ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാരം നടക്കുന്ന നാളെ ഏപ്രില്‍ 26-ാം തീയതി പാപ്പയെ അനുസ്മരിച്ച് സീറോ മലബാര്‍ സഭയുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാനയും ചെറിയ ഒപ്പീസും നടത്തേണ്ടതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. മാര്‍പാപ്പയോടുള്ള ആദരസൂചകമായി നാളെ സാധിക്കുന്നിടത്തോളം സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‌കേണ്ടതാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് നിര്‍ദേശിച്ചു.
നാളെ ക്രമീകരിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും ഉപേക്ഷിക്കുകയോ മറ്റൊരുദിവസത്തേക്കു മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണ്. 2025 ഏപ്രില്‍ 29 ചൊവ്വാഴ്ച വരെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം സിബിസിഐയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഇടവകത്തിരുനാള്‍ തുടങ്ങിയ ആരാധനാക്രമപരമായ കര്‍മങ്ങള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായി നടത്താന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.
മാര്‍പാപ്പയുടെ മൃതസംസ്‌കാരം നടക്കുന്ന ദിവസംമുതല്‍ ആഗോളസഭ ഒന്‍പതുദിവസങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനാദിനങ്ങളായി ആചരിക്കുന്നു. പ്രാര്‍ത്ഥനയുടെ ഈ കാലഘട്ടത്തില്‍ ആഗോളസഭയോട് ആത്മീയമായി ചേര്‍ന്ന് നിന്നുകൊണ്ട് മെയ് നാലുവരെ എല്ലാ ആഘോഷങ്ങളിലും മിതത്വം പാലിക്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. തിരുസഭയെ വിശുദ്ധിയിലും സത്യത്തിലും നയിക്കാന്‍ നല്ലയിടയനായ ഈശോയുടെ ഹൃദയത്തിനുചേര്‍ന്ന ഒരു മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ചേരാനിരിക്കുന്ന കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ വഴിനടത്തല്‍ ഉണ്ടാകുന്നതിനുവേണ്ടി ഈ ദിവസങ്ങളില്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാമെന്നും മേജര്‍ ആര്‍ച്ചുബിഷപ് സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *