Follow Us On

15

May

2025

Thursday

ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 23ന് തുടങ്ങും

ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ   ദിവ്യകാരുണ്യ കോണ്‍ഗ്രസ് 23ന് തുടങ്ങും

ന്യൂജേഴ്സി: അമേരിക്കയിലെ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 23 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദൈവാലയത്തില്‍ നടക്കും.

ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവാനുഭവങ്ങള്‍ പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍  ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഒത്തുചേരും. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും.

പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രിസിന്റെ ആകര്‍ഷണീയത. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി അലപ്പാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, പ്രമുഖ വചന പ്രഘോഷകനും മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരോടൊപ്പം പ്രശസ്ത പ്രഭാഷകരായ ഡോ. സ്‌കോട്ട് ഹാന്‍, ഡോ. ലോറന്‍സ് ഫെയിന്‍ഗോള്‍ഡ്, അലക്‌സ് ഗോട്ടേ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

1986-ല്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന മുന്‍ പ്രെസ്ബിറ്റീരിയന്‍ ശുശ്രൂഷകനാണ് ഡോ. സ്‌കോട്ട് ഹാന്‍. തിരുവെഴുത്തും കത്തോലിക്ക വിശ്വാസവും സംബന്ധിച്ച വിഷയങ്ങളില്‍ അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.

ഡോ. ലോറന്‍സ് ഫെയിന്‍ഗോള്‍ഡ് ആവേ മരിയ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രഫസറാണ്.  പ്രചോദനാത്മകവും നര്‍മ്മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെ ലോകമെമ്പാടുമുള്ള  യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയാണ് അലക്‌സ് ഗോട്ടേ.

വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം,  ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍, പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ലഭിച്ച അനേകം രോഗശാന്തി അനുഭവങ്ങള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കുവയ്ക്കപ്പെടും.

ശാലോം വേള്‍ഡ് ടെലിവിഷനുമായി ചേര്‍ന്ന് ശാലോം ടിവിയുടെ യൂട്യൂബ്  ചാനലിലും ഫെയ്‌സ് ബുക്ക് പേജിലും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. കൂടാതെ മെയ് 24 മുതല്‍ വൈകുന്നേരം 7.30 മുതല്‍ എട്ടു വരെ ശാലോം ടിവിയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ പ്രോഗ്രാമുകളും ശാലോം വേള്‍ഡിന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭിക്കുന്നതാണ്.

ശാലോം വേള്‍ഡ് ടിവി – https://shalomworld.org/

ശാലോം ടിവി യൂട്യൂബ് ചാനല്‍ – https://youtube.com/@shalomtelevision

ശാലോം ടിവി ഫെയ്‌സ് ബുക്ക് പേജ്‌ – https://www.facebook.com/shalomtelevision/

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?