ജോസഫ് മൈക്കിള്‍
കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം.
ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ.
കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും പ്രഭാഷണങ്ങളും പ്രാര്‍ത്ഥനയും ആരാധനയുമെല്ലാം കൂടിച്ചേര്‍ന്നതാണ് ഈ ധ്യാനം. കലയുടെ സഹായത്തോടെ മനുഷ്യഹൃദയങ്ങളിലേക്ക് വചനങ്ങള്‍ പെയ്തിറങ്ങുന്ന വ്യത്യസ്തമായൊരു ധ്യാനം. രണ്ടുവര്‍ഷം കഴിഞ്ഞു മാജിക് റിട്രീറ്റുകള്‍ ആരംഭിച്ചിട്ട്. ജോയിസ് മുക്കുടം മാജിക്കിന്റെ സഹായത്തോടെ ലഹരിക്കെതിരെയും ജീവനുവേണ്ടിയുമുള്ള പോരാട്ടം തുടങ്ങിയിട്ട് ഏതാണ്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന് മാജിക് ജീവനോപാധിയല്ല, സാമൂഹ്യതിന്മകള്‍ക്കെതിരെ പൊരുതാനുള്ള ആയുധമാണ്. അതിന്റെ പിന്നില്‍ ഒരു ദൈവിക പദ്ധതിയുണ്ടെന്നതില്‍ സംശയമില്ല. അതുകൊണ്ടാകാം കൗമാരകാലം മുതല്‍ മാജിക്കിനോടുള്ള പ്രത്യേക ആകര്‍ഷണം ഇദ്ദേഹത്തിന്റെ മനസില്‍ നിറഞ്ഞതും. കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നിര്‍മല കോളജില്‍ അനധ്യാപകനായി 30 വര്‍ഷം സേവനം ചെയ്ത ജോയിസ് 2013-ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഔദ്യോഗിക പദവി വഹിച്ചിരുന്ന കാലത്ത് ജോയിസിന്റെ കഴിവുകളും സാമൂഹ്യപ്രതിബന്ധതയും തിരിച്ചറിഞ്ഞ കോളജ് മാനേജ്‌മെന്റും രൂപതാധികൃതരും ലഹരിക്കെതിരെയും ജീവനുവേണ്ടിയുമുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.
ബൈബിള്‍ മാജിക് ഷോ
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇപ്പോള്‍ രണ്ടു പ്രോഗ്രാമുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആദ്യത്തേത് ജൂബിലിയുടെ മെസേജ് അടങ്ങുന്ന ‘പ്രത്യാശയുടെ വിസ്മയങ്ങള്‍’ എന്ന മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബൈബിള്‍ മാജിക് ഷോയാണ്. ബൈബിളിലൂടെയുള്ള ഒരു സഞ്ചാരമാണിത്. കരുതുന്ന ദൈവത്തെക്കുറിച്ചുള്ള ചിത്രമാണ് കാഴ്ചക്കാരുടെ മനസുകളില്‍ പതിയുന്നത്. ഈ പ്രോഗ്രാം വേണമെങ്കില്‍ എട്ടുമണിക്കൂര്‍വരെ നീട്ടാനും കഴിയും. കേരളത്തിലെ ഏതാനും ദൈവാലയങ്ങളില്‍ ഇതിനകം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തേത് സമകാലിക സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടമാണ്.
മദ്യം, മയക്കുമരുന്ന്, ലഹരികള്‍ തുടങ്ങിയവയ്ക്ക് എതിരെ ചില മാജിക്കുകള്‍ അവതരിപ്പിക്കുക മാത്രമല്ല, അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ ബോധ്യങ്ങളും ബോധവല്‍ക്കരണവുമാണ് മാജിക്കിന്റെ സഹായത്തോടെ നല്‍കുന്നത്. കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്നതാണ് ഇതിലൂടെ പങ്കുവയ്ക്കുന്ന ബോധ്യങ്ങള്‍. ലഹരിയുടെ വഴികളിലൂടെ സഞ്ചരിക്കുന്നവരാണെങ്കിലും ഈ പ്രോഗ്രാം കണ്ടാല്‍ സാധാരണപോലെ അത്ര പെട്ടെന്ന് അവ ഉപയോഗിക്കാന്‍ ഒന്നു മടിക്കുമെന്ന് തീര്‍ച്ച. ഇതോടൊപ്പം പ്രോ-ലൈഫ് പ്രോഗ്രാം (ഗര്‍ഭഛിദ്രം, ആത്മഹത്യ തുടങ്ങിയവക്ക് എതിരെയുള്ളവ), യംഗ് കപ്പിള്‍സ്, ദമ്പതീ സെമിനാര്‍, അധ്യാപകര്‍, നഴ്‌സസ് തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ക്കുള്ള പ്രോഗ്രാമുകളും മാജിക്കിലൂടെ ആകര്‍ഷകമായി അവതരിപ്പിക്കുന്നു. ദൈവാലയങ്ങളിലെ തിരുനാളുകളോട് അനുബന്ധിച്ച് പ്രോഗ്രാമുകള്‍ നടത്തിവരുന്നു.
സ്‌കൂളിലെ പിടിഎ മീറ്റിംഗുകളില്‍വരെ മാജിക് പ്രോഗ്രാമുകള്‍ നടത്താറുണ്ട്. കാലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് പുതിയ തലമുറയെ ഏതുവിധത്തില്‍ കൈകാര്യം ചെയ്യണമെന്ന ബോധവല്ക്കരണമായിട്ടുവേണമെങ്കില്‍ ആ പ്രോഗ്രാമിനെ കരുതാം. അതില്‍ മൂന്നുമണിക്കൂറുകള്‍ മാജിക് തന്നെയായിരിക്കും.15 മണിക്കൂര്‍ തുടര്‍ച്ചയായി മാജിക് കാണിച്ച് ക്ലാസെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. ഓരോ ഗ്രൂപ്പുകള്‍ക്കും അനുസൃതമായാണ് മാജിക്കുകള്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍, മുതിര്‍ന്നവര്‍, സിസ്റ്റേഴ്‌സ് എന്നിങ്ങനെ. ലഹരിക്ക് എതിരെയുള്ള പ്രോഗ്രാമുകളില്‍ ലഹരി മാത്രമല്ല വിഷയങ്ങള്‍. പോസിറ്റീവ് സ്‌ട്രോക്കും സ്‌നേഹത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്രയും മോട്ടിവേഷന്‍ ലഭിച്ച പ്രോഗ്രാമില്‍ ഇതിനു മുമ്പ് പങ്കെടുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയവര്‍ അനേകരാണ്.
പൂക്കള്‍ വിടരുന്ന
ജപമാലകള്‍
ബൈബിള്‍ വചനങ്ങള്‍ മാജിക്കിലൂടെ കാണികളുടെ മനസുകളില്‍ പതിയുമോ എന്നൊരു സംശയം സ്വഭാവികമായും ഉണ്ടാകാം. എന്നാല്‍, അതൊരിക്കല്‍ കണ്ടാല്‍ അത്ര എളുപ്പത്തില്‍ മാഞ്ഞുപോകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണമായി, ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്’ എന്ന വചനം പറയുമ്പോള്‍ മാജിക്കിലൂടെ ബൈബിളില്‍നിന്ന് തീ ആളിക്കത്തുന്ന വിധത്തിലുള്ള വിഷ്വല്‍ സൃഷ്ടിക്കുന്നു. അതുവഴി വളരെ പെട്ടെന്ന് കുട്ടികളുടെ മനസിലേക്ക് വചനം പതിയും. യേശുവാകുന്ന വചനം ഹൃദയത്തിലുണ്ടെങ്കില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിക്കും അശുദ്ധ ജീവിതത്തിലേക്കും അവര്‍ ആകര്‍ഷിക്കപ്പെടില്ല. യേശുവാകുന്ന പ്രകാശത്തില്‍നിന്ന് അകലുമ്പോഴാണ് തെറ്റിലേക്ക് പോകുന്നത് എന്ന സന്ദേശം നല്‍കുന്നു.
പരിശുദ്ധ ത്രിത്വത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നത് മൂന്ന് റിംഗുകള്‍ ഉപയോഗിച്ചുള്ള മാജിക്കിലൂടെയാണ്. അവസാനം മൂന്നു റിംഗുകളും ഒന്നായി മാറുമ്പോള്‍ വിശ്വാസ രഹസ്യം എളുപ്പത്തില്‍ ഗ്രഹിക്കാനാകും. ജപമാലഭക്തി ജനിപ്പിക്കുന്ന മാജിക് ശ്രദ്ധേയമായ ഒന്നാണ്. കാണികളുടെ സഹായത്തോടെ ചെറിയ ജപമാല ഒരു പെട്ടിയിലേക്ക് ഇടുന്നു. അവര്‍തന്നെ അതു തുറക്കുമ്പോള്‍ ആദ്യം വിടര്‍ന്നു വരുന്നത് നിരനിരയായി ഇരുപഞ്ചോളം പൂക്കളായിരിക്കും. ഇതു കഴിയുമ്പോള്‍ വലിയ ജപമാല അതില്‍നിന്ന് എടുക്കുകയും ചെറിയ ജപമാല അപ്രത്യക്ഷമാകുകയും ചെയ്യും. വിശ്വസിച്ച് ജപമാല അര്‍പ്പിച്ചാല്‍ അതിന്റെ ശക്തി വലുതായിരിക്കുമെന്ന സന്ദേശമാണ് പകരുന്നത്. ബൈബിളിലെ പല ഉപമകളും മാജിക്കിന്റെ സഹായത്തോടെ വിശദീകരിക്കുന്നു.
ആത്മഹത്യയോട്
നോ പറഞ്ഞവര്‍
ഈ പ്രോഗ്രാമുകളില്‍ പങ്കെടുത്തതിലൂടെ ആത്മഹത്യാ ചിന്തകള്‍ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരികെ മടങ്ങിയവരും മദ്യപാനവും പുകവലിയും ഉപേക്ഷിച്ച അനുഭവങ്ങള്‍ അനേകര്‍ പങ്കുവച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കോതമംഗലത്തിനടുത്ത് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള പ്രോഗ്രാം നടത്തി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഭര്‍ത്താവും ഭാര്യയും ഒരു കൊച്ചുപെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം കാണാനെത്തി. ആ പ്രോഗ്രാം കണ്ടതിലൂടെ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചെന്ന കാര്യമായിരുന്നു കുടുംബനാഥന് പറയാനുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഒരിക്കല്‍കൂടി വിളിച്ചു. അന്നത്തെ ആ കൊച്ചുപെണ്‍കുട്ടി മഠത്തില്‍ ചേരുകയാണെന്ന സന്തോഷവാര്‍ത്തയായിരുന്നു പിതാവിന് പറയാന്‍ ഉണ്ടായിരുന്നത്. ആലുവയില്‍ യുവജനങ്ങള്‍ക്കായി സിസ്റ്റേഴ്‌സ് നടത്തിയ ഒരു ധ്യാനത്തിനിടയില്‍ ജീവന്റെ മൂല്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന മാജിക് അവതരിപ്പിച്ചു. ധ്യാനം കഴിഞ്ഞ് ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടി അതില്‍ സംബന്ധിച്ചിരുന്നു. ആ മാജിക്കല്‍ പ്രോഗ്രാമിലൂടെ ദൈവം ഇടപെട്ടു. തന്റെ തെറ്റ് ബോധ്യപ്പെട്ട അവള്‍ സിസ്റ്ററിനോട് മനസുതുറന്നു. മാജിക് കണ്ട് ആത്മഹത്യാ ചിന്ത ഉപേക്ഷിച്ച വിവരം പങ്കുവച്ചു. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങളുണ്ട്.
പുസ്തകത്തില്‍നിന്നും
പഠിച്ച മാജിക്
ചെറുപ്പം മുതല്‍ ജോയിസിന് മാജിക്കിനോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. കൗമാര കാലഘട്ടത്തില്‍ മാജിക് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ വീടിനടുത്തുള്ള ടാഗോര്‍ പബ്ലിക് ലൈബ്രറിയില്‍ കുറെനാള്‍ ലൈബ്രേറിയനായിരുന്നു. അതുവഴി മാജിക് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ വീണ്ടും അവസരം ലഭിച്ചു. ആ കാലത്ത് മുക്കുടത്തെ വികാരിയച്ചന്‍ മുഖേന അടുത്തുള്ള മച്ചിപ്ലാവ് ദൈവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് മാജിക് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. മാജിക് തനിക്ക് വഴങ്ങുമെന്ന തിരിച്ചറിവു ലഭിച്ച സമയമായിരുന്നത്. അങ്ങനെ മുമ്പോട്ടുപോകുമ്പോഴാണ് ജോലി ലഭിച്ചത്. മാജിക്കിനോട് തല്ക്കാലം വിടപറഞ്ഞെങ്കിലും ദൈവത്തിന് അതേപ്പറ്റി ചില പദ്ധതികള്‍ ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു എന്നുമാത്രം.
ഇടുക്കി ജില്ലയിലെ അടിമാലിക്കടുത്തുള്ള മുക്കുടം സ്വദേശിയായ ജോയിസിന് 1983-ലാണ് നിര്‍മല കോളജില്‍ അനധ്യാപകനായി ജോലി ലഭിച്ചത്. അങ്ങനെ മുമ്പോട്ടുപോകുമ്പോള്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ സംബന്ധിച്ചു. ധ്യാനത്തിനുശേഷം വചനങ്ങള്‍ ഡയറിയില്‍ എഴുതിവയ്ക്കുന്ന ശീലം ആരംഭിച്ചു. ഒരു രാത്രിയില്‍ ഇങ്ങനെയൊരു ചോദ്യം ഹൃദയത്തില്‍ മുഴങ്ങി, ‘നീ വചനങ്ങള്‍ എഴുതിവയ്ക്കുന്നതല്ലാതെ ആരോടെങ്കിലും പറയുന്നുണ്ടോ?’ അതു ദൈവത്തിന്റെ സ്വരമാണെന്ന് ജോയിസിനു തോന്നി. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത മനസിലേക്ക് വന്നത് ആ കാലത്താണ്. അതിനിടയില്‍ ക്രിസ്റ്റീന്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തു. അങ്ങനെ സ്ലൈഡുകള്‍, പ്രൊജക്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് വിഷ്വല്‍ മീഡിയയുടെ സഹായത്തോടെ 1990-ല്‍ ക്രിസ്റ്റീന്‍ ധ്യാനം നടത്താന്‍ ആരംഭിച്ചു. അതു കുട്ടികളെ സ്വാധീനിക്കുന്നു എന്നു കണ്ടപ്പോഴാണ് മനസിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന മാജിക് എന്ന കലാരൂപം പൊടിത്തട്ടിയെടുത്തത്. ഇക്കാലത്തുതന്നെ ഒരു ടീമായി കേരളത്തില്‍ ഉടനീളം കഥാപ്രസംഗശൈലിയില്‍ ലഹരിക്കെതിരെ പ്രോഗ്രാമുകള്‍ നടത്തി. തബല, റിത്താര്‍, ഓര്‍ഗണ്‍, വയലിന്‍ തുടങ്ങിയ ഉപകരണങ്ങള്‍ വായിക്കുന്നവരും ടീമില്‍ ഉണ്ടായിരുന്നു. ലാപ്‌ടോപ്പിന്റെ സഹായത്തോടെ എല്‍സിഡി സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രോഗ്രാമുകള്‍ കാണിച്ചിരുന്നു.
സര്‍വകലാശാല
റിസോഴ്‌സ് പേഴ്‌സന്‍
26 വയസുമുതല്‍ ലഹരിക്കെതിരെ മാജിക്കുകള്‍ അവതരിപ്പിക്കുന്ന ജോയിസ് മുക്കുടം ബഹ്‌റിന്‍, ഷാര്‍ജ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും മുംബൈ, ബംഗളൂരു തുടങ്ങി നിരവധി നഗരങ്ങളിലും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം മഹാത്മഗാന്ധി സര്‍വകലശാലയുടെ റിസോഴ്‌സ് പേഴ്‌സന്‍ ആയിരുന്നു. സീറോ മലബാര്‍ സഭയുടെ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറിയുടെ ഉത്തരവാദിത്വത്തിനൊപ്പം നിരവധി പദവികളും വഹിക്കുന്നുണ്ട്. കോതമംഗലം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കെസിബിസി പ്രോ-ലൈഫ് സമിതി കോതമംഗലം രൂപതാ പ്രസിഡന്റ്, കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന കള്‍ച്ചറല്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍, മദ്യവിരുദ്ധ സമിതി കോതമംഗലം രൂപതാ വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തന്റെ അനുഭവങ്ങള്‍ ‘വിസ്മയ ജാലകങ്ങള്‍ തുറക്കുമ്പോള്‍’ (സോഫിയാ ബുക്‌സ്, കോഴിക്കോട്) എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ലിസിയും മക്കളായ ലിജോ, ജയിംസ്‌കുട്ടി, മകള്‍ ലിജി എന്നിവരും പൂര്‍ണപിന്തുണയുമായി കൂടെയുണ്ട്. ഇപ്പോള്‍ താമസിക്കുന്നത് മൂവാറ്റുപുഴയിലാണ്.
വിശുദ്ധ കുര്‍ബാനയോട് ചേര്‍ന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്ന ബോധ്യങ്ങളാണ് മാജിക്കായി അവതരിപ്പിക്കുന്നത്. തന്റെ ഗുരു പരിശുദ്ധാത്മാവാണെന്ന് ജോയിസ് മുക്കുടം പറയുന്നു. മാജിക്കിനെ ഷോ ആയിട്ടല്ല, ക്രിസ്തുകേന്ദ്രീകൃതമായ പ്രവൃത്തിയാണ് ഇദ്ദേഹം കാണുന്നത്. കോട്ടും തൊപ്പിയുമൊക്കെ വയ്ക്കുന്നത് വചനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു മാര്‍ഗമാണ്. മാജിക്കുകള്‍കൊണ്ട് ആരിലും മാറ്റങ്ങള്‍ ഉണ്ടാക്കാനാവില്ല. എന്നാല്‍ അവിടേക്ക് ദൈവാത്മാവിന്റെ പ്രവര്‍ത്തനം കടന്നുവരുമ്പോള്‍ അതു ഫലംചൂടുമെന്നതിന്റെ തെളിവാണ് ഈ പ്രോഗ്രാമുകള്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍.
മൊബൈല്‍: 9495159112
Leave a Comment
Your email address will not be published. Required fields are marked with *