ഭോപ്പാല്‍: നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവാകുന്നു. ഏറ്റവുമൊടുവിലായി മദ്ധ്യപ്രദേശില്‍ വിനോദയാത്രയ്‌ക്കെത്തിയ ജാബുവ രൂപതയുടെ കീഴിലുള്ള ന്യൂ കാത്തലിക് മിഷന്‍ സ്‌കൂളിലെ അദ്ധ്യാപകരെയും വൈദികരെയും കന്യാസ്ത്രീമാരെയും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ കൈയേറ്റം ചെയ്ത സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊന്ത ധരിച്ചിട്ടുള്ള കന്യാസ്ത്രിമാരെയും സ്റ്റാഫിനെയും കണ്ടപ്പോള്‍ തീവ്രഹിന്ദുഗ്രൂപ്പിലെ അംഗങ്ങള്‍ അവരെ മതപരിവര്‍ത്തനമാരോപിച്ച് ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സോനു വന്‍സുനിയ വെളിപ്പെടുത്തി. അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് തീവ്രഹിന്ദുത്വ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് അവര്‍ തന്നെ പറഞ്ഞുവെന്നും തങ്ങള്‍ മതപരിവര്‍ത്തനം നടക്കുകയാണെന്നായിരുന്നു അവരുടെ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദയാത്ര കഴിഞ്ഞ പാര്‍ക്കില്‍ നിന്നും മടങ്ങി ബസില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ തീവ്രഹിന്ദുഗ്രൂപ്പിലെ അംഗങ്ങള്‍ വന്ന് അവരെ തടയുകയും അവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ അവരുടെ സ്റ്റാഫംഗങ്ങളായ ഗോത്രവര്‍ഗക്കാരെ അവര്‍ ചോദ്യം ചെയ്തു. നിര്‍ബന്ധിച്ചാണോ ക്രിസ്തമതം സ്വീകരിച്ചതെന്നായിരുന്നു അവര്‍ക്കറിയേണ്ടിയിരുന്നതെന്ന് ഫാ. സോനു സൂചിപ്പിച്ചു. വൈകാതെ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പോലീസും അക്രമികളോടൊപ്പം ചേര്‍ന്ന് അതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. പോലീസുകാരോടുകൂടി അക്രമികള്‍ അവരെ ചോദ്യം ചെയ്തശേഷം രണ്ടുമണിക്കൂറോളം കഴിഞ്ഞ് അവരെ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് തോമസ് മാത്യു കുറ്റിമാക്കല്‍ സംഭവത്തെ ശക്തമായി അപലപിച്ചു. സംസ്‌ക്കാരമുള്ള ഒരു സമൂഹത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അസ്വീകാര്യാമണെന്നും താന്‍ അതിനെ ശക്തമായി അപലപിക്കുന്നുവെനും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ ടാര്‍ഗറ്റ് ചെയ്യുന്ന ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനമെന്ന ഇവരുടെ ആരോപണം തികച്ചും അടിസ്ഥനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളാരെയും നിര്‍ബന്ധിച്ചോ, പ്രലോഭിപ്പിച്ചോ മതം മാറ്റുന്നില്ല. നമ്മള്‍ പാവപ്പെട്ടവരുടെ പ്രത്യേകിച്ചും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ക്ഷേമത്തിനും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു, ബിഷപ് സൂചിപ്പിച്ചു. മദ്ധ്യപ്രദേശിലെ 72 ദശലക്ഷം വവരുന്ന ജനസംഖ്യയുടെ 0.27 ശതമാനമാണ് ക്രൈസ്തവര്‍.
Leave a Comment
Your email address will not be published. Required fields are marked with *