വത്തിക്കാന്‍: ഉത്ഥിതനായ കര്‍ത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്.
ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയില്‍ ലോകത്തേക്കെത്തിക്കാന്‍ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തില്‍ സമാധാനം വര്‍ഷിക്കാന്‍ പരിശുദ്ധാത്മാവിന് കഴിയുമെന്നോര്‍മ്മിപ്പിച്ച പാപ്പാ, ഈയൊരു ആത്മാവിന്റെ സഹായമാണ്, കുടുംബങ്ങളിലെയും, സമൂഹങ്ങളിലെയും, രാജ്യങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുകയെന്ന് ഉദ്‌ബോധിപ്പിച്ചു.
ലോകത്ത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാക്ഷികളും സൃഷ്ടാക്കളുമാകാന്‍ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലെ ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രത്യേക ഗ്രൂപ്പുകളിലും സമൂഹങ്ങളിലുമുള്‍പ്പെടെ എല്ലായിടങ്ങളിലും എല്ലായ്‌പോഴും കൂട്ടായ്മ സൃഷ്ടിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
തങ്ങളുടെ നേതാക്കന്മാരോടുള്ള അടുപ്പവും കൂറും, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകരുതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, എല്ലായിടങ്ങളിയിലും, പ്രത്യേകിച്ച് ഇടവകസമൂഹങ്ങളില്‍ സഹകരണത്തിന്റെ മനോഭാവത്തോടെ വേണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.
ദൈവജനത്തിനും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥ്യമപേക്ഷിക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നടത്തുന്ന ഈ തീര്‍ത്ഥടനത്തിന് പാപ്പാ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗത്തിന് നന്ദി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *