വത്തിക്കാന്‍ സിറ്റി: പപ്പുവ ന്യൂഗിനിയിലെ വാഴ്ത്തപ്പെട്ട പീറ്റര്‍ ടു റോട്ട്, തുര്‍ക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്‌നേഷ്യസ് ഷൗക്രല്ലാ മലോയന്‍, വെനസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. കൂടാതെ ഇറ്റാലിയന്‍ രൂപതാ വൈദികനായ കാര്‍മെലോ ഡി പാല്‍മയെ വാഴ്ത്തപ്പെട്ടവനായും ബ്രസീലിയന്‍ വൈദികനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയെ ധന്യനായും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനും പാപ്പ അംഗീകാരം നല്‍കി.
1912 മാര്‍ച്ച് 5-ന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച അല്‍മായ മതബോധനകനായ പീറ്റര്‍ ടു റോട്ട്, പപ്പുവ ന്യൂ ഗിനിയയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനാണ്. 1995 ജനുവരി 17-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പീറ്റര്‍ ടു റോട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൈസ്തവ വിവാഹത്തിന്റെ സംരക്ഷകനായും ജയിലില്‍ മരണം വരെ തന്റെ ശുശ്രൂഷ തുടര്‍ന്ന വിശ്വസ്ത മതബോധകനായും സഭ അദ്ദേഹത്തെ വണങ്ങുന്നു.
1869 ഏപ്രില്‍ 19 ന് ജനിച്ച മലോയന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 1915 ല്‍ തുര്‍ക്കിയില്‍ രക്തസാക്ഷിത്വം വരിച്ചു. 2001 ഒക്ടോബര്‍ 7-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1883-ല്‍ ലെബനനില്‍ വൈദികനായി അഭിഷിക്തനായ മലോയന്‍ 1911-ല്‍ റോമില്‍ നടന്ന അര്‍മേനിയന്‍ ബിഷപ്പുമാരുടെ സിനഡില്‍ മാര്‍ഡിന്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 1915 ജൂണില്‍ മലോയനെ മറ്റ് വൈദികര്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും ഒപ്പം തുര്‍ക്കി ഉദ്യോഗസ്ഥര്‍ വധിക്കുകയായിരുന്നു. വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ (നീ കാര്‍മെന്‍ എലീന റെന്‍ഡില്‍സ് മാര്‍ട്ടിനെസ്) വെനിസ്വേലയില്‍ നിന്നുള്ള ആദ്യ വിശുദ്ധയാണ്.
1903 ഓഗസ്റ്റ് 11-ന് രാജ്യത്തിന്റെ തലസ്ഥാനമായ കാരക്കാസില്‍ ജനിച്ച മരിയ കാര്‍മെന്‍ 1927-ല്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ ദാസിമാര്‍ എന്ന സന്യാസിനിസഭയില്‍ അംഗമായി. 1946-ല്‍ യേശുവിന്റെ ദാസിമാരുടെ സഭയുടെ സ്ഥാപകരിലൊരാളായി. പുതിയ ലാറ്റിന്‍ അമേരിക്കന്‍ സന്യാസിനിസഭയുടെ സ്ഥാപകരില്‍ ഒരാളായ വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിനോടുള്ള സ്‌നേഹത്താല്‍ അറിയപ്പെടുന്ന സന്യാസിനിയാണ്.

















Leave a Comment
Your email address will not be published. Required fields are marked with *