Follow Us On

11

September

2025

Thursday

ജബല്‍പൂരില്‍ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി

ജബല്‍പൂരില്‍ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി
കൊച്ചി: ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിക്കുന്നത് ഭരണഘടന യോടുള്ള വെല്ലുവിളിയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരെ തീവ്രവര്‍ഗീയ സംഘടനകള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടുവാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന്  അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
2014 മുതല്‍ തുടര്‍ച്ചയായി രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെയുള്ള കടന്നാക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മധ്യപ്രദേശിലിത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപതയില്‍ പോലീസിന്റെ സഹായത്തോടെ ദൈവാലയം കൊള്ളയടിച്ചു. ഛത്തീസ്ഗഡില്‍ കുന്‍കുരി ഹോളിക്രോസ് നേഴ്സിംഗ് കോളജ് പ്രിന്‍സിപ്പലയായ കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് വ്യാജപരാതി നല്‍കിയതും വെളിച്ചത്തുവന്നിരിക്കുന്നു.
കുറ്റാരോപണങ്ങള്‍ നടത്തി കള്ളക്കേസില്‍ കുടുക്കി വിചാരണയില്ലാതെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ ജയിലിലടയ്ക്കുന്നതും അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനവിധേയരാക്കുന്നതും നിരന്തരം ആവര്‍ത്തിക്കുന്നു.  ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പേകുന്ന മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച് മതന്യൂനപക്ഷങ്ങളുടെമേല്‍ നടത്തുന്ന ഭീഷണികളും അക്രമങ്ങളും അവസാനിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?