സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി
ഏറെ നന്ദിയോടെയാണ് ഉക്രെയ്ന്‍ ജനത പോപ്പ് ഫ്രാന്‍സിസിനെ ഓര്‍ക്കുന്നത്. ഇത്രയധികം വേദനയോടെ ഉക്രെയിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്ത് മറ്റൊരു ലോകനേതാവ് ഇല്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യ ഉക്രെയ്‌നില്‍നിന്നും പിടിച്ചുകൊണ്ടുപോയ തടവുകാരില്‍ പലരെയും തിരിച്ചുവിട്ടതിന് കാരണം മാര്‍പാപ്പയുടെ ഇടപെടലാണ്. അതുപോലെ റഷ്യ തട്ടിക്കൊണ്ടുപോയി മുറിവേറ്റ കുറെ കുട്ടികള്‍ക്ക് മാര്‍പാപ്പ വത്തിക്കാന്‍ ഹോസ്പിറ്റലില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. മുറിവേറ്റ സ്ത്രീകളെയും അനേകം ഉക്രെയ്ന്‍ പട്ടാളക്കാരെയും അടക്കം ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് മുറിവേറ്റ ധാരാളം പേര്‍ക്ക് വത്തിക്കാനിലുള്ള ജെമെല്ലി ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കിയതും പാപ്പയുടെ ഇടപെടലായിരുന്നു.
റഷ്യ തടവിലാക്കിയ ഒരു ഉക്രെയ്ന്‍ സ്ത്രീ നിരീശ്വരവാദിയായിരുന്നു. ജയില്‍ മോചിതയായതിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ പോയി, തുടര്‍ന്ന് മാമോദീസയും സ്വീകരിച്ചു. അവര്‍ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ മാനസാന്തരത്തെപ്പറ്റി പറഞ്ഞത്- യുദ്ധം നിര്‍ത്തുന്നതിനുവേണ്ടി നമ്മള്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ മാര്‍പാപ്പ ചെയ്തിട്ടുണ്ട്. അതാണ് തന്നെ ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിത് എന്നായിരുന്നു. അതിന്റെ നന്ദിയായിട്ടാണ് അവര്‍ തിരിച്ചുവന്നതിനുശേഷം റോമില്‍ മാര്‍പാപ്പയെ കാണാന്‍ പോയത്. ആശുപത്രിയില്‍ കിടന്നപ്പോഴും ഉക്രെയ്‌നിലും ഇസ്രായേലിലും ആളുകള്‍ മരിക്കുന്നതിനെ വലിയ വേദനയോടെയാണ് മാര്‍പാപ്പ കണ്ടിരുന്നത്. കുഞ്ഞുങ്ങളോടും സ്ത്രീകളോടും പ്രത്യേക കരുണ മാര്‍പാപ്പയ്ക്ക് ഉണ്ടായിരുന്നു. യുദ്ധം നിര്‍ത്തുന്നതിനുവേണ്ടി മാര്‍പാപ്പ വളരെയധികം പരിശ്രമിച്ചിരുന്നു. എനിക്കു തോന്നുന്നത് യുദ്ധം തീരാത്തതിന്റെ വേദനയോടുകൂടിയാണ് മാര്‍പാപ്പ നമ്മളില്‍നിന്നും വേര്‍പ്പെട്ടു പോയതെന്നാണ്. സ്വര്‍ഗത്തിലിരുന്ന് തീര്‍ച്ചയായും മാര്‍പാപ്പ വേദനിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും.
ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിനും ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധത്തിനും അവസാനം ഉണ്ടാകാന്‍വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. പക്ഷേ അതില്‍ വിജയം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാലും വത്തിക്കാന്റെ എല്ലാ ഹോസ്പിറ്റലുകളും ഉക്രെയ്ന്‍ ജനതയ്ക്കുവേണ്ടി തുറന്നുകൊടുത്തിട്ടുണ്ട്. റഷ്യയില്‍നിന്നും തടവുകാരെ മോചിപ്പിക്കുന്നതിന് മാര്‍പാപ്പയുടെ എല്ലാ കഴിവുകളും ഉപയോഗിച്ചിട്ടുണ്ട്. സത്യത്തില്‍ എന്തുമാത്രം മാര്‍പാപ്പ ഉക്രെയ്‌നെ സഹായിച്ചിട്ടുണ്ട് എന്ന് നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ മാര്‍പാപ്പ ഇടപെട്ടിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ ജനതയ്ക്ക് മാര്‍പാപ്പയോട് എന്നും ആ കടപ്പാട് ഉണ്ടായിരിക്കും.
മതങ്ങളെക്കാള്‍ മനുഷ്യന് പ്രാധാന്യം കൊടുത്ത ആത്മീയ നേതാവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ആളുകളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന മാര്‍പാപ്പ, കരുണയുടെ മാര്‍പാപ്പ, എല്ലായിടത്തും കരുണ കാണിച്ചു. മാര്‍പാപ്പയുടെ ഓരോ വാക്കിലും പ്രവൃത്തിയിലും ദൈവത്തിന്റെ കരുണ കാണുവാന്‍ സാധിക്കും. ഈശോ പറഞ്ഞിട്ടുണ്ടല്ലോ എന്റെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചുകാണിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ആ കരുണതന്നെയാണ് ഉക്രെയ്ന്‍ ജനതയോടും മാര്‍പാപ്പ കാണിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *