സ്വന്തം ലേഖകന്‍
തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുകയാണ്.
മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആ രംഗങ്ങള്‍ കാണുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയോ നടന്ന സംഭവമാണെന്ന തോന്നലായിരിക്കും ആദ്യം ഉണ്ടാകുക. കാരണം കേരളത്തില്‍ അത്തരം കാഴ്ചകള്‍ പതിവുള്ളതല്ല.
വിശ്വാസികള്‍ പ്രതിഷേധിച്ചില്ലേ?
ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട വണ്ണപ്പുറം പഞ്ചായത്തിലെ തൊമ്മന്‍കുത്ത് സെന്റ് തോമസ് ദൈവാലയത്തിന്റെ ഉടമസ്ഥയിലുള്ള നാരങ്ങാനത്ത് കുരിശിന്റെ വഴി നടത്തുന്നതിനായി സ്ഥാപിച്ച കുരിശാണ് വനപാലകര്‍ നിയമം കാറ്റില്‍ പറത്തിക്കൊണ്ട് തകര്‍ത്തത്. തൊമ്മന്‍കുത്ത് ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമറ്റം ഉള്‍പ്പെടെ 18 പേരെ പ്രതികളാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. കാളിയാര്‍ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചിട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ ആ പ്രദേശം വനഭൂമിയാണെന്നു ചിത്രീകരിക്കാനുള്ള റിപ്പോര്‍ട്ടുകളും തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുകയാണ്.
തൊമ്മന്‍കുത്തില്‍നിന്നും ഒന്നരകിലോമീറ്ററാണ് നാരങ്ങാനത്തേക്കുള്ള ദൂരം. ദൈവാലയത്തിന് ഒരു ഇടവകക്കാരന്‍ സംഭാവനയായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് കുരിശു നിര്‍മിച്ചത്. ഇക്കഴിഞ്ഞ നാല്പതാം വെള്ളിയാഴ്ചയാണ് കുരിശ് ആശീവദിച്ചത്. അന്നു ഇടവകയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അവിടേക്ക് കുരിശിന്റെ വഴി നടത്തുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ നോട്ടീസുപോലും നല്‍കാതെ രഹസ്യമായി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുരിശു പിഴുതുമാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വിശ്വാസികള്‍ എത്തിയപ്പോഴേക്കും കുരിശുമായി ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടിരുന്നു. വനഭൂമി കയ്യേറി കുരിശു നിര്‍മിച്ചു എന്ന വിധത്തില്‍ വ്യാപകമായ പ്രചാരണം നല്‍കാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കുരിശു പിഴുതുമാറ്റിയിട്ടും വിശ്വാസികള്‍ പ്രതിഷേധിക്കാത്തിരുന്നതു അതുകൊണ്ടാണെന്ന ധാരണ പരത്താനും കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ആരെയുമറിയിക്കാതെ രഹസ്യമായി നടത്തിയ നടപടി ആയിരുന്നതിനാലാണ് ആ സമയത്ത് പ്രതിഷേധം ഉയരാതിരുന്നത്.
വാദങ്ങള്‍ വിചിത്രം
കുരിശു പിഴുതെറിഞ്ഞ സ്ഥലത്തേക്ക് ദുഃഖവെള്ളിയാഴ്ച തൊമ്മന്‍കുത്ത് ഇടവകയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തുകയും ചെയ്തു. കുരിശിന്റെ വഴി തടയാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ബലപ്രയോഗത്തിന് അവര്‍ മുതിര്‍ന്നില്ല. കുരിശിന്റെ വഴി പ്രാര്‍ത്ഥനക്ക് കോതമംഗലം രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, രൂപതാ ചാന്‍സലര്‍ ഫാ. ജോസ് കുളത്തൂര്‍, ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമീപ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നു.
വനംവകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ജണ്ട (വനഭൂമിയെ വേര്‍തിരിക്കാനായി വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന അതിര്‍ത്തി) തന്നെയാണ് ഈ സ്ഥലം വനംഭൂമി അല്ല എന്നതിന്റെ ഏറ്റവും പ്രധാന തെളിവ്. 132 കോടി രൂപ അടങ്കല്‍ തുക വകയിരുത്തി 27 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന നെയ്യശേരി റോഡിനോടു ചേര്‍ന്ന് ജണ്ടയില്‍നിന്നും 700 മീറ്റര്‍ മാറി റോഡിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചിരുന്നത്. ജണ്ടക്കും കുരിശിനും ഇടയില്‍ പട്ടയം ഉള്ളതും പട്ടയത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ രണ്ടു സ്ഥലങ്ങളുമുണ്ട്. അവ രണ്ടും മറികടന്നാണ് ഈ സ്ഥലം വനംവകുപ്പിന്റേതാണെന്ന വിചിത്രവാദം ഉന്നയിച്ച് കുരിശ് പിഴുതു മാറ്റിയത്.
റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം
വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെടുന്ന 425-ാം നമ്പര്‍ വീടിന്റെ ഉടമസ്ഥനാണ് തന്റെ വീടിനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് സ്ഥലം ദൈവാലയത്തിന് നല്‍കിയത്. ഈ ഭാഗത്തുതന്നെ 30 ക്രൈസ്തവ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. 2016-ലാണ് ഈ സ്ഥലം ഇപ്പോഴത്തെ ഉടമസ്ഥന്‍ വാങ്ങിയത്. അതിന്റെ രേഖകളും കൈവശമുണ്ട്. കായ്ഫലമുള്ള തെങ്ങുകളും പ്ലാവും മറ്റ് കൃഷികളുമൊക്കെ ഇതിനോടുള്ള ഭൂമിയില്‍ ഉണ്ട്. കുരിശ് പിഴുതെടുത്തതില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിശ്വാസികള്‍. ഇതിന്റെ ഭാഗമായി നാരങ്ങാനത്ത് താമസിക്കുന്നവര്‍ അവരുടെ വീട്ടുമുറ്റത്ത് കുരിശുനാട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം, തടസപ്പെട്ടു കിടക്കുന്ന പട്ടയനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയം ഉള്ളതും പട്ടയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും വനംവകുപ്പ് ജണ്ടകെട്ടി തിരിച്ചതിനു പുറത്തുള്ള 4005 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയതാണ് ഒടുവില്‍ സംഭവിച്ചത്. വനഭൂമിയിലാണ് കുരിശ് നിന്നിരുന്നതെന്ന വാദം നിലനില്ക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ആ ഉദ്യോഗസ്ഥനെ രക്ഷിച്ചെടുക്കാന്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന കള്ളക്കളികളുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ട് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ജനങ്ങളറിയാതെ ഏതാനും ദിവസങ്ങള്‍ ക്കൊണ്ട് എങ്ങനെയാണ് ഈ വിധത്തിലൊരു പരിശോധന വില്ലേജ് ഓഫീസര്‍ നടത്തിയതെന്ന ചോദ്യവും ബാക്കിയാകുകയാണ്. കുരിശു തകര്‍ത്തതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടന്നിരുന്നു. നോട്ടീസുപോലും നല്‍കാതെ കുരിശു പിഴുതു മാറ്റിയതിന്റെ കാരണം ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണമാണ് നാരങ്ങാനത്ത് സംഭവിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *