ലക്്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കത്തോലിക്കസഭയുടെ കീഴിലുള്ള സെന്റ് ഡൊമിനിക് സാവിയോ കോളജിനെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോളജ് മാനേജ്‌മെന്റ്. ക്രൈസ്തവ മാനേജ്‌മെന്റിനുകീഴിലുള്ള കോളജില്‍ വിദ്യാര്‍ത്ഥികളോട് പക്ഷപാതം കാണിച്ചുവെന്നും മതപരിവര്‍ത്തനം നടത്തിയെന്നുമാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയിയലൂടെ പ്രചരിപ്പിക്കുന്നത്.
കോളജിനെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ലക്‌നൗ രൂപത വക്താവ് ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു. ലക്‌നൗ രൂപതയുടെ കീഴില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ കോളജ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് തീവ്രഹിന്ദുത്വ സംഘടനാ അംഗങ്ങള്‍ കോളജിനുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കോളജധികൃതര്‍ കുറച്ചുകുട്ടികളെ മതപരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ കാമ്പസില്‍ പിടിച്ചുനിര്‍ത്തി എന്ന വ്യാജ ആരോപണം അവര്‍ ഉന്നയിക്കുന്നു. മാത്രമല്ല, ഹൈന്ദവ വിദ്യാര്‍ത്ഥികളെ കോളജില്‍ നെറ്റിയില്‍ തിലക് ചാര്‍ത്തുന്നതിനും മറ്റും അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഈ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തത്. ജില്ലാ അധികാരികളോട് കോളജിനെതിരെ നടപടിയെടുക്കണമെന്നും തീവ്രഹിന്ദുത്വ സംഘടന ആവശ്വപ്പെട്ടു.
കോളജില്‍ 11 -ാം ക്ലാസിലെ ചില കുട്ടികളെ പിടിച്ചുനിര്‍ത്തിയത് അവര്‍ പഠനത്തിന് മോശമായതുകൊണ്ട് പ്രത്യേകം ക്ലാസുകള്‍ നല്‍കുന്നതിനുവേണ്ടിയാണെന്നും അല്ലാതെ മതപരിവര്‍ത്തനം നടത്താനല്ലെന്നും കോളജ് വ്യക്തിമാക്കി. മാത്രമല്ല, അതില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം വിദ്യാര്‍ത്ഥികളുണ്ടെന്നും പറഞ്ഞു. ഈ സംഭവത്തെയാണ് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ഥാപനത്തിനെതിരെ ആരോപിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി. മാത്രമല്ല, രൂപത എല്ലാവരെയും ഉള്‍ക്കൊള്ളുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും തുല്യതയോടെ പരിഗണിക്കുകയും ചെയ്യുന്നതില്‍ പണ്ടുമുതല പ്രതിബ്ദധമാണെന്നും ഓര്‍മ്മിപ്പിച്ചു.
അക്കാദമിക കാര്യങ്ങളെ വര്‍ഗീയവത്ക്കരിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരവും നിരുത്തരവാദിത്വപരവുമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷകരവും അടിസ്ഥാനരഹിതവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് അതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഫാ. ഡിസൂസ അഭ്യര്‍ത്ഥിച്ചു.
ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്കുനേരെ അവിടെ രേഖപ്പെടുത്തപ്പെട്ട കേസുകള്‍ 209 ആയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് കണക്കനുസരിച്ചാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനമാണ് യു.പി. അവിടുത്തെ 200 മില്യണ്‍ ജനങ്ങളില്‍ ക്രൈസ്തവര്‍ ഒരു ശതമാനം പോലുമില്ല എന്നതാണ് സത്യം.
Leave a Comment
Your email address will not be published. Required fields are marked with *