ഡമാസ്‌കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്‌കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഒരുകാലത്ത് അസദ് ഭരണകൂടത്തിന്റെ ശക്തികേന്ദ്രമായിരുന്ന, അലാവൈറ്റ് മേഖലയിലെ രണ്ട് തീരദേശ നഗരങ്ങളായ ടാര്‍ട്ടസ്, ലതാകിയ എന്നിവിടങ്ങളില്‍ നിന്ന് 800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍ക്കാലിക പ്രസിഡന്റ് അഹ്‌മദ് അല്‍-ഷാറക്ക് പിന്തുണ നല്‍കുന്ന തീവ്രവാദ വിഭാഗമായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമാണ് (എച്ച്ടിഎസ്) അസദിന്റെ വിശ്വസ്തരുടെ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ നൂറുകണക്കിന് സാധാരണക്കാരുടെ കൊലപാതകത്തില്‍ ഇത് കലാശിച്ചു. തീവ്ര ഇസ്ലാമിക്ക് നിലപാട് പുലര്‍ത്തുന്ന എച്ച്ടിഎസിന് മേല്‍ക്കോയ്മയുള്ള ഭരണകൂടമാണ് നിലവില്‍ രാജ്യം ഭരിക്കുന്നതെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഇതുവരെ പ്രത്യക്ഷമായ വലിയ ഭീഷണികള്‍ നേരിടേണ്ടതായി വന്നിരുന്നില്ല. എന്നാല്‍ രാജ്യം വീണ്ടും അശാന്തിയിലേക്ക് നീങ്ങുമ്പോള്‍ ക്രൈസ്തവസമൂഹവും ഭയത്തിന്റെ നിഴലിലാണ്.
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ജോണ്‍ പത്താമന്‍, സിറിയക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഇഗ്‌നസ് അഫ്രെം രണ്ടാമന്‍, ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യൂസഫ് അല്‍-അബ്‌സി എന്നിവര്‍ ‘സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാര്‍ക്ക്’ നേരെ അരങ്ങേറിയ അപകടകരമായ അക്രമത്തെയും പീഡനത്തെയും കൊലപാതകത്തെയും സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. ടാര്‍ട്ടസിലെ സെന്റ് ഏലിയാസ് പള്ളിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനായ ഫാ. യോഹാന്‍ യൂസഫ് ബൂത്രോസാണ് കൊല്ലപ്പെട്ട വൈദികന്‍. മറ്റൊരു ‘ക്രൈസ്തവ രക്തസാക്ഷി,’ ഫാരെസ് ബാസം കാവി, അല്‍-ദത്തൂര്‍ പരിസരത്ത് വച്ച് കൊല്ലപ്പെട്ടു. ബനിയാസ് പട്ടണത്തില്‍ ഒരു ക്രൈസ്തവ കുടുംബം മുഴുവനും കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍, സിറിയന്‍ മരോനൈറ്റ് ഗ്രാമമായ ദഹര്‍ സഫ്രയില്‍ ടോണി ഖൂറി മുഖത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. എച്ച്ടിഎസും അസദിനോട് വിശ്വസ്തരായ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ കുടുങ്ങിപ്പോയവരാണ് കൊല്ലപ്പെട്ട ഡസന്‍ കണക്കിന് ക്രൈസ്തവരില്‍ ഭൂരിപക്ഷം പേരും.
ഏറ്റുമുട്ടലിലും തുടര്‍ന്നുള്ള പ്രതികാര കൊലപാതകങ്ങളിലും മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. ് 14 വര്‍ഷം മുമ്പ് സിറിയയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ കലാപങ്ങളിലൊന്നാണിത്. 745 സാധാരണക്കാരും 125 സര്‍ക്കാര്‍ സുരക്ഷാ സേനാംഗങ്ങളും സായുധ സംഘങ്ങളിലുള്ള 148 തീവ്രവാദികളും കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിരപരാധികളായ സിവിലിയന്മാര്‍ക്കെതിരായ ഈ ആക്രമണങ്ങളില്‍ സിറിയയിലെ ലത്തീന്‍ സമൂഹത്തിന്റെ അപ്പസ്‌തോലിക് വികാരിയാത്ത് അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. സിറിയയില്‍, പ്രത്യേകിച്ച് തീരപ്രദേശത്ത്, നൂറുകണക്കിന് സാധാരണക്കാര്‍ ഈ വിവേചനരഹിതമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *