കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള കമ്മീഷൻ സെക്രട്ടറിയായികൂടി പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് അരുമച്ചാടത്ത് പിതാവ് നിയമിച്ചിട്ടുണ്ട്. ബഹു. തോമസ് മേൽവെട്ടത്ത് അച്ചനായിരുന്നു ഈ ചുമതലകൂടി നിർവഹിച്ചിരുന്നത്.
ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുവരുമ്പോഴാണ് ഫാ. ആൻഡ്രൂസിന് സഭാകാര്യാലയത്തിലേക്കുള്ള നിയമനം ലഭിക്കുന്നത്. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു വിശ്വാസപരിശീലന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബഹു. ജോസഫ് കല്ലറക്കലച്ചൻ കോതമംഗലം രൂപതയിൽ വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ എന്ന ചുമതല തുടർന്നുകൊണ്ടായിരിക്കും സഭയുടെ കേന്ദ്രകാര്യാലയത്തിൽ പുതിയ ഉത്തരവാദിത്വം നിർവഹിക്കുന്നത്. വിശ്വാസപരിശീലന – ദൈവവിളി കമ്മീഷൻ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കുന്ന ബഹു. തോമസ് മേൽവെട്ടത്തച്ചൻ തലശ്ശേരി അതിരൂപത മൈനർ സെമിനാരി റെക്ടറും കത്തീഡ്രൽ വികാരിയുമായാണ് നിയമിതനായിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *