Follow Us On

26

April

2025

Saturday

കുറ്റകൃത്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ചെലവുകള്‍

കുറ്റകൃത്യങ്ങളുടെ  സാമൂഹ്യ-സാമ്പത്തിക  ചെലവുകള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഏതാനും സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞുകൊണ്ട് തുടങ്ങാം. കേരള പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2024 ല്‍ നടന്ന കുറ്റകൃത്യങ്ങളുടെ കണക്കാണ് പറയാന്‍ പോകുന്നത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ – 1,98,234. കേസുകളുടെ അഥവാ കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് ഇവയെ തരം തിരിച്ചാല്‍ കിട്ടുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ബലാല്‍സംഗം-901, തട്ടിക്കൊണ്ടുപോകല്‍- 231, കൊള്ള – 70, പിടിച്ചുപറി – 731, സ്ത്രീകള്‍ക്കുനേരെയുള്ള പലതരം കുറ്റകൃത്യങ്ങള്‍ – 5105, കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍- 2298, സൈബര്‍ കുറ്റകൃത്യങ്ങള്‍ – 3581, പോലീസ് രജിസ്റ്റര്‍ ചെയ്ത 1,98,234 കേസുകളില്‍ പലതും വളരെ പ്രമാദമായ കേസുകള്‍ ആണ്.

ഓരോ കേസിനോട് അനുബന്ധിച്ചും വലിയ സാമൂഹ്യ-സാമ്പത്തിക ബാധ്യതകള്‍ അഥവാ ചെലവുകള്‍ വരുന്നുണ്ട്. ആദ്യം സാധാരണ കേസുകളുടെ കാര്യം പരിശോധിക്കാം. ഒരു കേസിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക ചെലവുകള്‍ രണ്ട് തരമാണ്. ഒന്നാമത്തേത്, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന് വരുന്ന ചെലവുകള്‍. അതായത്, കേസ് അന്വേഷണവുമായി പോലീസ് വകുപ്പിന് ഉണ്ടാകുന്ന ചെലവുകള്‍. പോലീസ് വണ്ടികളുടെ കൂടുതല്‍ ഓട്ടം കാരണം ഉണ്ടാകുന്ന ഇന്ധന ചെലവുകള്‍, അധികമായി വേണ്ടിവരുന്ന പേപ്പര്‍ ചെലവുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. വളരെ ഗൗരവമായ കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ ചെലവുകള്‍ ഗണ്യമായി കൂടും. ധാരാളം പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തില്‍ ഇടപെടേണ്ടിവരും. ധാരാളം വാഹനങ്ങള്‍ ചെറുതും വലുതുമായ ദൂരങ്ങള്‍ അനേകദിവസങ്ങള്‍ ഓടേണ്ടിവരും. ചിലപ്പോള്‍ പോലീസിന് വിമാനയാത്രകള്‍തന്നെ വേണ്ടിവരും. ഇതിനുപുറമെ ഇങ്ങനെ കേസ് അന്വേഷണവുമായി നടക്കുന്ന പോലീസിന്റെ ഭക്ഷണചെലവുകള്‍ വരും. കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍, കുട്ടികള്‍ ഒളിച്ചോടിപ്പോയ കേസുകള്‍, അക്രമികള്‍ അനേക സ്ഥലങ്ങളില്‍, പല സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുന്ന കേസുകള്‍ തുടങ്ങിയവ അന്വേഷിക്കാനും പ്രതികളെ പിടിച്ചുകൊണ്ടുവരുവാനും മറ്റും എത്ര ഭാരിച്ച ചെലവുകള്‍ വരും.

ഇനി കേസില്‍ പ്രതികള്‍ ആക്കപ്പെട്ടവരും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് കേസില്‍ പ്രതികള്‍ ആക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നവരും അവരുടെ കുടുംബങ്ങളും എത്രമാത്രം പണം ചെലവാക്കേണ്ടിവരും. പോലീസ് സ്റ്റേഷനില്‍ പോവുക, കോടതികളില്‍ പോവുക, വക്കീല്‍ഫീസ് കൊടുക്കുക, പ്രതികള്‍ ആക്കപ്പെടാതിരിക്കാന്‍ കള്ളത്തരങ്ങള്‍ കാണിക്കുക, പിടിക്കപ്പെടാതിരിക്കാന്‍ ഒളിത്താവളങ്ങളില്‍ കഴിയുക എന്നതിനെല്ലാം പണം വേണം. കൂട്ടിനോക്കിയാല്‍ നല്ല തുക വരും. മികച്ച വക്കീലന്മാരെ കേസ് ഏല്‍പിച്ചാല്‍ വലിയ പണച്ചെലവ് വരും. ഈ പണമെല്ലാം പ്രതികള്‍ അഥവാ അവരുടെ കുടുംബാംഗങ്ങള്‍ വഹിക്കണം. അതിനുള്ള സാമ്പത്തികശേഷി പല കുടുംബങ്ങള്‍ക്കും ഇല്ല. അപ്പോള്‍ കടം വാങ്ങേണ്ടിവരും. അങ്ങനെ ബാധ്യതകള്‍ കൂടും.
ഇനി കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം നോക്കുക. പലപ്പോഴും ജോലിക്ക് പോകാന്‍ കഴിയില്ല. ചിലപ്പോള്‍ ജയിലില്‍ ആകും. ജോലി നഷ്ടപ്പെടാം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന, ട്രെയിന്‍ തട്ടി മരിച്ച, ആ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ ഒരാളെപ്പറ്റി പറയുന്നുണ്ടല്ലോ. ഇപ്പോള്‍ ജോലിക്ക് പോകാന്‍ പറ്റുന്നില്ല. ശമ്പളം കിട്ടില്ല. ചിലപ്പോള്‍ ജോലി നഷ്ടപ്പെടാം. ഒളിച്ചു താമസിക്കാനും കേസില്‍നിന്ന് ഊരിപ്പോരാനും ശ്രമിക്കുന്നതിന് നല്ല പണച്ചെലവ് വരും. ഇങ്ങനെയാണ് ഓരോ കേസിലും പെടുന്നവരുടെയും കുടുംബത്തിന്റെയും സ്ഥിതി. പറഞ്ഞുവന്നത് ഇതാണ്: ഓരോ കുറ്റകൃത്യവും ഗവണ്‍മെന്റിനും കുറ്റവാളിക്കും അയാളുടെ കുടുംബത്തിനും വലിയ സാമ്പത്തികഭാരം വരുത്തിവയ്ക്കുന്നു.

ഇനി, കുറ്റകൃത്യങ്ങള്‍മൂലം ഉണ്ടാകുന്ന സാമൂഹ്യ ചെലവുകള്‍ നോക്കാം. പണച്ചെലവിന് പുറമേ കുറ്റവാളികളും അവരുടെ കുടുംബങ്ങളും പൊതുസമൂഹവും പോലീസുമെല്ലാം വലിയ മാനസിക ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ മാനുഷികക്ലേശങ്ങളുടെ ആകെ തുകയെ നമുക്ക് കുറ്റകൃത്യങ്ങളുടെ സോഷ്യല്‍ കോസ്റ്റ് അഥവാ സാമൂഹ്യചെലവുകള്‍ എന്നുപറയാം. ഉദാഹരണങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ മനസിലാകും. പിടിക്കപ്പെട്ടാലും ജയിലില്‍ കിടന്നാലും ഒളിവില്‍ കഴിഞ്ഞാലും കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളി അനുഭവിക്കുന്ന മനസിന്റെയും ആത്മാവിന്റെയും സമ്മര്‍ദ്ദം. കുറ്റവാളിക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ മൂല്യം കുറ്റവാളിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അനുഭവിക്കുന്ന ഹൃദയഭാരം. കുടുംബത്തിന് ഉണ്ടാകുന്ന അപമാനം. കൊല്ലപ്പെട്ട അഥവാ ജയിലില്‍ കഴിയേണ്ടിവരുന്ന ആളുടെ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന മനോവേദനകള്‍. ആ കുടുംബത്തില്‍ പലരുടെയും വിവാഹം നടക്കാതെ വരുന്നതിന്റെ ഭാരങ്ങള്‍.

വരുമാനം നിലയ്ക്കുകയും ചെലവുകള്‍ കൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഞെരുക്കം ഉണ്ടാക്കുന്ന ഹൃദയവേദനകള്‍. പൊതുസമൂഹം അനുഭവിക്കുന്ന അസ്വസ്ഥതകള്‍. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ അധികമായ ജോലിഭാരവും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ക്ലേശങ്ങളും ഉണ്ടാക്കുന്ന ഭാരങ്ങള്‍. വാര്‍ത്ത ശേഖരിക്കാനും മറ്റും മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന അധികജോലിയും ക്ലേശങ്ങളും ഉണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍. അങ്ങനെ ചിന്തിച്ചാല്‍, കുറ്റവാളിയും കുടുംബവും പൊതുസമൂഹവും പോലീസും മാധ്യമപ്രവര്‍ത്തകരും എല്ലാം അടങ്ങുന്ന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന മനപ്രയാസങ്ങളുടെ ആകെത്തുക. ഇതാണ് ഒരു കുറ്റകൃത്യത്തിന്റെ സോഷ്യല്‍കോസ്റ്റ് അഥവാ സാമൂഹ്യചെലവുകള്‍. അപ്പോള്‍ ആലോചിക്കുക. ഓരോ കുറ്റകൃത്യത്തിനും വലിയ പണച്ചെലവും സാമൂഹ്യചെലവും ഉണ്ടാകുന്നു.

മിക്കവാറും എല്ലാ മനുഷ്യരും ദൈവവിശ്വാസികളും പ്രാര്‍ത്ഥിക്കുന്നവരുമാണ്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല, കൂടുകയാണ്. മനുഷ്യര്‍ക്ക് കുറെക്കൂടി നന്മ ഉണ്ടായിരുന്നെങ്കില്‍…. വിവേകം ഉണ്ടായിരുന്നെങ്കില്‍…. ആത്മസംയമനം ഉണ്ടായിരുന്നെങ്കില്‍… ദൈവഭയം ഉണ്ടായിരുന്നെങ്കില്‍… ക്ഷമയും കരുണയും ഉണ്ടായിരുന്നെങ്കില്‍… നീതിബോധവും ധാര്‍മികതയും ഉണ്ടായിരുന്നെങ്കില്‍… സ്വന്തം ഭാവിയെപ്പറ്റി കൂടുതല്‍ ചിന്ത ഉണ്ടായിരുന്നെങ്കില്‍…
ഉത്ഥിതനായ യേശുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. യേശു ആശംസിച്ച സമാധാനം എല്ലാവരിലും നിറയട്ടെ!
എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകളും പ്രാര്‍ത്ഥനകളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?