Follow Us On

11

March

2025

Tuesday

ഒന്നിനും മടിക്കാത്ത യുവത്വം

ഒന്നിനും  മടിക്കാത്ത യുവത്വം

അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നത്
കൗമാരക്കാരും യുവജനങ്ങളുമാണ്. പുതിയ തലമുറക്ക് ദിശാഭ്രംശം സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് സൈക്കോളജിസ്റ്റായ ലേഖിക.

നിഷ ജോസ്
(സൈക്കോളജിസ്റ്റ്, വാതില്‍ ഫൗണ്ടേഷന്‍ കോട്ടയം)

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ കുത്തനെ ഉയരുന്ന അക്രമവാസനയും ആത്മഹത്യാ പ്രവണതകളും അസ്വാഭാവിക മരണങ്ങളും കണ്ട് മലയാളികളുടെ മനസ് മരവിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരുകൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങ് എന്ന പേരില്‍ പൈശാചികമായ രീതിയില്‍ പീഡനത്തിനിരയാക്കിയ വാര്‍ത്ത പുറത്തുവന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയുള്‍പ്പെടെ ആത്മഹത്യാ വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരള യുവതയ്ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ലഹരി, സമൂഹമാധ്യമങ്ങള്‍, രക്തരൂക്ഷിതമായ അക്രമങ്ങള്‍ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങള്‍, സാമൂഹിക- കുടുംബാന്തരീക്ഷങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങി കോവിഡാനന്തര പ്രതിസന്ധികള്‍ വരെയുള്ള ഒട്ടേറെ കാരണങ്ങളിലേക്ക് പലരും വിരല്‍ചൂണ്ടുന്നു. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളും ഇത്തരം നിരവധി കേസുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

എന്താണ് സംഭവിക്കുന്നത്?
അത്യന്തം ആശങ്കാജനകമായ സാഹചര്യത്തെയാണ് കേരളം ഇന്ന് നേരിടുന്നത്. മനഃശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ട്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കാന്‍ കഴിയാതെപോയ കുടുംബങ്ങള്‍ മുതല്‍ സാമൂഹിക സാംസ്‌ക്കാരിക മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ ആത്മപരിശോധനയ്ക്ക് സ്വയം വിധേയരാകേണ്ടതുണ്ട്. സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും മാതാപിതാക്കളുടെ തിരക്കേറിയ ജീവിത ശൈലിയും പുതിയതലമുറയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ക്കപ്പുറം പിയര്‍ പ്രഷറും സമൂഹ്യ മാധ്യമങ്ങളുമാണ് നല്ലൊരു വിഭാഗത്തിന്റെ ചിന്താശേഷിയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചുറ്റുപാടുകളില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ അവര്‍ കീഴടങ്ങുന്നു.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം ഭീതിതമായ നിലയിലാണ്. ചില ഗൂഢസംഘങ്ങള്‍ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ കച്ചവടതാത്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതോടൊപ്പം സാമൂഹിക തിന്‍മകളെ നിസാരവല്‍ക്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു.

സമ്മര്‍ദ്ദം വിദ്യാഭ്യാസത്തിലും
ഇത്രമാത്രം ദുര്‍ബലമായ ഒരു മാനസികാവസ്ഥയിലേക്ക് എപ്രകാരമാണ് ഒരു വിഭാഗം യുവജനങ്ങളും കൗമാരക്കാരും എത്തിപ്പെട്ടത്? കുടുംബങ്ങളാണ് ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാന പാഠശാലകളാകേണ്ടത്. ഇക്കാലഘട്ടത്തില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന ചിലരെക്കുറിച്ച് ‘അവര്‍ അത്തരക്കാരാണെന്ന് തങ്ങള്‍ ചിന്തിച്ചിരുന്നേയില്ല’ എന്ന് ബന്ധുക്കളും സുഹൃത്തുക്കളുംപോലും പറയുന്നതെങ്കില്‍ അവര്‍ക്ക് ആരോഗ്യകരമായ കുടുംബബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍.

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഏറെ സമ്മര്‍ദ്ദത്തിലാണ്. യഥാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കപ്പുറം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദങ്ങള്‍ മൂലമോ തങ്ങള്‍ക്ക് യോജിക്കാത്ത കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയും അതിന്റെ പ്രത്യാഘാതമെന്നോണം മാനസിക സമ്മര്‍ദ്ദങ്ങളുടെ പിടിയില്‍ അകപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം ചെറുതല്ല. അപ്രകാരമുള്ള പരാജയങ്ങള്‍ മാനസിക തകര്‍ച്ചയിലേക്കും ദൗര്‍ബല്യങ്ങളിലേക്കും നയിക്കാനുള്ള സാധ്യത വളരെ വലുതാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം, അതിന്റെ ഭാഗമായ സമ്മര്‍ദ്ദങ്ങള്‍, താല്‍ക്കാലിക കാര്യലാഭങ്ങള്‍ക്കായി ചില സംഘങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ നിര്‍ബന്ധിതരാകുന്നത് തുടങ്ങി കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്.

സിനിമകളുടെ സ്വാധീനം
2004 ല്‍ റിലീസ് ആയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകത്തിന്റെയും പ്രത്യേക രീതിയിലുള്ള തെളിവ് നശിപ്പിക്കലിന്റെയും കഥപറയുന്ന ചലച്ചിത്രം റിലീസ് ആയതിന് ശേഷം മാധ്യമങ്ങള്‍ ‘ദൃശ്യം മോഡല്‍’ എന്ന വിശേഷണം നല്‍കിയ കൊലപാതകങ്ങള്‍ നിരവധിയാണ്. ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും കാഴ്ചക്കാരെയും വായനക്കാരെയും നയിച്ചിട്ടുള്ള സിനിമകള്‍ക്കും രചനകള്‍ക്കും ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞയിടെ ഹൈദരാബാദില്‍നിന്നുള്ള സ്‌കൂള്‍ അധ്യാപിക വിദ്യാഭ്യാസ കമ്മീഷന് മുന്നില്‍ സംസാരിക്കവേ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പുഷ്പ എന്ന തെലുങ്ക് സിനിമ തന്റെ സ്‌കൂളിലെ പകുതി കുട്ടികളെയെങ്കിലും വളരെ മോശമായി സ്വാധീനിച്ചു എന്നാണ് അവര്‍ പറഞ്ഞത്. തോന്നിയതുപോലെ നടക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറി. മലയാളത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഇറങ്ങിയ ചില ചലച്ചിത്രങ്ങള്‍ക്ക് ഇപ്രകാരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഴ്ചകളോളം ഹൗസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ച നിഷ്ടൂരമായ കൊലപാതക പരമ്പരകള്‍ക്കൊണ്ടു നിറഞ്ഞ ഒരു ചലച്ചിത്രത്തിന് കാണികളായി കയറിയവരി ല്‍ ഏറിയ പങ്കും പ്ലസ്ടു, കോളേജ് വിദ്യാര്‍ഥികളും യുവജനങ്ങളുമായിരുന്നു.

ഇത്തരം വാര്‍ത്തകളുടെ അനാരോഗ്യകരമായ റിപ്പോര്‍ട്ടിങ്ങും എടുത്തുപറയേണ്ടതുണ്ട്. കൂട്ടകൊലപാതകങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകളാക്കി മാറ്റുന്നതും അനേകരെ സ്വാധീനിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ധിക്കാന്‍ ഒരു കാരണം ഇത്തരം ആത്മഹത്യകള്‍ ധാരാളമായി നടക്കുന്നതായുള്ള വാര്‍ത്തകള്‍ തന്നെയാണെന്ന നിരീക്ഷണങ്ങളുണ്ട്. ക്രൈം റിപ്പോര്‍ട്ടിംഗിന് അമിത പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ പുനര്‍വിചിന്തനം നടത്തേണ്ടത് ആവശ്യമാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് മറ്റൊന്ന്. കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും വൈറലാകുന്ന കണ്ടെന്റുകള്‍ നിരീക്ഷിച്ചാല്‍ അവയില്‍ ഭൂരിഭാഗവും അക്രമത്തെയും അധമചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നവയും സോഷ്യല്‍മീഡിയ അടിമത്തത്തിലേക്ക് നയിക്കുന്നവയുമാണ്. കോവിഡ് കാലത്തിനുശേഷം കൊച്ചുകുട്ടികള്‍പോലും സ്മാര്‍ട്ട് ഫോണുകള്‍ക്ക് അടിമകളായി മാറിയിരിക്കുന്നു.

പ്രതിവിധി ഇല്ലേ?
ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ സാഹചര്യത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയാണ് പ്രധാനം. വെള്ളപ്പൊക്കത്തില്‍ ലോകം മുഴുവന്‍ മുങ്ങിയാലും എന്റെ ഭവനം മുങ്ങില്ല എന്ന് കരുതാനാണ് പലര്‍ക്കും താല്‍പര്യം. എന്നാല്‍, ഇതേ കലുഷിതമായ ലോകത്തിലാണ് എന്റെ മക്കളും ജീവിക്കുന്നതെന്നും അതിനാല്‍ കരുതല്‍ ആവശ്യമാണെന്നും എല്ലാ മാതാപിതാക്കളും തിരിച്ചറിയണം. അവരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാനും അമാന്തം കാണിക്കരുത്. മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ദൈവവിശ്വാസത്തിലും ആത്മീയ ബോധ്യങ്ങളിലും ധാര്‍മ്മിക മൂല്യങ്ങളിലും അവര്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്.

ഇതിന് തുടര്‍ച്ചയായ ഉത്തരവാദിത്വമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആത്മീയ നേതൃത്വങ്ങള്‍ക്കും ഉള്ളത്. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, സ്വാധീനങ്ങള്‍ക്ക് കീഴ്പെട്ടുകൊണ്ടിരിക്കുന്ന ഇളംമനസുകളെ തിരിച്ചറിയാനും പിന്തിരിപ്പിക്കാനുമുള്ള കൂട്ടുത്തരവാദിത്വം അവര്‍ക്കുണ്ട്. കുട്ടികളെ മാത്രമല്ല മാതാപിതാക്കളെയും ഉത്തമബോധ്യത്തിലും തിരിച്ചറിവുകളിലും നിലനിര്‍ത്താനുള്ള ചുമതലയില്‍നിന്ന് ആത്മീയ, സാമുദായിക നേതൃത്വങ്ങള്‍ അകന്നുനില്‍ക്കരുത്. ഒപ്പം, സംസ്ഥാനം ഗുരുതരമായ ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയാറാകണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?