ബിജു ഡാനിയേല്‍
കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം – അത് അതിനും മേലെ… 2033-ല്‍ 2000 ഭാഷകളില്‍ ഒരുകോടി ആളുകള്‍ക്ക് ഒരേസമയം ബൈബിള്‍ വായിക്കാനും കേള്‍ക്കാനും കഴിയണം.
ഫീച്ചറുകളാല്‍ സമ്പന്നം
ബൈബിള്‍ ഓണ്‍ – ആന്‍ഡ്രോയിഡ് ഫോണിലും ഐ ഫോണിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്. ഗൂഗിളിന്റെയും ആപ്പിളിന്റെയും പ്ലേ സ്റ്റോറുകളില്‍നിന്നും സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം. ഒരു സ്‌ക്രീനില്‍ രണ്ടുഭാഷകളിലുള്ള ബൈബിള്‍ ഭാഗങ്ങള്‍ ഒരേസമയം കാണാം. അതിലൊരുഭാഷയില്‍ കേള്‍ക്കാം. ആയിരത്തിലധികം റെഡിമെയ്ഡ് ബുക്ക് മാര്‍ക്കുകള്‍ കൂടാതെ ഇഷ്ട വചനം വച്ച് താല്പര്യമുള്ള ചിത്രങ്ങളോടെ സ്വന്തം അഭിരുചി അനുസരിച്ച് ബുക്ക് മാര്‍ക്കുകള്‍ രൂപകല്പന ചെയ്യാനുള്ള സംവിധാനവുമുണ്ട്. അനുദിന വചന സന്ദേശവും, ഒറ്റവാചകത്തിലുള്ള പോഷണ ചിന്തയുമാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത വിഷയങ്ങളനുസരിച്ചുള്ള വചനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് പ്രസംഗകര്‍ക്കും പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യും. കാലിക പ്രചാരം നേടിയ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബി.ഐ.വൈ ഉള്‍പ്പെടെ എട്ടോളം ബൈബിള്‍ വായനാ പ്ലാനുകള്‍, കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത വേദപുസ്തക വായനാ പദ്ധതി എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍. സാങ്കേതിക സഹായം ആവശ്യമുള്ളവര്‍ക്ക് ബൈബിള്‍ ഓണിന്റെ കസ്റ്റമര്‍ കെയറില്‍നിന്നും എപ്പോഴും അത് ലഭ്യവുമാണ്.
തീയും വിറകും ചേര്‍ന്നപ്പോള്‍
ബൈബിളിലെ തിരുവചനങ്ങള്‍ ലോകഭാഷകളിലും ആരാലും അറിയപ്പെടാത്ത ആദിവാസി ഗോത്ര ഭാഷകളിലുമുള്ളത് നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുവാനുള്ള വിളി കിട്ടിയത് സലേഷ്യന്‍ വൈദികനായ ഫാ. ജോസ് തോമസിനും അദ്ദേഹത്തോടോപ്പം ദൈവം ചേര്‍ത്ത കാഞ്ഞിരപ്പള്ളി സ്വദേശി തോംസണ്‍ ഫിലിപ്പിനുമാണ്. തീയും വിറകും ചേര്‍ന്ന് ജ്വലിക്കുന്ന കനലായതുപോലൊരു സംയോജനം. കോട്ടയം കല്ലറ പഴയപളളി ഇടവകയിലെ മഠത്തിപ്പറമ്പില്‍ വീട്ടില്‍ തോമസ്-ഗ്രേസി ദമ്പതികളുടെ മകനാണ് ജോസുകുട്ടി അച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോസ് തോമസ് എസ്.ഡി.ബി. കഴിഞ്ഞ 15 വര്‍ഷമായി അരുണാചലില്‍ മിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഭീമാപൂര്‍ പ്രോവിന്‍സില്‍ ഇറ്റാനഗറിലുളള ഡോണ്‍ ബോസ്‌കോ കോളജില്‍ അധ്യാപകനുമാണ്.
സലേഷ്യന്‍ വൈദികര്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് സാല്‍വത്തോരിയന്‍ വൈദികരായിരുന്നു. ആസ്സാം കേന്ദ്രീകരിച്ച് 1922-ല്‍ സലേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഏകദേശം രണ്ടായിരം ക്രിസ്ത്യാനികളാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ആസ്സാം, മേഘാലയ, നാഗാലാന്റ്, ത്രിപുര, മിസ്സോറാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ പ്രദേശങ്ങളിലായി 15 രൂപതകളുണ്ട്.
തൃശൂരിലെ ഒല്ലൂര്‍ സ്വദേശി റവ. ഡോ. യു.വി. ജോസ് തൊടുപുഴ സ്വദേശി ഫാ. ടി.ജെ. ഫ്രാന്‍സിസ് എന്നീ വൈദീകരിലൂടെയാണ് ഈ പ്രദേശങ്ങളിലെ പല ഗോത്രഭാഷകളിലേക്കും ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്. പള്ളിയിലേക്കുള്ള പാട്ടുപുസ്തകങ്ങളും പ്രാര്‍ത്ഥന പുസ്തകങ്ങളും ഇവര്‍ തയാറാക്കിയിട്ടുണ്ട്. 2024-ല്‍ ഫാ. ജോസ് ഖാസി ഭാഷയില്‍ നിഘണ്ടുവും പ്രസിദ്ധീകരിച്ചിരുന്നു. ലിംഗ്വിസ്റ്റിക്‌സില്‍ ഡോക്ടറേറ്റുള്ള ഫാ. ജോസ് ഭാഷാ പഠനത്തിനാവശ്യമായ വ്യാകരണ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോത്രഭാഷകള്‍ക്ക് മിക്കതിനും ലിപി ഉണ്ടാവില്ല. അവയില്‍ ഭൂരിഭാഗവും സംസാര ഭാഷ മാത്രമായിരിക്കും. എല്ലാ വാക്കുകള്‍ക്കും അനുയോജ്യമായ പദങ്ങള്‍ പോലും ലഭിച്ചു എന്നു വരില്ല. അരുണാചലില്‍ മാത്രം അംഗീകാരമുള്ള 26 ഗോത്രഭാഷകളുണ്ട്. അവയില്‍ അഞ്ച് എണ്ണത്തിലേക്കു മാത്രമേ ഇതുവരെ ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു.
ഏലോഹിം + ഐടി
ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുമുമ്പ് പാട്ട് വയ്ക്കുന്നതിനുപകരം നോക്‌ടെ ഭാഷയില്‍ ജോസുകുട്ടി അച്ചന്‍ തന്നെ തയാറാക്കിയ പുതിയ നിയമത്തിന്റെ ഓഡിയോ പ്ലേ ചെയ്തു. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആളുകള്‍ നേരത്തെ വന്ന് ശ്രദ്ധയോടെ ഓഡിയോ ബൈബിള്‍ കേള്‍ക്കുന്നതായി കണ്ടു. സാധാരണക്കാരായ ദൈവജനത്തിന് തന്റെ ആത്മീയ വിനോദം ഉപകാരപ്പെട്ടെന്ന് മനസിലായപ്പോള്‍ അതിന്റെ ഉപരിസാധ്യതകളെക്കുറിച്ചായി അച്ചന്റെ ചിന്ത. അങ്ങനെ നോക്‌ടെ, നിഷി, ഹിന്ദി എന്നീ മൂന്നു ഭാഷകളിലുള്ള ഓഡിയോകളുമായി അച്ചന്‍ തോംസണ്‍ ഫിലിപ്പിനെ ബന്ധപ്പെട്ടു.
എറണാകുളത്ത് കാക്കനാട്ടുള്ള ഏലോയിറ്റ് ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി. കമ്പനിയുടെ സി.ഇ.ഒ ആണ് തോംസണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രശസ്തമായ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍, എഡിസാപ്പ്, ഏലോയിറ്റിന്റെ പ്രൊഡക്ടാണ്. അതാണ് ജോസുകുട്ടി അച്ചനും തോംസണുമായുള്ള ‘ലൈന്‍’. ന്യൂസിലന്‍ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന തോംസണ്‍ 2013ലെ ലോക യുവജനദിനത്തില്‍ പങ്കെടുക്കാനായി ബ്രസീലിലേക്കു പോയി. ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായോടൊപ്പം ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പത്തോളം യുവജനങ്ങളില്‍ ഒരാളായിരുന്നു തോംസണ്‍. മടക്കം സുവിശേഷ അഗ്നിയുമായി കേരളത്തിലേക്കായിരുന്നു. ദൈവത്തിന്റെ പേരായ ഏലോഹിം-ന്റെ കൂടെ ഐ.ടി ചേര്‍ത്ത് ഏലോയിറ്റ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞിരപ്പള്ളി വടക്കയില്‍ ഫിലിപ്പോസും ബീനയുമാണ് മാതാപിതാക്കള്‍. ഭാര്യ: മേലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ ഡോ. മിനി ജോസ്. മക്കള്‍: സാറാ, മരിയ, ഫിലിപ്പ്.
സ്വപ്‌നങ്ങള്‍ വിശാലമാക്കിയ യാത്ര
ജോസുകുട്ടി അച്ചന്റെ ആശയമനുസരിച്ച് ‘ഹോളി ബൈബിള്‍ ഇന്‍ ടംഗ്‌സ്’ എന്ന പേരില്‍ മൂന്നു ഭാഷകളോടെ ബൈബിള്‍ ആപ്പ് ആരംഭിച്ചു. ആദ്യം 20 ഭാഷകളാണ് ലക്ഷ്യമിട്ടത്. ഇംഗ്ലീഷ് അറിയാത്ത ഏതു സാധാരണക്കാരനും അഞ്ചു ടച്ചിനുള്ളില്‍ ബൈബിള്‍ വായിക്കാനാകണം. ഒരു ദിവസം രണ്ടുപേരും കൂടെ ഇറ്റാനഗറിലേക്കു പോകുമ്പോള്‍ വഴിയില്‍ നിന്നും ഗോത്രവര്‍ഗക്കാരിയായ ഒരമ്മ കാറില്‍ കയറി. യാത്രയുടെയിടയില്‍ അമ്മയ്ക്ക് കോള്‍ വന്നപ്പോഴാണ് അമ്മയുടെ സ്മാര്‍ട്ട് ഫോണ്‍ ഇവര്‍ കാണുന്നത്. തോംസണ്‍ അമ്മയുടെ ഫോണില്‍ ബൈബിള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കേള്‍പ്പിച്ചുകൊടുത്തു. അമ്മയ്ക്ക് അതു വലിയ അത്ഭുതമായി. തിരുവചനങ്ങളും ഇടയ്ക്ക് യേശു എന്നൊക്കെ കേള്‍ക്കുമ്പോഴുള്ള അമ്മയുടെ ആശ്ചര്യവും സന്തോഷവും ഹല്ലേലുയ്യാ പറച്ചിലും ഇവരുടെ ആവേശത്തെ ആളിക്കത്തിച്ചു. ‘ബൈബിള്‍ കേട്ടിട്ട് ഇവര്‍ ഇത്രയും സന്തോഷത്തോടെ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹത്തിന്റയൊരു പങ്ക് നമുക്കും കിട്ടില്ലേ, അങ്ങനെയെങ്കില്‍ കൂടുതല്‍ ഭാഷകളിലൂടെ കൂടുതല്‍ ആള്‍ക്കാരിലേക്ക് ബൈബിള്‍ എത്തുമ്പോള്‍ അത് നമുക്കും മറ്റുള്ളവര്‍ക്കും വലിയ അനുഗ്രഹമായിരിക്കില്ലേ’ എന്ന ചിന്ത ഇവരില്‍ വേരൂന്നിയത് ഈ യാത്രയിലായിരുന്നു.
അങ്ങനെ സ്വപ്‌നങ്ങള്‍ വിശാലമാകാന്‍ തുടങ്ങി. ധാരണകള്‍ക്കും മാറ്റങ്ങള്‍ വന്നു. ആപ്പിന്റെ പേരു മാറ്റണം. ഏതു ഭാഷയിലും സുഗമമായി എഴുതാന്‍ കഴിയുന്നതും ഏതു സാധാരണക്കാരനും എളുപ്പത്തില്‍ പറയാന്‍ പറ്റുന്നതുമായ പേര് വേണം. ഒത്തിരി ശ്രമിച്ചിട്ടും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ ലിന്റോ കൈതാരം അവിചാരിതമായി ബൈബിള്‍ ഓണ്‍ എന്ന പേര് നിര്‍ദേശിക്കുന്നത്. എപ്പോഴും തുറന്നിരിക്കുന്ന-ഓണായിരിക്കുന്ന ബൈബിള്‍, ഓണ്‍ലൈനില്‍ ലഭിക്കുന്ന ബൈബിള്‍, ആര്‍ക്കും എപ്പോഴും ഓണാക്കാവുന്ന ബൈബിള്‍…. പേരുമായി ബന്ധപ്പെട്ടുള്ള വിശദീകരണം നീളുകയാണ്.
‘യൂസര്‍ ഫ്രണ്ട്‌ലി’
ആപ്പിനുണ്ടായിരിക്കേണ്ട പ്രത്യേകതകളുടെ പ്രധാന മാനദണ്ഡം, ആര്‍ക്കും, ഏറ്റവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്നതായിരിക്കണം എന്നു നിശ്ചയിച്ചു. ഇംഗ്ലീഷ് അറിയാത്തവര്‍ക്കും പ്രയാസം കൂടാതെ ഡൗണ്‍ലോഡു ചെയ്യാനാകണം. പരസ്യങ്ങള്‍ കടന്നുവരാന്‍ ഇടയാകരുത്. ആവശ്യമുള്ള ബൈബിള്‍ ഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തപ്പോഴും യാത്രയ്ക്കിടയിലും കേള്‍ക്കാനുള്ള സൗകര്യം വേണം. ഈ മാനദണ്ഡങ്ങളെല്ലാം ശ്രദ്ധയോടെ പാലിച്ചാണ് ബൈബിള്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്. ആദി, അറബി, ആസാമീസ്, ബെംഗാളി, ബോഡോ, ചൈനീസ്, ദിമാസാ, ഇംഗ്ലീഷ് (3 ഭാഷ്യം), ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, ഹമാര്‍, ഇറ്റാലിയന്‍, കന്നഡ, ഖാസി, കൊക്‌ബൊറോക്, കൊങ്കണി, ലാറ്റിന്‍, ലൊത, മലഗാച്ചി, മലയാളം, മാറാം, നേപ്പാളി, നോക്‌ടെ, നിഷി, പൗമെയ്, റബ്ബ, സ്പാനിഷ്, തമിഴ്, തെലുഗു, തഡൗ കുക്കി, തിവ്വാ, വാഞ്ചോ, സോയു എന്നീ ഭാഷകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
സാങ്കേതിക പരിമിതിയും ഭാഷാപരമായ ദൗര്‍ലഭ്യവും നിമിത്തം എല്ലാ ഭാഷകളിലും ഓഡിയോ ലഭ്യമായിട്ടില്ല. ഇതില്‍ ഉള്‍പ്പെടാത്ത ഭാഷകളിലെ ബൈബിള്‍ ടെക്സ്റ്റും, ഓഡിയോ വേര്‍ഷനും കൈവശമുള്ളവര്‍ അതു നല്‍കിയാല്‍ ബൈബിള്‍ ഓണ്‍ ആപ്പിലൂടെ അനേകര്‍ക്ക് അത് ഉപകാരപ്പെടും. ഓരോ ഭാഷയിലും ബൈബിള്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ഭാരിച്ച ചിലവും അധ്വാന സമയവും ലാഭിക്കാനുമാകും.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മഡഗാസ്‌കറില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സി.എം.ഐ വൈദികരുടെ സഹായത്തോടെയാണ് മലഗാച്ചി ഭാഷയിലുള്ള ബൈബിള്‍ ലഭിച്ചത്. അവിടെ ഇങ്ങനെയൊരു സാധ്യത നിലവിലില്ലാത്തതിനാലും അവരുടെ വിശ്വാസ സമൂഹത്തിനും ഗോത്ര ഭാഷയ്ക്കും അംഗീകാരം ലഭിച്ചതിലും സന്തുഷ്ടനായ മൊറമാംഗ രൂപതാ മെത്രാന്‍ റൊസാരിയോ വെല്ല ഇറ്റാലിയന്‍ ഭാഷയിലയച്ച നന്ദിയുടെ കത്ത് ആത്മനിര്‍വൃതിയുടെ അംഗീകാരപത്രം പോലെയാണ് ബൈബിള്‍ ഓണ്‍ ടീമിന് അനുഭവപ്പെട്ടത്. ഭൗതിക വികസനം എത്തുന്നതിനുമുമ്പേ അപരിഷ്‌കൃതരായ ഒരു ജനതയുടെ ആത്മീയ അടിത്തറ ഉറപ്പിക്കാനുള്ള വഴികള്‍ തുറക്കാന്‍ കാരണക്കാരായല്ലോയെന്ന ചാരിതാര്‍ത്ഥ്യം.
നോര്‍ത്ത് ഈസ്റ്റ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായിരുന്ന ജോണ്‍ തോമസ് കട്ടറുകുഴിയില്‍ പിതാവിന്റെ പ്രോത്സാഹനം ബൈബിള്‍ വിവര്‍ത്തനങ്ങളെ ഏറെ സഹായിച്ച ഘടകമാണ്. ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂളച്ചിറയുടെ പ്രോത്സാഹനവും നിര്‍ലോഭമായിരുന്നു. ഇപ്പോഴത്തെ ഇറ്റാനഗര്‍ ബിഷപ് ബെന്നി വര്‍ഗീസ് എടത്തട്ടേല്‍ നിസ്വാര്‍ത്ഥമായ സഹകരണമാണ് നല്‍കുന്നത്. ജോസുകുട്ടി അച്ചന്‍ നട്ടു, തോംസണ്‍ ഫിലിപ്പ് നനച്ചു, ഇതുവരെയും ദൈവം വളര്‍ത്തി. തുടര്‍ന്നും തങ്ങളിലൂടെയാണോ അതോ മറ്റാരെയെങ്കിലും കൂട്ടിച്ചേര്‍ത്താണോ പുതുവഴികള്‍ തുറക്കപ്പെടുന്നതെന്ന് അറിയില്ലെങ്കിലും, അനുഗ്രഹിച്ചവനും അനുഗ്രിക്കുന്നവനുമായ ദൈവത്തിനു നന്ദിപറയുകയാണ് ‘ബൈബിള്‍ ഓണ്‍’ ടീം.
Leave a Comment
Your email address will not be published. Required fields are marked with *