തൃശൂര്‍: എഞ്ചിനീയറിംഗിനോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍സ് ഇനി ഫാ. ജോണ്‍സ് പള്ളിപ്പുറം. എഞ്ചിനീയറായി ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴായിരുന്നു 2017ല്‍ സാഗര്‍ മിഷനില്‍ ചേര്‍ന്നത്. ബിടെക്കിനുശേഷം പോളിടെക്‌നിക്കില്‍ ഗസ്റ്റ് അധ്യാപകന്‍, പിന്നീട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ അപ്രന്റീസ് തുടങ്ങിയ ജോലികള്‍ ചെയ്തതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോയത്. മികച്ച നിലയില്‍ മുമ്പോട്ടുപോകുമ്പോഴാണ് ക്രിസ്തുവിനെപ്രതി ഭൗതിക നേട്ടങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സെമിനാരിയില്‍ ചേരുന്നത്.
ജ്യേഷ്ഠന്‍ നെല്‍സനാണ് പ്ലസ്ടുവിനുശേഷം ജോണ്‍സിനെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് വഴിതിരിച്ചു വിട്ടത്. തൃശൂര്‍ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് ഇടവകയിലെ പള്ളിപ്പുറം ഡേവീസ്-ജൂലി ദമ്പതികളുടെ മകനാണ്. 1990 സെപ്റ്റംബര്‍ ആറിന് ദുബായിലാണ് ജോണ്‍സ് ജനിച്ചത്. ഗള്‍ഫില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെതുടര്ന് നാണ് പിന്നീട് കുടുംബം നാട്ടിലെത്തുകയായിരുന്നു. മൂന്ന് സഹോദരങ്ങളുണ്ട് ഫാ. ജോണ്‍സിന്. നെല്‍സണ്‍ (തിരുവനന്തപുരം ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍), മരിയ, സെബി. കുരിയച്ചിറ സെന്റ് ജോസഫ് ദൈവാലയത്തില്‍വച്ചാണ് സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്.
ഐഎസ്ആര്‍ഒയിലെ മൂന്നുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതിനുശേഷം ജോലിക്ക് കുറച്ചുനാള്‍ അവധി കൊടുത്തു. ദൈവം തന്നെ വിളിക്കുന്നുണ്ടെന്നൊരു തോന്നല്‍. ഇതിനിടയില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നാട്ടില്‍ത്തന്നെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു. അതേസമയത്ത് അവരുടെ ഇടവകയില്‍നിന്നും ഏഴംഗ സംഘം സാഗറിലേക്ക് ഒരു മിഷന്‍യാത്ര പ്ലാന്‍ ചെയ്തിരുന്നു. അതില്‍ ഒരാള്‍ക്ക് പെട്ടെന്ന് ചില സാഹചര്യങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ പകരക്കാരനായി സാഗര്‍ മിഷനിലേക്ക് യാത്ര പോകാന്‍ ജോണ്‍സ് ക്ഷണം ലഭിച്ചു.
സാഗറിലെത്തിയ ജോണ്‍സിന് അവിടുത്തെ സെമിനാരിയും വൈദികരെയും ഇഷ്ടപ്പെട്ടു. അന്ന് മാര്‍ ആന്റണി ചിറയത്തായിരുന്നു സാഗര്‍ രൂപതാധ്യക്ഷന്‍. അദ്ദേഹത്തെ പരിചയപ്പെട്ടു. തിരികെ നാട്ടിലെത്തി, ഖത്തറിലേക്ക് പോയി. ഒമ്പതുമാസമാണ് ഖത്തറില്‍ ജോലി ചെയ്തത്. ആ സമയത്താണ് സെമിനാരിയില്‍ ചേരണമെന്ന ആഗ്രഹം ശക്തമായത്.
സാഗര്‍ രൂപതാധ്യക്ഷനുമായി ബന്ധപ്പെട്ട് സെമിനാരിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചു. 2017 ജൂണില്‍ സാഗര്‍ മിഷനില്‍ ചേര്‍ന്നു. തൃശൂരിലെ എഞ്ചിനീയറിംഗ് കോളജില്‍ പഠനകാലത്ത് നല്ലൊരു സുഹൃത്‌വലയം ഉണ്ടായിരുന്നു. പൗരോഹിത്യശുശ്രൂഷയില്‍ പങ്കെടുക്കാന്‍വേണ്ടിമാത്രം ഗള്‍ഫില്‍നിന്നും ജപ്പാനില്‍നിന്നും സുഹൃത്തുക്കള്‍ എത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *