മെയ് 12 മുതല്‍ 14 വരെ തിയതികളിലായി പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജര്‍ ബസിലിക്കയിലുമായി നടന്നു. ജൂബിലിയുടെ ഭാഗമായി ഇരുദൈവാലയങ്ങളിലുമായി പാത്രിയര്‍ക്കീസുമാരുടെയും കര്‍ദിനാള്‍മാരുടെയും സഭാതലവന്‍മാരുടെയും കാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പണങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൗരസ്ത്യ സുറിയാനി ക്രമത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കല്‍ദായ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കല്‍ദായ സഭയിലെയും സീറോ മലബാര്‍ സഭയിലെയും അംഗങ്ങളാണ് പങ്കെടുത്തത്. സീറോ മലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ ബലിയില്‍ സഹകാര്‍മികനായി. ജൂബിലി ഒരു ആചരണമെന്നതിനപ്പുറം പരിശുദ്ധാത്മാവിലുള്ള നവമായ ആനന്ദം കണ്ടെത്താനുള്ള അവസരം കൂടെയാണെന്ന് മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു. ഈ ദിവ്യബലിയുടെ ആഘോഷം വൈവിധ്യങ്ങളെ സ്വീകരിക്കുന്ന സാര്‍വത്രിക സത്യമായ സഭയുടെ രഹസ്യത്തിലേക്ക് പ്രവേശിക്കുവാന്‍ സഹായിക്കുമെന്ന് മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സ്വഭാവത്താലെ പ്രേഷിത സ്വഭാവം പുലര്‍ത്തുന്ന പൗരസ്ത്യ സഭകള്‍ ആ മിഷന്‍ സ്വഭാവം നഷ്ടപ്പെടുത്തരുതെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ക്ലോഡിയോ ഗുഗെറോട്ടി ദിവ്യബലിയുടെ സമാപനത്തില്‍ പറഞ്ഞു.
മെയ് 14 ന് ജൂബിലിയുടെ സമാപനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ പൗരസ്ത്യസഭംഗങ്ങള്‍ക്ക് വത്തിക്കാനിലെ വിശുദ്ധ പോള്‍ ആറാമന്‍ ഹാളില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. പാത്രിയര്‍ക്കീസുമാരും കര്‍ദിനാള്‍മാരും മെത്രാന്മാരും, വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *