Follow Us On

03

June

2025

Tuesday

ഫ്രാന്‍സിസ് പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….

ഫ്രാന്‍സിസ്  പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….

‘താങ്ക് യൂ’ അല്ലെങ്കില്‍ ‘നന്ദി’ എന്നര്‍ത്ഥം വരുന്ന ‘ഗ്രേസി’ എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്നെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട്. 2022 മുതല്‍ ആരോഗ്യ കാര്യങ്ങളില്‍ പാപ്പയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയോടായിരുന്നു പാപ്പയുടെ അവസാന നന്ദിപ്രകടനം. ‘എന്നെ പിയാസയിലേക്ക് തിരികെ കൊണ്ടുവന്നതിന് നന്ദി,’ എന്ന് പാപ്പ പറഞ്ഞതായും വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ  അതേ ലോബിയില്‍ നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ ‘ഉര്‍ബി എത് ഒര്‍ബി’ ആശിര്‍വാദമായിരുന്നു പാപ്പയുടെ അവസാന നടപടിയെന്നതും ശ്രദ്ധേയമാണ്.  ലോകത്തോടുള്ള അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകള്‍ ലളിതമായിരുന്നു: ‘സഹോദരന്മാരേ, ഈസ്റ്റര്‍ ആശംസകള്‍!’.  ന്യുമോണിയ ബാധിച്ച് ഈ വര്‍ഷം 39 ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം ഫ്രാന്‍സിസ് ആദ്യമായി പോപ്പ്‌മൊബീല്‍ ഉപയോഗിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നതും മരണത്തിന് തലേദിനമായ ഈസ്റ്റര്‍ ദിനത്തിലായിരുന്നു. വത്തിക്കാന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 50,000 പേരെ അഭിവാദ്യം ചെയ്യാന്‍ 15 മിനിറ്റിലധികം സമയമാണ് പാപ്പ ഈസ്റ്റര്‍ ദിനത്തില്‍ ചിലവഴിച്ചത്.

88 കാരനായ മാര്‍പാപ്പ ഈസ്റ്റര്‍ ഉച്ചതിരിഞ്ഞ് വിശ്രമിക്കുകയും ശാന്തമായ അത്താഴം കഴിക്കുകയും ചെയ്തു. ഏപ്രില്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ന് (ഇറ്റാലിയന്‍ സമയം) അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. ഉടനടി വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ഒരു മണിക്കൂറിന്  ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ കോമയിലേക്ക് വഴുതി വീണു. വത്തിക്കാനിലെ അപ്പാര്‍ട്ടുമെന്റില്‍ രാവിലെ 7.35-നായിരുന്നു അന്ത്യം. സ്‌ട്രോക്കും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് പാപ്പയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. പാപ്പയുടെ അവസാന നിമിഷങ്ങള്‍ പ്രക്ഷുബ്ധമായിരുന്നില്ലെന്നും എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നും വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?