കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസിനീസഭയ്ക്ക് തുടക്കം കുറിച്ച മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനായുള്ള അത്ഭുതത്തിന് വത്തിക്കാന്റെ സ്ഥിരീകരണം. ആ അത്ഭുതം ദൈവശാസ്ത്രമനുസരിച്ചും വൈദ്യശാസ്ത്രമനുസരിച്ചും അംഗീകരിക്കത്തക്കതാണെന്ന് പ്രഖ്യാപിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിക്ക് പാപ്പ അനുമതി നല്കി.
1831 ഒകടോബര്‍ 15നാണ് മദര്‍ ഏലീശ്വായുടെ ജനനം. വരാപ്പുഴ വികാരിയേറ്റിലെ ഓച്ചംതുരുത്ത് ക്രൂസ് മിലാഗ്രസ് ദൈവാലയമാണ് മദറിന്റെ ഇടവകദൈവാലയം. വൈപ്പിശേരി കപ്പിത്താന്‍ കുടുംബത്തിലെ തൊമ്മന്‍താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ഏറ്റവും മൂത്ത മകളായിരുന്നു മദര്‍ ഏലീശ്വാ. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടും അതിരറ്റ സ്‌നേഹമുണ്ടായിരുന്ന പെണ്‍കുട്ടി. പാവപ്പെട്ടവരോട് അസാധാരണമായ അനുകമ്പയായിരുന്നു അവള്‍ക്ക്.
1847ല്‍ മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് വറീതു വാകയിലിനെ വിവാഹം കഴിച്ചു. 1850ല്‍ അന്ന എന്ന ഒരു മകള്‍ ജനിച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ വറീതു പെട്ടെന്ന് രോഗബാധിതനായി മരിച്ചു. പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ഏലീശ്വാ നിശബ്ദമായ പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും ജീവിതമാണ് തിരഞ്ഞെടുത്തത്.
അങ്ങനെ വീടിന് സമീപം അവളുടെ ആഗ്രഹപ്രകാരം വീട്ടുകാര്‍ നിര്‍മിച്ചുനല്കിയ ഒരു കുടിലില്‍ 14 വര്‍ഷം കഴിഞ്ഞു. ഏലീശ്വായുടെ ഇളയ സഹോദരി ത്രേസ്യായും ഏലീശ്വായുടെ മകള്‍ അന്നയും ഈ ജീവിതത്താല്‍ ആകര്‍ഷിക്കപ്പെട്ട് ഏലീശ്വായ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് തന്റെ ആത്മീയനിയന്താവിന്റെ സഹായത്തോടെ പനമ്പുകൊണ്ട് തീര്‍ത്ത ഒരു മഠം നിര്‍മിച്ച് ഏലീശ്വാ അവിടേക്ക് മാറി. 1868 ജൂലൈ 6ന് പുതിയതായി രൂപീകരിച്ച കര്‍മലീത്ത നിഷ്പാദുക സന്യാനിനീസമൂഹത്തിലെ മൂന്നാം സഭയുടെ അംഗങ്ങളായി അവര്‍ വ്രതം ചെയ്തു. അന്നത്തെ വരാപ്പുഴ അപ്പസ്‌തോലിക വികാരിയായിരുന്ന ആര്‍ച്ച്ബിഷപ് ബെര്‍ണാര്‍ഡിനോ ബക്കിനെല്ലി സന്യാസിനീസഭയ്ക്ക് അംഗീകാരം നല്കി. ഇന്ന് ലത്തീന്‍ റീത്തിലും സീറോ മലബാര്‍ റീത്തിലുമായി ആ സന്യാസിനീസമൂഹത്തിന്റെ
രണ്ട് സ്വതന്ത്ര ശാഖകള്‍ ഉണ്ട്. കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കാര്‍മലൈറ്റ്‌സ് (സി.റ്റി.സി), കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍(സി.എം.സി).
സ്ത്രീവിദ്യാഭ്യാസത്തില്‍ മദര്‍ ഏലീശ്വാ നല്കിയ സംഭാവനകള്‍ അമൂല്യമാണ്.
ദൈവംമാത്രം മതി എന്ന ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ വാക്കുകളായിരുന്നു മദര്‍ ഏലീശ്യായുടെ ആപ്തവാക്യം.
1913 ജൂലൈ 18ന് നിത്യതയിലേക്ക് വിളിക്കപ്പെട്ടു. വരാപ്പുഴയിലെ സെയ്ന്റ് ജോസഫ്‌സ് കോണ്‍വെന്റിലെ ‘സ്മൃതിമന്ദിരം’ കബറിടചാപ്പലിലാണ് ഇപ്പോള്‍ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അനേകം വിശ്വാസികള്‍ അവിടെ മാധ്യസ്ഥ്യം തേടി എത്താറുണ്ട്.
2008 മെയ് 30ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. 2023 നവംബര്‍ 8ന് ധന്യയായി. ഇപ്പോഴിതാ വാഴ്ത്തപ്പെട്ട പദവിയിലേക്ക്…
Leave a Comment
Your email address will not be published. Required fields are marked with *