *