വത്തിക്കാനില്‍നിന്നും സിസ്റ്റര്‍ ജാസ്മിന്‍ എസ്‌ഐസി
വത്തിക്കാന്‍ കൊട്ടാരത്തിന്റെ പുണ്യഭൂമിയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപത്ത് നില്ക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട ദയയും സ്‌നേഹവും ഇന്നും എന്റെ ഹൃദയത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍നിന്ന് റോമിലേക്ക് പഠനത്തിനായി വന്നതുമുതല്‍ ഒരു പ്രാര്‍ത്ഥനപോലെ മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമായിരുന്നു മാര്‍പാപ്പയെ തൊട്ടടുത്ത് കാണമെന്നത്. പറ്റിയാല്‍ വിശുദ്ധമായ ആ കരങ്ങളില്‍ ഒന്നു ചുംബിക്കണമെന്ന്.
അതുകൊണ്ടുതന്നെ ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാളുകളില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളാന്‍ ശ്രമിച്ചിരുന്നു. ഓരോ വിശുദ്ധ കുര്‍ബാനയും ആത്മാവിന് ഉണര്‍വേകുന്ന ദൈവിക അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്. വിശ്വാസത്തിന്റെ ആഴത്തോടും ആനന്ദത്തോടും പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുമ്പോള്‍ ഞാന്‍ വലിയ സംതൃപ്തിയോടെ നിന്നു. അവയെല്ലാം എനിക്ക് ഒരുപാട് ആത്മീയ ബലവും ഊര്‍ജവും നല്‍കി.
എന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അനുഭവം 2024 ഏപ്രില്‍ മാസത്തിലാണ് നടന്നത്. ഞാന്‍ അംഗമായിരിക്കുന്ന, ബഥനി സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന മിശിഹാനുകരണ സന്യാസിനി സമൂഹം (Sisters of the Imitation of Christ) സഭയുടെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പരിശുദ്ധ പിതാവിന്റെ അനുഗ്രഹത്തിനും ആശീര്‍വാദത്തിനുമായി ഞങ്ങള്‍ വത്തിക്കാന്‍ കൊട്ടാരത്തില്‍ പോയിരുന്നു. അന്നാണ് ഞങ്ങള്‍ക്ക് മാര്‍പാപ്പയുടെ അടുത്ത് ചെല്ലാന്‍ അവസരം ലഭിച്ചത്. പരിശുദ്ധ പിതാവില്‍നിന്ന് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെയും സഭയുടെ മദര്‍ ജനറല്‍ മദര്‍ ആര്‍ദ്ര എസ്‌ഐസിയുടെയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
പാപ്പയുടെ ചാരത്തുനിന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് നവ്യമായ അനുഭവമായിരുന്നു. വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പുതിയൊരു യുഗം പിറക്കുന്നതായി എനിക്കു തോന്നി. മാര്‍പാപ്പയില്‍നിന്നും നേരിട്ടു ലഭിച്ച ആശീര്‍വാദം സ്വര്‍ഗീയ അനുഭവമായിരുന്നു. ആ അനുഭവത്തെ ഇങ്ങനെയാണ് ഞാന്‍ കാണുന്നത്. ”പാപ്പായെ കണ്ടു, അതിലൂടെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള വഴി തുറന്നു.”
ഇന്ത്യയില്‍നിന്നുള്ള ഒരുപാട് സമര്‍പ്പിത സമൂഹങ്ങള്‍ക്കും, പ്രത്യേകിച്ച് ഞങ്ങളുടെ കോണ്‍ഗ്രിഗേഷനായ മിശിഹാനുകരണ സന്യാസിനി സമൂഹത്തിനും ലഭിച്ച ഒരു അംഗീകാരമായിരുന്നു മാര്‍പാപ്പയുടെ ആശീര്‍വാദം. എന്റെ ജീവിതത്തിലും വിളിയിലും പരിശുദ്ധ പിതാവിന്റെ അനുഗ്രഹവും എന്നും കരുത്തായി കൂടെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആ ആശീര്‍വാദത്തിന്റെ സുഗന്ധം ഒരു ഇളംതെന്നലായി എന്നെ പൊതിയുന്നതായി എനിക്ക് തോന്നാറുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *