സ്വന്തം ലേഖകന്‍
കേരളത്തിലെ വനം വകുപ്പ് സമാന്തര ഭരണകൂടമായി മാറുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ടെങ്കിലും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വന്യമൃഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ തടസം സൃഷ്ടിക്കുകയാണ്. രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയില്‍ അണിനിരന്ന കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേസെടുത്തതാണ് ഒടുവിലത്തെ സംഭവം.
ഉദ്യോഗസ്ഥരെ
ന്യായീകരിക്കുന്ന മന്ത്രി
വനംവകുപ്പു ഉദ്യോഗസ്ഥര്‍ക്ക് വനവും വന്യജീവികളുമായിട്ടാണ് അധികവും ഇടപെടേണ്ടതെങ്കിലും അവര്‍ പാലിക്കേണ്ടത് കാട്ടുനിയമമല്ല രാജ്യത്ത് നിലനില്‍ക്കുന്ന നിയമമാണെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ടെന്ന് പ്രവൃത്തികള്‍ തെളിയിക്കുന്നു. മലയോരത്തു ജീവിക്കുന്നവരെ ശത്രുപക്ഷത്തു നിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുന്ന ഒരു മന്ത്രിയാണ് വകുപ്പിന്റെ തലപ്പത്ത് ഇപ്പോള്‍ ഉള്ളത്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കുടപിടിക്കുമ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരുത്ത് പകരും. പഴയ മൂന്നാര്‍ റോഡ് തുറക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരത്തില്‍ അണിനിരന്ന 89 വയസുള്ള ബിഷപ് മാര്‍ പുന്നക്കോട്ടിലിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പേരില്‍ കേസെടുത്ത സംഭവത്തെവരെ ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി കേരള നിയമസഭയില്‍ സ്വീകരിച്ചത്. അങ്ങനെ ഒരു റോഡ് മുമ്പ് ഇല്ലായിരുന്നു എന്ന വാസ്തവ വിരുദ്ധ പ്രസ്താവനയും മന്ത്രി നടത്തി.
ജനമുന്നേറ്റ യാത്രയില്‍ പ്രസംഗിച്ച മാര്‍ പുന്നക്കോട്ടില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പലതവണ ഇടുക്കി ജില്ലയിലെ മാങ്കുളം, ആനക്കുളം പ്രദേശത്തേക്ക് ഈ റോഡിലൂടെ യാത്ര ചെയ്ത കാര്യം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. കുടിയേറ്റ ജനതയെ വര്‍ഷങ്ങളോളം മുന്നില്‍നിന്നു നയിച്ച ബിഷപ്പാണ് മാര്‍ പുന്നക്കോട്ടില്‍. ഇടുക്കി രൂപയ്ക്ക് മുമ്പ് കോതമംഗലം രൂപതയുടെ കീഴിലായിരുന്നു ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളും. കുടിയേറ്റത്തിന്റെ കഷ്ടപ്പാടുകളും വേദനകളും അറിഞ്ഞ് അവരുടെ ക്ലേശപൂര്‍ണമായ ജീവിതത്തോടൊപ്പം സഞ്ചരിച്ച ആദരണീയനായ ഒരു ആത്മീയ നേതാവിന്റെ വാക്കുകളിലെ സത്യം മന്ത്രി സ്വന്തം നിലയിലെങ്കിലും ഒന്ന് അന്വേഷിക്കണമായിരുന്നു. ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകുന്ന സമയങ്ങളില്‍ അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും സ്വയം വെള്ളപൂശുന്നുവ ആയിരിക്കുമെന്ന് രാഷ്ട്രീയ നേതാവായ മന്ത്രിക്ക് അറിയില്ലേ? സംസ്ഥാനത്തെ വനംവകുപ്പിനെ നിയന്ത്രിക്കുന്ന മന്ത്രി നിഷ്‌കളങ്കമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്നതാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്.
പ്രതിഷേധിച്ചാല്‍ കേസ്
മയക്കുവെടിവയ്ക്കുന്നതിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ മേല്‍ചാടിവീഴാന്‍ തുടങ്ങിയ പുലിയെ വെടിവെച്ചു കൊന്നത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. ആ പ്രവൃത്തിയെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തില്‍ ആകാന്‍ സാധ്യതയുള്ളതിനാലാണ് വെടിവെച്ചതെന്ന വാദത്തില്‍ തെറ്റില്ല. പക്ഷേ ഈ ആനുകൂല്യം മലയോര മേഖലയിലെ ജനങ്ങള്‍ക്കും കിട്ടണം. ജനങ്ങളുടെ ജീവനും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ജീവനും ഒരുപോലെ വിലപ്പെട്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അംഗീകരിച്ചാല്‍ പ്രശ്‌നം തീരും. ആ കേസില്‍പോലും ഒരു കുടുക്കില്‍ പുലിയുടെ കാല്‍ കുടുങ്ങി പരിക്കേറ്റിരുന്നുവെന്നും അതു ചെയ്തവരുടെ പേരില്‍ കേസ് എടുക്കുമെന്ന വിചിത്രമായ പ്രസ്താവനയും ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു.
കേരളത്തിന്റെ മലയോര മേഖലകളില്‍ ഓരോ ദിവസവും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പെരുകുകയാണ്. നിയന്ത്രിക്കേണ്ടവര്‍ കയ്യുംകെട്ടി നോക്കിനില്ക്കുകയും പ്രതിഷേധിക്കുന്നവരുടെ പേരില്‍ കേസ് എടുക്കുകയുമാണ് ഇപ്പോഴത്തെ രീതി. ജനങ്ങളെ മറക്കുന്ന ഭരണാധികാരികള്‍ക്ക് മറുപടി നല്‍കാനുള്ള കരുത്ത് ജനാധപത്യത്തില്‍ ജനങ്ങള്‍ക്കുണ്ട്. കേന്ദ്രവന നിയമത്തിന്റെ കാഠിന്യത്തെക്കുറിച്ച് വാചാലരാകുന്ന സംസ്ഥാനത്തെ ഭരണനേതൃത്വം ഉദ്യോഗസ്ഥന്മാരുടെ വഴിവിട്ട നീക്കങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു. ഇതു രണ്ടും ഒരുപോലെ തിരുത്തപ്പെടേണ്ടവയാണ്. യഥാര്‍ത്ഥത്തില്‍ കേസ് പിന്‍വലിക്കുക മാത്രമല്ല, മാര്‍ പുന്നക്കോട്ടിലിനെ അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കണം.
കള്ളക്കേസുകള്‍ പിന്‍വലിക്കണം:
മാര്‍ മഠത്തിക്കണ്ടത്തില്‍
കോതമംഗലം: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം താനും രാജപാതയിലൂടെ നടക്കുമെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വേണ്ടിവന്നാല്‍ ജയില്‍വാസം ഉള്‍പ്പെടെ അതിന്റെ പേരിലുള്ള എന്തു പ്രത്യാഘാതവും നേരിടാന്‍ തയാറാണ്. 89-കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസിസമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാനാണെങ്കിലും ജയിലിലേക്കാണെങ്കിലും പിന്‍മാറില്ല; മാര്‍ മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *