വത്തിക്കാന്‍ സിറ്റി: മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നാം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ അത് എന്തോ കുഴപ്പമുണ്ടെന്നുള്ളതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ സാങ്കേതികവിദ്യകള്‍ ശരിയായി ഉപയോഗിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഏപ്രില്‍ മാസത്തില്‍ പാപ്പ ആവശ്യപ്പെടുന്നത്.
സ്‌ക്രീനിലേക്ക് നോക്കുന്നതിന് പകരമായി പരസ്പരം കൂടുതല്‍ കണ്ണുകളില്‍ നോക്കുന്നവരായി മാറണമെന്ന് മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ മാര്‍പ്പാപ്പ പറഞ്ഞു. ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന യഥാര്‍ത്ഥ ആളുകള്‍ ഇതിന് പിന്നിലുണ്ടെന്ന് സ്‌ക്രീനില്‍ നോക്കുമ്പോള്‍ മറന്നു പോകുന്നു. സാങ്കേതികവിദ്യ ദൈവം നമുക്ക് നല്‍കിയ ബുദ്ധിയുടെ ഫലമാണെന്നുള്ളത് സത്യമാണ്. എന്നാല്‍ നമ്മള്‍ അത് നന്നായി ഉപയോഗിക്കേണ്ടതുണ്ട്. കുറച്ച് പേര്‍ക്ക് മാത്രം പ്രയോജനം ചെയ്യുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യുന്ന ഒന്നായി അത് മാറരുത്.
വിഭജിക്കാനല്ല, ഐക്യപ്പെടാന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ദരിദ്രരെ സഹായിക്കുക. രോഗികളുടെയും ഭിന്നശേഷിയുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്തുക, നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിപാലിക്കുക, സഹോദരീസഹോദരന്മാരുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കാതിരിക്കാനും വ്യക്തിയുടെ അന്തസ്സിനെ മാനിക്കാനും നമ്മുടെ കാലത്തെ പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കാനും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *