Follow Us On

16

April

2025

Wednesday

കുര്‍ബാന പ്രസംഗം നടത്താന്‍ ആഗ്രഹിച്ച ‘ഏഴാം ക്ലാസുകാരന്‍’

കുര്‍ബാന പ്രസംഗം  നടത്താന്‍ ആഗ്രഹിച്ച  ‘ഏഴാം ക്ലാസുകാരന്‍’

മാത്യൂ സൈമണ്‍

വളരെ അപകടം നിറഞ്ഞതാണ് ഉത്തരാഖണ്ഡിലെ മലനിരകളിലൂടെയുള്ള യാത്ര. മലമുകളില്‍ നിന്നും വലിയ കല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കിടയില്‍ അടര്‍ന്നു വീഴാം. മഴക്കാലമായാല്‍ മണ്ണിടിച്ചിലും ഉണ്ടാകും. മഞ്ഞുകാലത്ത് റോഡില്‍ മഞ്ഞുവീണ് പാറപോലെ ഉറച്ചുകിടക്കും. ചിലപ്പോള്‍ വാഹനങ്ങള്‍ തെന്നി താഴെ കൊക്കയിലേക്ക് പതിക്കാം. അങ്ങനെ ഉത്തരാഖണ്ഡിലെ ജോഷിമഡില്‍ മരണമടഞ്ഞ മിഷണറിയായ ഫാ. മെല്‍വിനെ നാം മറക്കാനിടയില്ല. അദ്ദേഹത്തോടൊപ്പം ഉത്തരാഖണ്ഡിലെ മിഷനില്‍ സേവനം ചെയ്ത വൈദികനാണ് അഡ്വ. ഫാ. ആല്‍ബര്‍ട്ട് ഭരണികുളങ്ങര. ആല്‍ബര്‍ട്ടച്ചന്റെ മിഷന്‍ യാത്രകളിലും വാഹനത്തിന്റെ മുകളില്‍ വലിയ കല്ലുകള്‍ വീണ് അനേക അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല. കാരണം മലമുകളില്‍ അനേക ഗ്രാമങ്ങളും അവിടെ സഹായമാവശ്യമുള്ള അനേക മനുഷ്യരുമുണ്ട്. ക്രിസ്തുവാണ് തന്നെ അവരുടെ അടുത്തേക്ക് വിളിക്കുന്നതെന്ന് ആല്‍ബര്‍ട്ടച്ചന് അറിയാം. ക്രിസ്തു എന്നും ജനങ്ങളുടെ ഇടയില്‍ അവര്‍ക്കുവേണ്ടി ജീവിച്ച ആളാണ്. ക്രിസ്തു കാട്ടിയ ഈ മാതൃകയാണ് ഓരോ വൈദികന്റേയും വിളിയെന്ന് ആല്‍ബര്‍ട്ടച്ചന്‍ തന്റെ ജീവിതംകൊണ്ട് സാക്ഷ്യം നല്‍കുന്നു.

ആകര്‍ഷിച്ച വചന പ്രഘോഷണങ്ങള്‍

ബിജ്‌നോര്‍ സീറോ മലബാര്‍ രൂപതാ വൈദികനാണ് ഫാ. ആല്‍ബര്‍ട്ട് ഭരണികുളങ്ങര. അങ്കമാലി കുന്നപ്പിള്ളിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗമായ ഇദ്ദേഹം ചെറുപ്പം മുതലേ മുടങ്ങാതെ എന്നും പള്ളിയില്‍ പോകുമായിരുന്നു. അച്ചനാകാന്‍ ആഗ്രഹം തോന്നിയത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. തന്റെ ഇടവക വികാരിയുടെ ദിവ്യബലിമധ്യേയുള്ള വചനപ്രസംഗങ്ങളാണ് അതിന് കാരണം. അന്നുമുതല്‍ ആല്‍ബര്‍ട്ടിന് ഒരു വൈദികനായി ദൈവത്തിന്റെ വചനം പ്രസംഗിക്കണമെന്ന് ശക്തമായ ആഗ്രഹം ഉണ്ടായി. അതിനായി അന്നുമുതല്‍ തന്നെത്തന്നെ പ്രാര്‍ത്ഥനയിലൂടെ ഒരുക്കാന്‍ തുടങ്ങി. അതോടൊപ്പം ചെറുപ്പം മുതലേ തന്നാലാവും വിധം മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനും ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നു. ഇതൊക്കെത്തന്നെയാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു വൈദികനായി മിഷനില്‍ സേവനം ചെയ്യാന്‍ ആല്‍ബര്‍ട്ടിനെ ശക്തിപ്പെടുത്തിയത്. അങ്ങനെ ബിജ്‌നോര്‍ രൂപതയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. 2006 മെയ് ആറിന് തന്റെ ഇടവകദൈവാലയത്തില്‍വച്ച് അന്നത്തെ ബിജ്‌നോര്‍ മെത്രാനായ ബിഷപ് ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐയുടെ കൈവയ്പുവഴി പട്ടം സ്വീകരിച്ചു.

വടക്കേ ഇന്ത്യയിലേക്ക്
ഫാ. ആല്‍ബര്‍ട്ട് ആദ്യമായി സേവനം ആരംഭിച്ചത് ഉത്തരാഖണ്ഡിലാണ്. ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടുത്തെ കാലാവസ്ഥ വളരെ വൈവിധ്യവും എന്നാല്‍ ഏറെ പ്രതികൂലങ്ങളും നിറഞ്ഞതാണ്. ഉത്തരാഖണ്ഡിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഗാട്ട് എന്ന സ്ഥലത്തായിരുന്നു ആദ്യത്തെ പ്രവര്‍ത്തനം.
വികലാംഗരായ കുട്ടികള്‍ക്കുള്ള ചെറിയൊരു സ്ഥാപനമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആ കുട്ടികളെ പരിപാലിച്ച് അവര്‍ക്കുവേണ്ട കാര്യങ്ങളെല്ലാം ചെയ്യുകയായിരുന്നു അച്ചന്റെ ജോലി. പകല്‍സമയങ്ങളില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ഇടയിലേക്ക് പോയി അവര്‍ക്കായി വിവിധ സേവനങ്ങള്‍ ചെയ്തുകൊടുത്തു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും തയ്യല്‍ പോലുള്ള സ്വയം തൊഴിലുകള്‍ പഠിപ്പിക്കുകയും ചെയ്തു. ഗ്രാമവാസികള്‍ക്കൊപ്പം അവരുടെ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്ന അച്ചന്‍ അവരുടെ സാമ്പത്തിക – സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.

വളരെ വ്യത്യസ്തമായ ഭൂപ്രകൃതിയാണ് അവിടെ. മഴക്കാലത്ത് മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും നിരന്തരം ഉണ്ടാകും. ഇതുപോലുള്ള ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അച്ചന്റെ നേതൃത്വത്തില്‍ ചെയ്തുകൊടുക്കാറുണ്ട്. അവര്‍ക്കു വേണ്ട ഭക്ഷണവും മരുന്നുകളുമടക്കം എല്ലാ സഹായത്തിനും സിസ്റ്റര്‍മാരും സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന ഫാ. ആല്‍ബര്‍ട്ടിന്റെ ടീം മുന്‍പന്തിയില്‍ ഉണ്ടാകും. എന്‍ജിഓകള്‍ വഴി സാമ്പത്തിക സാഹായവും എത്തിച്ചു നല്‍കിയിരുന്നു.

ഗ്രാമങ്ങള്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നവയാണ്. അവിടെയെല്ലാം എത്തിപ്പെടുക അത്ര എളുപ്പമല്ല. മലയുടെ ഏറ്റവും മുകളിലായിരിക്കും ചില വീടുകള്‍. വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത അവിടേക്കെല്ലാം നടന്നുവേണം പോകാന്‍. അവിടെച്ചെന്ന് അവരോടൊപ്പം സംസാരിച്ച്, അവരെ കേട്ട്, ആശ്വസിപ്പിച്ച് ചെറിയ ക്ലാസുകള്‍ എടുക്കും. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കും. മണിക്കൂറുകളോളം മലകയറി ഭവനസന്ദര്‍ശനം നടത്തിയശേഷം വൈകുന്നേരമായിരിക്കും താഴെയെത്തുക. കൂടാതെ വിവിധ ഗ്രാമങ്ങളിലുള്ള പാവപ്പെട്ട വികലാംഗരായ കുട്ടികളുടെ പലവിധത്തിലുള്ള ഓപ്പറേഷനുകള്‍ക്കുവേണ്ടി മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആശുപത്രികളിലെത്തിച്ച് ഓപ്പറേഷന്‍ നടത്തിയ ശേഷം അവരുടെ കൂടെനിന്ന് അവര്‍ക്കുവേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് തിരിച്ച് വീട്ടിലെത്തിക്കുന്നതുവരെ അച്ചന്‍ കൂടെയുണ്ടാകും.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യസം ലഭിക്കണമെന്ന് ഇവിടുത്തെ മാതാപിതാക്കള്‍ വളരെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവസരം കുറവാണ്. സഭ ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോട് ഇവിടുത്തെ ജനങ്ങള്‍ക്ക് വലിയ താല്‍പര്യമാണ്. നഴ്‌സറി സ്‌കൂളിനെ ഫാ. ആല്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ വളര്‍ത്തി വലുതാക്കി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആക്കുകയും അതിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ട് വില്ലേജുകളില്‍ പോകും. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി മരുന്നുകള്‍ എത്തിച്ചുകൊടുക്കും. കൊച്ചുകുട്ടികളുടെ ക്ലബുകള്‍ ഉണ്ടാക്കി അവരെ പഠിപ്പിക്കുകയും പലവിധ സ്‌പോര്‍ട്സ്, കള്‍ച്ചറല്‍ മത്സരങ്ങള്‍ (കളികള്‍, സ്‌പോര്‍ട്‌സ്, വിനോദ പരിപാടികള്‍) നടത്തുകയും ചെയ്യും. അവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കും. ഇതെല്ലാം കുട്ടികള്‍ക്ക് വലിയ സന്തോഷവും പ്രചോദനവുമാണ്. തയ്യല്‍ പരിശീലനവും ബ്യൂട്ടീഷന്‍ കോഴ്‌സും പല ക്രാഫ്റ്റ് വര്‍ക്കുകളും കുട്ടികളെ പഠിപ്പിക്കും. ഇതിലൂടെയെല്ലാം ഇവരെ സ്വയംപര്യാപ്തരാക്കി മാറ്റുന്നു.

ഇവരുടെ പരിതാപാവസ്ഥയില്‍നിന്ന് പഠിച്ച്, ജോലി നേടി നല്ലൊരു വ്യക്തിത്വത്തിന് ഉടമകളായി അവരെ മാറ്റിയെടുക്കാനുള്ള കാര്യങ്ങളാണ് അച്ചന്‍ ചെയ്യുന്നത്. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും പ്രത്യേകിച്ച് പഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ്, പുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍ എന്നിവയെല്ലാം നല്‍കുന്നു. അതുപോലെ മെഡിക്കല്‍ സഹായങ്ങളും എത്തിച്ചുകൊടുക്കുന്നു. ഇടയ്ക്ക് മഞ്ഞുവീഴ്ച ഉണ്ടാകും. ചിലപ്പോള്‍ അവരുടെ വീടുകള്‍ ഒഴുകിപ്പോവുകയും കുറെ ആളുകള്‍ മരിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ അവരെ കണ്ടെത്തി വേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും വീട് പണിയാന്‍ സഹായിക്കുകയും ചെയ്യും. എന്തു സഹായത്തിനായും മിഷനറിമാര്‍ അവര്‍ക്ക് ഒപ്പമുണ്ട് എന്ന ബോധ്യം അവര്‍ക്കിന്നുണ്ട്. പള്ളിയില്‍നിന്ന് പ്രസംഗിക്കാന്‍ മാത്രമല്ല, ജനങ്ങളുടെ ഇടയിലേക്കിറങ്ങാനും അവരോടൊപ്പം ആയിരിക്കുവാനും ദൈവം അച്ചനെ ഉപയോഗിക്കുന്നു. ഇതിനിടയില്‍ മൂന്നുവര്‍ഷത്തോളം വൊക്കേഷന്‍ പ്രമോട്ടര്‍ ആയി ഇദ്ദേഹം ആലുവയിലെ ഫ്രാന്‍സിസ് ഹൗസില്‍ സേവനം ചെയ്തിട്ടുണ്ട്.

സഭയ്ക്കും സമൂഹത്തിനുമായി
വക്കീല്‍ വേഷം

ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനത്തിനിടയില്‍ സഭയും വിശ്വാസികളും സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളും നിയമപരമായി പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നത് അച്ചന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2023 ല്‍ എല്‍എല്‍ബി പഠിച്ചു പാസാകുന്നത്. ഒരു വര്‍ഷത്തോളമായി വക്കീല്‍ പരിശീലനത്തിനായി ഡല്‍ഹിയിലാണ്. പരിശീലനശേഷം വീണ്ടും ഉത്തരാഖണ്ഡിലെ മിഷനിലേക്ക് തിരിച്ചുപോകും. ഇപ്പോല്‍ ഡല്‍ഹിയില്‍ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള മയുര്‍ വിഹാര്‍ ഫേസ്1 എന്ന ഇടവകയുടെ വികാരി എന്ന ഉത്തരവാദിത്വവും കൂടി ഇദ്ദേഹത്തിനുണ്ട്. 150 കുടുംബങ്ങളുള്ള ഈ ഇടവകയില്‍ മുഴുവന്‍ മലയാളികളാണ്. എല്ലാ ദിവസവും വൈകിട്ട് ആറരയ്ക്ക് ആരാധനയും ഏഴുമണിക്ക് വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നതിന്റെ തിരക്കുള്ളതിനാലാണ് ഈ ക്രമീകരണം. പകല്‍ വക്കീല്‍ പ്രാക്ടീസും വൈകിട്ട് പള്ളിയില്‍ തിരുക്കര്‍മ്മങ്ങളും, അതാണ് ഇപ്പോഴത്തെ ജീവിതം. നിരവധിപ്പേരാണ് വൈകിട്ട് ഇവിടെ കുര്‍ബാനയ്ക്ക് വരുന്നത്. ഞായറാഴ്ചകളില്‍ രാവിലെ 8.30 ന് ഒരു വിശുദ്ധകുര്‍ബാനകൂടി ഉണ്ടാകും.

എന്നും പ്രിയം മിഷന്‍
മിഷന്‍ പ്രവര്‍ത്തനത്തില്‍ സോഷ്യല്‍ വര്‍ക്കാണ് ആല്‍ബര്‍ട്ടച്ചന് ഏറ്റവും സന്തോഷം തരുന്ന കാര്യം. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും സേവനം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ രാത്രി കിടക്കാന്‍ നേരം മനസിനൊരു വിഷമമായിരിക്കുമെന്ന് ഇദ്ദേഹം പങ്കുവെയ്ക്കുന്നു. ഇന്നൊന്നും ചെയ്തില്ല, ഇന്നത്തെ ദിവസം വേസ്റ്റായി എന്ന് തോന്നും. നല്ല സുഖസൗകര്യത്തില്‍ ജീവിക്കുന്നതല്ല ആത്മസംതൃപ്തി, മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും സഹായങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയാണ് ആത്മസന്തോഷം തരുന്നത്; ഫാ. ആല്‍ബര്‍ട്ട് പറയുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കണം. ആ സന്തോഷം കിട്ടണമെങ്കില്‍ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കാണണം. യേശുക്രിസ്തു ആരെയും വേദനിപ്പിച്ചിട്ടില്ല, സ്‌നേഹിക്കുകയും ക്ഷമിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആ മാതൃകയാണ് നമുക്കാവശ്യം.

എല്ലാത്തിനും പ്രാര്‍ത്ഥന അത്യാവശ്യമാണ്. പ്രാര്‍ത്ഥനയിലൂടെ എത്ര വലിയ ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടുകളെയും നേരിടാന്‍ നമുക്ക് സാധിക്കും. മാതാവിനോടുള്ള ഭക്തി, വിശുദ്ധ ബലിയില്‍നിന്ന് കിട്ടുന്ന കൃപ എന്നിവയില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനും അവര്‍ക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനും പ്രചോദനം കിട്ടുന്നത്, ആല്‍ബര്‍ട്ടച്ചന്‍ പങ്കുവെയ്ക്കുന്നു.
വളരെ പരിമിതമായ സാഹചര്യത്തില്‍ വളരെ കഷ്ടപ്പെട്ട് ജാതിമത ഭേദമെന്യേ എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ക്രിസ്തു നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. കാരണം ക്രിസ്തു ജീവിച്ചത് അങ്ങനെയാണ്. ആളുകളെ കണ്ട് സംസാരിച്ചും പ്രാര്‍ത്ഥിച്ചും അവരെ സഹായിച്ചും ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ് ക്രിസ്തു മാതൃക കാണിച്ചുതന്നത്. ഒരു പുരോഹിതന്‍ ക്രിസ്തുവിനെപ്പോലെ ജനങ്ങള്‍ക്കു വേണ്ടിയുള്ളയാളാണ്. അവരെ നല്ല മനുഷ്യരാക്കി നല്ല ജീവിതം ജീവിക്കാന്‍ പ്രചോദനവും മാതൃകയുമാകണം. ഇങ്ങനെ ചെയ്യുന്നതുവഴി കര്‍ത്താവിന്റെ വചനമാണ് ജനങ്ങളിലേക്ക് എത്തുന്നത്. ജനങ്ങളുടെ കൂടെ ഇരിക്കാനും അവരെ മനസിലാക്കാനും ഒരോ മിഷനറിക്കും സാധിക്കണം.

ഇതില്‍ സഹനമുണ്ട്. അതിനുള്ള ശക്തി ക്രിസ്തു തന്റെ ദിവ്യബലിയിലുടെ തരുന്നു. വിശുദ്ധ കുര്‍ബാന എന്നു പറയുന്നത് അത്ഭുതങ്ങളുടെ കൂദാശയാണ്. കുര്‍ബാനയോടുള്ള തീവ്രമായ ഭക്തിയാണ് ഇദ്ദേഹത്തിന്റെ ശക്തി.
ഓരോ വൈദികനും കര്‍ത്താവിനോട് ആത്മീയമായി ഏറെ ബന്ധമുണ്ടായിരിക്കണം. അപ്പോള്‍ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രയാസങ്ങളെയും മടുപ്പുകളെയും നിരാശയെയും അതിജീവിക്കാന്‍ സാധിക്കും. എത്ര വിഷമം വന്നാലും എപ്പോഴും സന്തോഷത്തോടുകൂടി ഇരിക്കാനുള്ള കൃപ യേശുക്രിസ്തു എപ്പോഴും തരുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ദൈവത്തോട് നാം എത്രമാത്രം അടുത്തിരിക്കുന്നുവോ അത്രമാത്രം കൃപയും അനുഗ്രഹവും നമുക്കും കിട്ടും. വിശുദ്ധ ബലിയോടുള്ള സ്‌നേഹവും അതില്‍നിന്ന് കിട്ടുന്ന കൃപയും അനുഗ്രഹവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്ന വലിയ ശക്തി. വൈദികരെ മുന്നോട്ട് നയിക്കുന്നത് ദിവ്യബലിയില്‍ നിന്ന് ലഭിക്കുന്ന ഈ ശക്തിയാണെന്ന് ഫാ. ആല്‍ബര്‍ട്ട് പറയുന്നു. ഒപ്പം ഏവരുടേയും പ്രാര്‍ത്ഥനാസഹായവും ഇദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?